SIRAJLIVE EXCLUSIVE: യുഎഇയില്‍ വന്‍ ട്രാവല്‍ ടൂറിസം തട്ടിപ്പ്; നൂറുകണക്കിന് പ്രവാസികള്‍ക്ക് ലക്ഷക്കണക്കിന് ദിര്‍ഹം നഷ്ടമായി

Posted on: October 21, 2019 1:00 am | Last updated: October 21, 2019 at 10:33 am

അബൂദബി: ട്രാവല്‍ ടൂറിസത്തിന്റെ മറവില്‍ യുഎഇ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ് നടക്കുന്നതായി വെളിപ്പെടുത്തല്‍. അറേബ്യന്‍ ടൈംസ് ട്രാവല്‍ ആന്‍ഡ് ടൂറിസം എന്ന കമ്പനി നടത്തിയ തട്ടിപ്പിനിരയായത് നൂറുക്കണക്കിന് പ്രവാസികള്‍. അഞ്ഞൂറിലധികം പേര്‍ ഈ തട്ടിപ്പിന് ഇരയായതായി വഞ്ചിക്കപ്പെട്ടവര്‍ സിറാജിനോട് പറഞ്ഞു. വ്യാജ വാഗ്ദാനങ്ങള്‍ നലകി ദശലക്ഷക്കണക്കിന് ദിര്‍ഹമാണ് കമ്പനി പലരില്‍ നിന്നായി തട്ടിയെടുത്തത്. ദിവസംതോറും കൂടുതല്‍ ഇരകള്‍ അവരുടെ അനുഭവങ്ങളുമായി മുന്നോട്ട് വരുന്നതായി അബൂദബി സാമ്പത്തിക വികസന കാര്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

വിവിധ രാജ്യങ്ങളിലേക്കുള്ള ഹോളിഡേ പാക്കേജുകള്‍, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പോകാനുള്ള ആജീവനാന്ത അംഗത്വം, അബുദാബിയിലെ ഗ്രാന്ഡ് മില്ലെനിയം ഹോട്ടലിലെ ഹെല്‍ത്ത് ക്ലബ് അംഗത്വം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചുവെന്നാണ് ഇരകള്‍ വെളിപ്പെടുത്തുന്നത്. അറേബ്യന്‍ ട്രാവല്‌സിന്റെ 35 ദിവസത്തെ ടൈംഷെയര്‍ പാക്കേജിനായി 2018 സെപ്റ്റംബറില് 7,500 ദിര്‍ഹം നല്‍കിയതായി ഐടി വിദഗ്ധനായ ഇന്ത്യന്‍ പ്രവാസി അഫ്‌സല് സിറാജിനോട് പറഞ്ഞു. സമാന സാഹചര്യങ്ങളുമായി സുഹൈല്‍, പ്രവീണ്‍, തസ്ലീമ തുടങ്ങിയവരും അനുഭവങ്ങള്‍ പങ്കുവെച്ചു.

മാളുകളും സിനിമാശാലകളും, വലിയ ബസാറുകളും കേന്ദ്രീകരിച്ചാണ് ഇവര്‍ വല വീശുന്നത്. ഇവിടെ വെച്ച് ആളുകള്‍ക്ക് വൗച്ചറുകള്‍ വിതരണം ചെയ്യുന്നതാണ് ആദ്യ പടി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ലക്കി ഡ്രോയിലൂടെ നറുക്കെടുക്കുന്ന വ്യക്തിക്ക് സൗജന്യ സ്വര്‍ണ നാണയവും മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയയിടങ്ങളിലേക്ക് സൗജന്യ യാത്രയുമാണ് വാഗ്ദാനം. എന്നാല്‍ വൗച്ചര്‍ കൈപ്പറ്റിയ എല്ലാവര്‍ക്കും ലക്കി ഡ്രോയില്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് കോള്‍ വരും. കുടുംബസമേതം ഏതെങ്കിലും ഒരു ഫൈവ്സ്റ്റാര് ഹോട്ടലില്‍ വരാന്‍ ആവശ്യപ്പെട്ടായിരിക്കും കോള്‍. ഹോട്ടലില് എത്തിയാല്‍ നേരത്തെ വാഗ്ദാനം ചെയ്ത സൗജന്യങ്ങള്‍ ലഭിക്കണമെങ്കില്‍ അവരുടെ 45 – 90 മിനിറ്റ് നീളുന്ന യോഗത്തില്‍ പങ്കെടുക്കണം.

