Connect with us

Kerala

വോട്ടെടുപ്പ് മാറ്റേണ്ട സാഹചര്യമില്ല- ടിക്കറാം മീണ

Published

|

Last Updated

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത മഴ തുടരുന്നുണ്ടെങ്കിലും വോട്ടെടുപ്പ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. എറണാകുളത്ത് പോളിംഗിനെ ചെറിയ തോതില്‍ മഴ ബാധിച്ചിട്ടുണ്ട്. എന്നാല്‍ വോട്ടെടുപ്പ് മാറ്റേണ്ട സാഹചര്യമില്ലെന്നാണ് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്. വോട്ടെടുപ്പ് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ വോട്ടിംഗ് സമയം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാട്ടിംഗ് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക കേള്‍ക്കും. ഇവരുടെകൂടെ അഭിപ്രായത്തിന് അനുസരിച്ചാണ് അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് വോട്ടെടുപ്പ് തുടങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും ഏഴ് ശതമാനം പേര്‍ മാത്രമാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്. കനത്ത മഴയില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് അറിയാമെന്നും എല്ലാം നിരീക്ഷിക്കുകയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. എറണാകുളം ജില്ലയിലാണ് ഏറ്റവും കുടുതല്‍ മഴ മൂലം ആളുകള്‍ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ അതിതീവ്ര മഴയാണ് കൊച്ചിയില്‍ ലഭിക്കുന്നത്.

ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് ആലേര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളത്ത് എം ജി റോഡ്, ടി ഡി റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കലൂര്‍ സബ്‌സ്റ്റേഷനില്‍ വെള്ളം കയറിയതോടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ബൂത്തുകളില്‍ വൈദ്യുതി തടസം പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

മഴ കാരണം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളില്‍ പോളിംഗ് മന്ദഗതിയിലാണ്. അയ്യപ്പന്‍കാവിലും കടാരിബാഗിലും കനത്ത മഴയെ തുടര്‍ന്ന് പോളിംഗ് സെന്ററുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. അരൂരും കോന്നിയിലും വട്ടിയൂര്‍കാവിലും പോളിംഗ് മന്ദഗതിയിലാണ്.