Connect with us

Kerala

'സംഘടനക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കി'; ടിക്കാറാം മീണക്കെതിരെ എന്‍ എസ് എസ് നിയമ നടപടിക്ക്

Published

|

Last Updated

ചങ്ങനാശ്ശേരി: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ എന്‍ എസ് എസ് നിയമനടപടിയുമായി രംഗത്ത്. സമദൂരം വിട്ട് എന്‍ എസ ്എസ് ശരിദൂരം സ്വീകരിച്ചതാണ് പ്രശ്‌നമായതെന്ന ടിക്കാറാം മീണയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവന സംഘടനക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും അതിനാല്‍ മീണ പരസ്യമായി ക്ഷമാപണം നടത്തണമെന്നുമാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകര്‍ ആര്‍ ടി പ്രദീപ് അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു മാധ്യമങ്ങളുമായി സംസാരിക്കവെയാണ് എന്‍എസ്എസിനെക്കുറിച്ച് മീണ പരാമര്‍ശിച്ചത്. എന്‍ എസ ്എസ് വട്ടിയൂര്‍ക്കാവില്‍ പരസ്യമായി ജാതി പറഞ്ഞു വോട്ടു പിടിക്കുന്നുവെന്ന് ആരോപിച്ച് സി പി എം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെയാണ് പരാതി ലഭിച്ചാല്‍ അതു പരിശോധിക്കുമെന്നും മുന്‍കാലങ്ങളില്‍ സമദൂരം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട എന്‍ എസ് എസ് ഇക്കുറി ശരിദൂരം പ്രഖ്യാപിച്ചതാണ് പ്രശ്‌നമായതെന്നും മീണ പറഞ്ഞത്.