Connect with us

Travelogue

ദൃശ്യഭംഗിയുടെ ശ്രാവണ ബെലഗോള

Published

|

Last Updated

ഒരു ദേശത്തിന്റെ പേര് മനസ്സിലങ്ങനെ ചില്ല് മൂടിക്കിടക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി. നേരിൽ കാണാതെ, അധികം കേൾക്കാതെ ഒരു സ്ഥലനാമം എങ്ങനെയാണ് ഹൃദയം കവർന്നതെന്ന് തിട്ടമില്ല. നളന്ദ, സോനാ ഗച്ചി, ഹലേബീഡ്, ശ്രാവണ ബെലഗോള അങ്ങനെ മനസ്സിന്റെ ചില്ലുപാളിയിൽ മഞ്ഞുപോലെ പൊടിഞ്ഞുനിൽക്കുന്ന സ്ഥലനാമങ്ങളുണ്ട്. ഒരുപക്ഷേ, ഉച്ചാരണത്തിലെ ആകർഷണീയതയാകാം. അല്ലെങ്കിൽ വായനയിലൂടെ കയറിയിറങ്ങിയ ദേശങ്ങളാകാം. ശ്രാവണ ബെലഗോളയിലേക്കുള്ള യാത്ര നിലക്കാതെ പെയ്തുകൊണ്ടിരുന്ന ആഗ്രഹത്തിന്റെ തോർച്ചയായിരുന്നു. ചൂടുപിടിച്ച് കിടന്നൊരു രാത്രിയുടെ പാതിമയക്കത്തിലായിരുന്നു വിളിയെത്തിയത്. നാളെ പുലരും മുമ്പ് വയനാടിന്റെ ചേതോഹര പ്രതലങ്ങളെ കടന്ന് മൈസൂർ ദേശം താണ്ടണം.

കൊട്ടാരങ്ങളും പൂന്തോട്ടങ്ങളും കഥ പറയുന്ന മൈസൂർ

കാറിന്റെ ചില്ലുപാളിക്കപ്പുറത്ത് ഹെഡ് ലൈറ്റിന്റെ മഞ്ഞവെളിച്ചമൊടുങ്ങിയത് ചുരം കയറുമ്പോഴാണ്. രാത്രി മഴയുടെ ഒളിപ്പോരിൽ ഇടിഞ്ഞു വീണ മണ്ണടരുകളിൽ കയറിയിറങ്ങി ചക്രമുരുണ്ടുകൊണ്ടേയിരുന്നു. കൊട്ടാരങ്ങളും, പൂന്തോട്ടങ്ങളും കഥപറയുന്ന മൈസൂരിലേക്ക്. ഉന്മാദിയെപ്പോലെ ആർത്തുപെയ്യുന്ന വെയിലിലാണ് മൈസൂരിന്റെ പകൽ കാഴ്ചകളിലേക്ക് മിഴിതുറന്നത്. ഇരമ്പിയാർക്കുന്ന ആഡംബരത്തിരക്കുകൾക്കിടയിലൂടെ ശ്രീരംഗപട്ടണം കടന്നുപോയതും ഓർമകൾ ക്ലാസ് മുറികളുടെ ഓളങ്ങളിലേക്ക് തിരയടിച്ചു. പത്താം ക്ലാസിലെ ഹിസ്റ്ററി പിരീയഡിന്റെ മണിയൊച്ച കാതുകളിൽ വന്നലച്ചു. 1792ൽ ശ്രീരംഗം പട്ടണം ഉടമ്പടിയോട് കൂടിയാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നമ്മുടെ മണ്ണിന്റെ തോതും, മനസ്സിന്റെ ഈടുമളക്കാൻ തുടങ്ങിയത്. ടിപ്പു പിന്മാറിയിടത്ത് നമ്മൾ തോറ്റു തുടങ്ങിയത് അന്ന് മുതലാണ്. അവരൊരു രാജ്യം വിഴുങ്ങുകയാണെന്ന് അറിയാതെ പോയ നാട്ടുരാജാക്കന്മാർ കമ്പനിയോട് സഖ്യം ചേർന്ന് ടിപ്പുവിന്റെ തേരോട്ടത്തിന് പ്രതിരോധം തീർത്തു. ഒടുവിൽ ശ്രീരംഗപട്ടണത്തെ പോർമുഖത്ത് തന്നെ ഈസ്റ്റ് ഇന്ത്യാക്കമ്പനിക്കാരോട് നേർക്കുനേരേറ്റുമുട്ടി രക്തസാക്ഷിയായ ടിപ്പുവിന്റെ വിപ്ലവരക്തം പുരണ്ട പവിത്ര ഭൂമിയിലൂടെ ചരിത്രത്തിന്റെ ദീർഘനിശ്വാസങ്ങളെക്കുറിച്ചോർത്ത് ഐതിഹ്യങ്ങൾ തലനീട്ടി നിൽക്കുന്ന ശ്രാവണബെലഗോളയിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ.

