കാന്തപുരം മുസ്‌ലിം നേതൃത്വത്തിന് മാതൃക: ഗവർണർ

Posted on: October 21, 2019 12:08 am | Last updated: October 21, 2019 at 12:08 am
മർകസിൽ സംഘടിപ്പിച്ച “ഇന്ററാക്റ്റീവ് ഈവെനിംഗ് വിത്ത് ദി ഗവർണർ’ പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും

കോഴിക്കോട്: വിദ്യാഭ്യാസപരവും സാമൂഹികമായി ഇന്ത്യയിലെ മുസ്‌ലിംകളെ ഉയർത്തികൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച പണ്ഡിതനാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മർകസിൽ സംഘടിപ്പിച്ച “ഇന്ററാക്റ്റീവ് ഈവെനിംഗ് വിത് ദി ഗവർണർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുർആനിക മൂല്യങ്ങളും പ്രവാചക മാതൃകകളും ശരിയായി ഉൾക്കൊള്ളുകയും വൈജ്ഞാനിക സാമൂഹിക പരിവർത്തനത്തിന് മികച്ച സംഭാവന നൽകുകയും ചെയ്യുന്ന പണ്ഡിത ശ്രേഷ്ഠനാണ് അദ്ദേഹം. കുറച്ചു ദിവസം മുമ്പേ രാജ്ഭവനിൽ നേരിട്ടു വന്നു സംസാരിച്ചപ്പോൾ തന്നെ, അദ്ദേഹം മുന്നോട്ടുവെക്കുന്ന ആഴമുള്ള കാഴ്ചപ്പാടുകൾ എന്നെ ആകർഷിച്ചു. അതിനാലാണ് മർകസ് നേരിട്ട് കാണാന് വരുന്നുവെന്ന് ശൈഖ് അബൂബക്കറിന് വാക്കു കൊടുത്തതും, ലഭ്യമായതിൽ ഏറ്റവും ആദ്യത്തെ ദിവസം തന്നെ ഇവിടെയെത്താൻ സാധിച്ചതും. ഒരേ സമയം നിയമവും, വൈദ്യശാസ്ത്രവും, എൻജിനീയറിംഗും ദൈവശാസ്ത്രവും പഠിപ്പിക്കുന്ന മർകസ്‌ ക്യാമ്പസ് ഇന്ത്യക്ക് മുഴുവൻ മാതൃകയാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇരിക്കുന്ന ഈ സദസ്സിൽ പങ്കെടുക്കാനായതിൽ വിവരണാതീതമായ സന്തോഷമുണ്ട്- ഗവർണർ പറഞ്ഞു.