Connect with us

Ongoing News

ചാമ്പ്യന്മാരെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

Published

|

Last Updated

ബെംഗളൂരു: ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്‌സിയെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് സമനിലയില്‍ തളച്ചു. ബെംഗളുരുവായിരുന്നു കളിയില്‍ ഒരുപടി മുന്നില്‍ നിന്നതെങ്കിലും കൗണ്ടര്‍ അറ്റാക്കുകളിലൂടെ നോര്‍ത്ത് ഈസ്റ്റും തങ്ങളുടെ സാന്നിധ്യമറിയിച്ചു. ആവേശകരമായ പോരാട്ടത്തില്‍ ഇരുടീമുകളും നിരവധി ഗോളവസരങ്ങള്‍ പാഴാക്കി. മഴ തകര്‍ത്തു പെയ്തത് രണ്ടാംപകുതിയില്‍ ടീമുകളുടെ ഗോള്‍ നേടാനുള്ളനീക്കങ്ങളെ സാരമായി ബാധിച്ചു.

രണ്ടാംപകുതിയില്‍ ക്രോസ്ബാര്‍ വില്ലനായിരുന്നില്ലെങ്കില്‍ ജയം നോര്‍ത്ത് ഈസ്റ്റിനൊപ്പം നില്‍ക്കുമായിരുന്നു. കളിയുടെ ആദ്യ 20 മിനിറ്റില്‍ ബെംഗളൂരുവിന്റെ സമഗ്രാധിപത്യമാണ് കണ്ടത്. 19ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടരികില്‍ നിന്ന് ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി ഗ്രൗണ്ട് ഷോട്ട് പരീക്ഷിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്.
17ാം മിനിറ്റില്‍ ഉദാന്ത സിംഗ് ബെംഗളൂരുവിനെ മുന്നിലെത്തിക്കാനുള്ള സുവര്‍ണാവസരം തുലച്ചു. റാഫേല്‍ അഗസ്‌റ്റോയുടെ ത്രൂപാസെടുത്ത് ബോക്‌സിലേക്ക് കുതിച്ചുകയറിയ ഉദാന്ത ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഷോട്ട് പുറത്തേക്കടിച്ചു. 21ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് ആദ്യമായി ബെംഗളൂരു ഗോളി സന്ധുവിനെ പരീക്ഷിക്കുന്നത്. ബോക്‌സിന് തൊട്ടരികില്‍ നിന്ന് ഷാവേസ് തൊടുത്ത ഷോട്ട് സന്ധു തട്ടിയകറ്റി. 35ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് മറ്റൊരു മികച്ച അവസരം. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ബെംഗളൂരുവിന് പിഴച്ചപ്പോള്‍ ബോക്‌സിനുള്ളില്‍ വച്ച് ഷാവേസ് പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി.
രണ്ടാം പകുതിയിലും ഇരുടീമുകളും ഗോളിനായി ആക്രമിച്ചു കളിച്ചു.

ബെംഗളൂരുവിനായിരുന്നു കളിയില്‍ മുന്‍തൂക്കം. കൗണ്ടര്‍അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയെന്ന തന്ത്രമാണ് നോര്‍ത്ത് ഈസ്റ്റ് പരീക്ഷിച്ചത്.
ഘാന സൂപ്പര്‍ താരം അസമോവ് ഗ്യാന്‍ പലപ്പോഴും ബെംഗളൂരു ഗോള്‍മുഖത്ത് ഭീഷണിയുയര്‍ത്തി.
52ാം മിനിറ്റില്‍ ക്രോസ് ബാര്‍ ബെംഗളൂരുവിനെ ലീഡ് വഴങ്ങുന്നതില്‍ നിന്നു രക്ഷിച്ചു. രണ്ട് ബെംഗളൂരു താരങ്ങളെ ഡ്രിബ്ള്‍ ചെയ്ത് ഷാവേസ് നല്‍കിയ ക്രോസില്‍ നിന്ന് ഗ്യാനിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

Latest