ശ്രീരംഗപട്ടണവും കഴിഞ്ഞു എഴുപത് കിലോമീറ്റർ സഞ്ചരിച്ചാൽ ശ്രാവണ ബെലഗോളായാണ്. പച്ചപ്പാർന്ന ഗ്രാമവഴികളുടെ നിറഹൃദയം കവർന്നൊരു തീർഥാടനം. കരിമ്പിൻ തണ്ടുകൾ കുത്തിനിറച്ച ട്രാക്ടറുകൾ ഇടതടവില്ലാതെ നിരങ്ങിനീങ്ങുന്ന ഇടുങ്ങിയ പാതകൾ, കാബേജ് പാടങ്ങൾക്ക് നടുവിൽ നാട്ടിയ നോക്കുകുത്തികോലങ്ങൾ കാലത്തിന്റെ മറുകരയിൽനിന്നെന്നോണം ഏന്തിവലിഞ്ഞു നോക്കുന്നു. കലപ്പയും, നുകവുമില്ലാതെ ചേറുപുരണ്ട കാലുകളുമായി വളഞ്ഞുകുത്തിയ മനുഷ്യർ പാടവരമ്പുകൾ താണ്ടി നടന്നകലുന്നു. അവരുടെയൊക്കെ തലയിൽ ഗാന്ധിത്തൊപ്പിയുണ്ട്. ശീതീകരിച്ച കാറിന്റെ സുഖലോലുപതയിലിരുന്ന് ഗ്രാമങ്ങളുടെ ആത്മാവ് തേടിയിറങ്ങിയ സഞ്ചാരികൾ ഞങ്ങളെ കൂടാതെ ആരൊക്കെയോ കടന്നുപോയി. ഇടക്ക് ഗൂഗിളൊരു ചെമ്മൺ പാതയുടെ കുറുക്ക് വഴിയിലേക്ക് മുമ്പേ നടന്നു. ഇരു പാർശ്വങ്ങളിലും വേലിപ്പടർപ്പുകളിൽ പൂത്ത് നിൽക്കുന്ന പൂക്കളുടെ കളിയുത്സവത്തിലേക്ക്. എതിരെ പാത നിറഞ്ഞു കടന്നു വരുന്നു ചെമ്മരിയാടിന്റെ വലിയൊരു കൂട്ടം. തൊട്ടുമുമ്പിൽ കണ്ട പറമ്പിലെ കുറ്റിച്ചെടികൾക്കിടയിൽ വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങി. എത്ര മനോഹരമായ ദൃശ്യാനുഭവം. രോമാവൃതമായ ഉടലിനെ ഭൂമിയോട് ചേർത്ത് അല്ലലില്ലാതെ നടക്കുന്ന ആട്ടിൻകൂട്ടത്തിന് മധ്യേ ഒരു വയോധികൻ. എസ് എൽ ആർ ക്യാമറയുടെ ഫ്ലാഷുകൾ തുരുതുരാ മിന്നി. അയാളുടെ തോളിലൊരു സഞ്ചിയുണ്ട്. അതിലൊരു വലിയ സിറിഞ്ചും ഒരു കുപ്പിവെള്ളവും. അറിയാവുന്ന കന്നടയിൽ എന്തിനാണീ വലിയ സിറിഞ്ചെന്ന് ചോദിച്ചത് ആൾക്ക് തിരിഞ്ഞോ ആവാം. മറുപടി ആംഗ്യമായിരുന്നു. അത് സുന്ദരപ്പ, വയസ്സ് എഴുപത് കഴിഞ്ഞു. ഗൗണ്ടറുടെ ആട്ടിൻകൂട്ടത്തെ മേക്കാൻ മാത്രം ജനിച്ചവൻ. നേരം പുലർന്നാൽ അവറ്റകളെക്കൊണ്ട് ഊര് ചുറ്റാനിറങ്ങും, അന്തിക്കറുപ്പ് പടരാൻ നേരം തിരികെ തമ്പിലേക്ക് യാത്ര തിരിക്കും. ജീവിതത്തിന്റെ വ്യർഥവ്യായാമങ്ങളെക്കുറിച്ചൊന്നും സുന്ദരപ്പക്ക് അങ്കലാപ്പില്ല. ആട്ടിൻപറ്റത്തേയും കൊണ്ട് സുന്ദരപ്പ കണ്ണിൽനിന്നും മറയുന്നത് വരെ നോക്കിനിന്നു.

