ദക്ഷിണാഫ്രിക്കക്ക് ഫോളോഓണ്‍; മൂന്നാം ടെസ്റ്റിലും തകര്‍ച്ച

Posted on: October 21, 2019 3:23 pm | Last updated: October 21, 2019 at 4:58 pm


റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച. ആശ്വാസ ജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് മൂന്നാം ടെസ്റ്റില്‌ ഫോളോ ഓണ്‍. ആദ്യ ഇന്നിംഗ്‌സിലെ ഇന്ത്യയുടെ 497 റണ്‍സ് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 162 റണ്‍സിന് പുറത്തായി. 335 റണ്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോഓണിനയക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സിലെ കടം തീര്‍ക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനറങ്ങിയ സന്ദര്‍ശകര്‍ക്ക് 22 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. ക്വിന്റണ്‍ ഡിക്കോക്ക് (5), സുബെയ്ര് ഹംസ (0), ഡുപ്ലെസിസ് (4), ടെംബ ബവുമ (0) എന്നിവരാണ് പുറത്തായത്.

സ്‌കോര്‍: ഒന്നാം ഇന്നിംഗ്‌സ് ഇന്ത്യ: 497/9 (ഡിക്ലയര്‍) ദക്ഷിണാഫ്രിക്ക: 162 രണ്ടാം ഇന്നിംഗ്‌സ്: ദക്ഷിണാഫ്രിക്ക 36/4 (ഫോളോഓണ്‍, 15 ഓവര്‍)

ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 162 റണ്‍സിന് പുറത്താക്കിയിരുന്നു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നു വിക്കറ്റും ഷമി, ജഡേജ, ഷഹബാസ് നദീം എന്നിവര്‍ രണ്ടു വീതം വിക്കറ്റും വീഴ്ത്തി. സുബെയ്ര് ഹംസ (62), ടെംബ ബവുമ (32), ജോര്‍ജ് ലിന്‍ഡെ (37) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട റണ്‍സ് കണ്ടെത്താനായത്.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും ഷഹബാസ് നദീമും ചേര്‍ന്നാണ് പ്രതിരോധത്തിലാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ (1) കുറ്റി തെറിപ്പിച്ചായിരുന്നു ഉമേഷ് യാദവിന്റെ തുടക്കം. പിന്നാലെ സുബെയ്ര് ഹംസയും (62), ടെംബ ബവുമയും (32) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഹംസയെ ജഡേജ മടക്കിയപ്പോള്‍ ബവുമയെ നദീം പുറത്താക്കി. പിന്നാലെ ഹെന്റിക് ക്ലാസനും (6) പുറത്തായി.

നേരത്തെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും സെഞ്ചുറി സ്വന്തമാക്കിയ അജിങ്ക്യ രഹാനെയുടെയും മികവില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 497 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രോഹിത് 212 റണ്‍സും രഹാനെ 115 റണ്‍സും നേടി.