ആ യോഗത്തില്‍ അവര്‍ ഒരു സര്‍വേ ഫോം നല്‍കും. ഗ്രാന്‍ഡ് ഹയാത്ത് പോലുള്ള ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുടെ ലിസ്റ്റ് അടങ്ങിയ ഒരു ബ്രോഷറും കാണിക്കും. ഹയാത്ത്, ജുമൈറ ബീച്ച് ഹോട്ടല്‍ തുടങ്ങിയവയുമായി തങ്ങള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം. തുടര്‍ന്ന് അവര്‍ ഒരു ട്രാവല്‍ പാക്കേജ് വാഗ്ദാനം ചെയ്യും. ഫൈവ് സ്റ്റാര് ഹോട്ടലുകളും ഹെല്ത്ത് ക്ലബ്ബ് സൌകര്യങ്ങലും ഉള്‍പ്പെടുന്ന 15, 25, 35 തുടങ്ങിയ ഹോളിഡേ പാക്കേജുകള്‍ സമ്മര്‍ദം ചെലുത്തി എടുപ്പിക്കുകയാണ് അടുത്ത പടി. പണമില്ലെന്ന് ഒഴിവുകഴിവു പറഞ്ഞാല്‍ ക്രെഡിറ്റ് കാര്ഡ് സൈ്വപ്പ് ചെയ്യാന്‍ ആവശ്യപ്പെടും. കരാര്‍ ഒപ്പിടുന്നതിനുമുമ്പ് കാര്‍ഡ് സൈ്വപ്പ് ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് വഞ്ചിക്കപ്പെട്ടവര്‍ പറയുന്നു.

പാക്കേജുകള്‍ക്ക് പലരില്‍ നിന്നും പല തുകയാണ് ഇവര്‍ ഈടാക്കിയിരുന്നതത്രെ. ഒരിക്കല്‍ പാക്കേജ് എടുത്താല്‍ അത് റദ്ദാക്കാന്‍ സാധിക്കില്ലെന്നും റീഫണ്ട് ചെയ്യാനാവില്ലെന്നും കരാറില്‍ ഉണ്ടാകും. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ വായിച്ചുനോക്കാന്‍ പോലും സമ്മതിക്കാതെയാണത്രെ പലരെക്കൊണ്ടും ഒപ്പിടീക്കുന്നത്. കരാര്‍ ഒപ്പുവെച്ച ശേഷം ഓഫര്‍ സംബന്ധിച്ച് അന്വേഷിച്ചാല്‍ പല ഒഴിവുകഴിവുകള്‍ പറഞ്ഞ് ഇവര്‍ തടിയൂരുമത്രെ. ഇതെല്ലാം സഹിച്ച് ഒടുവില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന ഒരു സ്ഥലത്ത് ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ തീരുമാനിച്ചാല്‍ അതും നടക്കില്ല. അവര്‍ പറയുന്ന ഹോട്ടലില്‍ മാത്രമേ താമസിക്കാന്‍ സാധിക്കുകയുള്ളൂ. തുടര്‍ന്ന് പാക്കേജ് വേണ്ടെന്ന് വെച്ച് പണം തിരികെ ചോദിക്കാന്‍ പോയപ്പോഴാണ് അങ്ങിനെ ഒരു ഓഫീസ് പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഇരകള്‍ മനസ്സിലാക്കുന്നത്.

ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടവര്‍ ഒത്തുകൂടി തുടര്‍ നടപടികള്‍ക്കുള്ള ഒരുക്കത്തിലാണ്.