പുരാതന വസതികളുടെ ഈറ്റില്ലം

മൊബൈലിന്റെ അറിയിപ്പ് മണി സ്ഥലകാല ബോധം തിരികെ നൽകിയതാകാം. ചടപടാന്ന് വീണ്ടും യാത്ര. മരത്തലപ്പുകളിൽ ഉന്മാദ നൃത്തം ചെയ്യുന്ന വെയിൽ ശിഖരങ്ങളിലൂടെ ഊർന്നിറങ്ങി ഭൂമിയെ തൊട്ട് നിൽപ്പാണ്. ചതുപ്പാർന്ന ഭൂമിയെ കുടിച്ചു വറ്റിക്കാൻ പകലിന്റെ ഞാണിന്മേൽ കളികൾ. അകലെ ഒരു മണ്ണുമാന്തിയന്ത്രത്തിന് ചുറ്റും കറുത്ത കൊറ്റികൾ വട്ടമിട്ടു പറക്കുന്നു. കാലത്തിന്റെ മദപ്പാടുകൾ പൊട്ടി മണ്ണ് ചിതറുകായാണെവിടേയും. മനുഷ്യൻ ആർത്തിപ്പണ്ടാരങ്ങളാകുന്ന കാലത്ത് കൊറ്റികൾക്കും വഴിതെറ്റിയതാകാം. വീണ്ടും വളഞ്ഞുപുളഞ്ഞ ഗ്രാമ വഴികൾ, ചാണകവരളികൾ തേച്ചുപിടിപ്പിച്ച പുറംചുമരുകളോടെ മനുഷ്യഗ്രഹങ്ങൾ. പുറത്തെ ഇത്തിരിപ്പോന്ന സ്ഥലങ്ങളിലും ജഡയിറങ്ങിയ കൂറ്റൻ മരങ്ങളിൽ കുട്ടികൾ കേറിമറിയുന്നു. ഇടക്കെപ്പോഴോ വെയിലണഞ്ഞു മഴ ചാറാൻ തുടങ്ങി. ചെന്നരായ പട്ടണം കഴിഞ്ഞാൽ ശ്രാവണ ബെലഗോളായാണ്.

ഐതിഹ്യമിഴചേർന്ന ചരിത്രം പറയുന്ന ഈ കന്നഡ ഗ്രാമം ഹാസൻ ജില്ലയിലാണ്. രണ്ട് മലകൾക്കിടയിലൊരു കൊച്ചുഗ്രാമം. വിന്ധ്യഗിരിയും, ചന്ദ്രഗിരിയും ആത്മീയലേപം പുരട്ടിയ പുറംകാഴ്ച്ചകളോടെ അണിഞ്ഞൊരുങ്ങി സഞ്ചാരികളെ മാടി വിളിക്കുന്നു. ഇങ്ങു ദൂരെ നിന്നേ കാണാം ബാഹുബലിയുടെ ഒറ്റക്കൽ പ്രതിമ. അടുക്കുംതോറും കാഴ്ചകൾക്ക് മിഴിവേറും. മഴയെക്കടന്ന് വെയിലൊരു നീളം മുമ്പേ നടക്കാൻ തുടങ്ങിയിരിക്കുന്നു. ശ്രാവണ ബെലഗോളയിലെ തെരുവ് ജൈന മതസ്ഥരുടെ പുരാതന വസതികളുടെ കൂടി കഥ പറയും നമ്മോട്. രണ്ട് കുന്നുകൾക്കുമിടയിലൊള്ളൊരു സുന്ദരമായ കുളം ഈ ചരിത്ര നഗരത്തിന് ദൃശ്യചാരുത പകരുന്നതാണ്. ശ്രാവണ ബെലഗോള എന്ന ദേശപ്പേരിന്റെ ഉറവിടവും ഈ ജലാശയമാണത്രെ. പ്രാദേശിക ഭാഷയിൽ ബെലഗോളയെന്നാൽ വെളുത്ത കുളമെന്നും ശ്രാവണ ബെലഗോളയെന്നാൽ സന്യാസിമാരുടെ വെളുത്ത ജലാശയമെന്നുമാണ് അർഥം. കർണാടകത്തിൽ ജൈന മത സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകൾ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. ദക്ഷിണ ഭാരതത്തിലെ പ്രശസ്തമായ ജൈന തീർഥാടന കേന്ദ്രമാണ് ഗോമതന്റെ നഗരമെന്നറിയപ്പെടുന്ന ശ്രാവണബെലഗോള. നഗര കവാടത്തോട് ചാരി വാഹനമൊതുക്കി പുറത്തിറങ്ങുമ്പോൾ കാലുറ കച്ചവടക്കാർ ചുറ്റുംകൂടി. വിന്ധ്യഗിരിയിലെ ബാഹുബലിയെ ദർശിക്കണമെങ്കിൽ പാദരക്ഷകൾ ധരിക്കാതെ നടന്നു കയറണം. പാതി നഗ്നരായ ജൈന സന്യാസിമാർ മന്ത്രോച്ചാരണങ്ങളുമായി കടന്നുപോയി. പരിത്യാഗത്തിന്റെ കഥപറയുന്ന വിന്ധ്യഗിരിയുടെ താഴ്‌വരയിലേക്ക് ചെരിപ്പുകളഴിച്ചിട്ട് കാലുറയും ധരിച്ച് നടന്നു. മധ്യാഹ്ന ഭോജ്യത്തിന്റെ അലയൊലികൾ ദേഹത്തോട് വിടപറയാൻ തുടങ്ങിയിരിക്കുന്നു. മലകയറിയിറങ്ങിയിട്ടാവാമിനി തീനും, കുടിയുമെല്ലാം. മനസ്സ് ശപഥം ചെയ്തു. ലൗകിക സമസ്യകളോടും, സർവൈശ്വര്യ അധികാര ചിഹ്നങ്ങളോടും സങ്കോചമില്ലാതെ യാത്ര പറഞ്ഞ ബാഹുബലിയെ ദർശിക്കാൻ മലചവിട്ടിക്കേറുന്നവർ ഇത്തിരിയെങ്കിലും പരിത്യാഗികളാകാണാമല്ലോ.

ഞങ്ങൾ വിന്ധ്യഗിരി കേറാൻ തുടങ്ങി. താഴേന്നു നോക്കിയാൽ ചുരുണ്ടുവളഞ്ഞു കിടക്കുന്ന എഴുനൂറിലധികം കല്ലിൽ കൊത്തിയ പടികൾ അറ്റം കാണാതെ അകന്നകന്നു പോകുന്നു. സ്വയം കയറാൻ സാധിക്കാത്ത ഏതോ ഒരു വയോധികനെ മനുഷ്യനാൽ വഹിക്കപ്പെടുന്ന ഡോളി സർവീസിൽ എടുത്തോണ്ട് പോകുന്നുണ്ട്. വെയിലിന്റെ ചൂടിനെ തണുപ്പിച്ച് ഇടക്കിടെ മന്ദമാരുതന്റെ സല്ലാപം. പടിക്കെട്ടുകളോട് ചേർന്ന് നിർമിച്ച ഇരുമ്പ് വേലികളിൽ താങ്ങി ഇടക്കൊന്നു കിതപ്പാറ്റി. പാതി പിന്നിട്ടപ്പോഴേക്ക് തൊണ്ട വരണ്ട് നാക്കിലെ നീര് വറ്റി. അതിനിടയിലും താഴ്്വരയിലെ കാഴ്്ചകൾ ഹൃദയം കവരും.

മലമുകളിൽനിന്ന് താഴോട്ട് നോക്കിയാൽ തെരുവും തടാകവും ചന്ദ്രഗിരിയും ചേർന്നൊരുക്കുന്ന വിഗഹവീക്ഷണം സമൃദ്ധമാണ്. ഇടക്ക് ആർക്കിയോളജി വകുപ്പിന്റെ സൂചനാഫലകങ്ങൾ, കല്ലിൽ കൊത്തിയ ലിഖിതങ്ങൾക്ക് മേലെ ചില്ലുപാളികൾ പാകിയിരിക്കുന്നു. ഗോമതേശ്വര പ്രതിമയിലേക്കുള്ള വഴിയിലാണ് ഒഡേഗൽ ബസതി. വിന്ധ്യഗിരിയിലെ ജൈനബസതികളിലേറ്റവും വിശാലമായത്. തൂണുകളാൽ താങ്ങിനിർത്തിയ ചുറ്റുമതിലുകളാൽ വലയം ചെയ്ത് നിൽപ്പാണ്. പിന്നെ കൊത്തുപണികളാൽ സമ്പന്നമായ ബ്രഹ്മദേവാ പില്ലർ, കാലാന്തരങ്ങൾക്കിടയിൽ നിർമിച്ച പൗരാണിക നിർമിതികളും, ബസതികളും താണ്ടി ഇരുട്ട് വീണുകിടക്കുന്ന ഇടനാഴിയും കടന്നാൽ ഗോമതേശ്വര ക്ഷേത്രമാണ്. ദേഹത്ത് വള്ളിപ്പടർപ്പുകൾ പടർന്നു കയറിയ അമ്പത്തിയേഴ് അടി ഉയരമുള്ള ബാഹുബലി പ്രതിമ ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമയാണ്. അപ്പുറത്തെ ചന്ദ്രഗിരിയിൽ പതിക്കുന്ന വെയിൽകണങ്ങളിലേക്ക് നോക്കി വിന്ധ്യഗിരിയുടെ പടികളിറങ്ങുമ്പോൾ ശ്രാവണബെലഗോളക്കാരൻ സുഹൃത്ത് വിനയ് താഴേന്നു കൈവീശുന്നുണ്ട്. ഹാസനിൽ എൻജിനീയറിംഗിന് പഠിക്കുന്ന സുഹൃത്തിന്റെ വീട് വിന്ധ്യഗിരിയുടെ താഴ്്വാരത്തെ ജൈന സെറ്റിൽമെന്റിൽ തന്നെയാണ്. പുരാതനമായ ആ ഗ്രഹത്തിലെ പാതിയിരുട്ട് വീണ മുറിയിലിരുന്ന് കാപ്പി കുടിക്കുമ്പോൾ ശ്രദ്ധ മുഴുവൻ അതിന്റെ ചുമരുകളിൽ പതിച്ച അലങ്കാരങ്ങളിലായിരുന്നു.

കെ എം ശാഫി
• kmshafikgm@gmail.com

---- facebook comment plugin here -----

Latest