Connect with us

Ongoing News

വന്യജീവിതങ്ങളുടെ മുറിവടയാളങ്ങൾ

Published

|

Last Updated

ആത്മക്കുരുതിയുടെ വേനൽ • കെ എസ് വിനോദ്

പ്രാദേശിക ഭൂപടങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾ നോവൽ സാഹിത്യത്തിൽ പുതുമയല്ലെങ്കിലും കുടിയേറ്റത്തിന്റെ ചരിത്ര സന്ധികളും ദേശാഭ്യന്തര പ്രശ്‌നങ്ങളും അധികാര കൈയൂക്കുകളും ആണധികാര

ബോധവും ഒരു ഗ്രാമത്തിന്റെ നിഷ്‌കളങ്ക ഭാവങ്ങൾക്ക് എത്രമേൽ പരുക്കേൽപ്പിക്കുന്നുണ്ട് എന്ന തിരിച്ചറിവ്/ബോധ്യപ്പെടൽ നോവലിലൂടെ അത്രയൊന്നും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. ഇത്തരത്തിൽ കെ എസ് വിനോദിന്റെ “ആത്മക്കുരുതിയുടെ വേനൽ” നാം കണ്ടു പരിചയിച്ച കഥാസന്ദർഭങ്ങളിൽ നിന്നും വേറിട്ട ഒരു വഴി വെട്ടുന്നു. വടക്കേ മലബാറിലെ ഒരു കാലഘട്ടത്തിലെ മുന്നേറ്റത്തിന്റെയും കുടിയേറ്റത്തിന്റെയും ചരിത്രത്തെ ഉള്ളുരുക്കുന്ന ഭാഷയുടെ ആഖ്യാനതന്ത്രിയാൽ ആവിഷ്‌കരിക്കുന്നു നോവലിസ്റ്റ്.

മലയോരങ്ങളിലെ ബന്ധ- പ്രതിബന്ധങ്ങളുടെ, പകയുടെ, ലൈംഗികതയുടെ, നിരാലംബതയുടെ, നിരാശ്രയത്വത്തിന്റെ സമ്മിത്ര ഇടങ്ങളെ, അതിന്റെ ഉയർച്ച താഴ്്ചകളെ പച്ച മനുഷ്യരുടെ ജീവിത പ്രയാണങ്ങളോടൊപ്പം ചേർത്തുവെക്കുന്നു നോവൽ. ഒരു ദേശത്തിന്റെ പൂർവ സ്മൃതികളിലൂടെ കുടിയേറ്റത്തിന്റെ കഥ പറയുമ്പോഴും സാംസ്‌കാരിക പരിണാമത്തിന്റെയും രാഷ്ട്രീയ മുന്നേറ്റത്തിന്റെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും സൂചനകളെ കോർത്തിണക്കാനും നോവലിസ്റ്റ് മറക്കുന്നില്ല. കാലത്തോട് സംവദിക്കുന്നതാകണം എഴുത്ത് എന്നതിനാലും ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള നിരന്തര സംവാദമാണ് ചരിത്രം എന്നതിനാലും ആത്മക്കുരുതിയുടെ വേനൽ ഒരു ചരിത്രാഖ്യാനം കൂടിയാകുന്നു. കുടിയേറ്റത്തിന് മുമ്പും ശേഷവുമുള്ള ഉത്തര മലബാറിന്റെ സാമൂഹികപാഠം. എന്നാൽ, പൂർണാർഥത്തിൽ ഇതൊരു രാഷ്ട്രീയ നോവലല്ല. രാഷ്ടീയ സന്ദർഭങ്ങൾ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയും ജന്മി- കുടിയാൻ ബന്ധത്തിന്റെ തകർച്ചയും നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പിറവിയും അടിയന്തരാവസ്ഥയുടെ നാളുകളുമെല്ലാം ചില സൂചനകളിലൂടെയും സന്ദർഭങ്ങളിലൂടെയും നോവലിലൂടെ കടന്നുപോകുന്നുണ്ട്. എന്നാൽ, അവയിലേക്ക്/ അത്തരം ഇടങ്ങളിലേക്കുമാത്രം കഥയേയും കഥാപാത്രങ്ങളേയും ഉറപ്പിച്ചുനിർത്താൻ ശ്രമിക്കുന്നുമില്ല. രാഷ്ട്രീയ വിവരണങ്ങളെ അടർത്തിമാറ്റിയാലും സാമൂഹിക ഇടങ്ങളുടെ, സാംസ്‌കാരിക പരിണാമത്തിന്റെ വിശാലാകാശം നോവലിലുണ്ട്. അത് പച്ചയായ മനുഷ്യരുടെ ചരിത്ര ജീവിതത്തെ യഥാർഥമായി ആവിഷ്‌കരിക്കുന്നു. സ്ഥൂലാനുഭവങ്ങളുടെ നേർക്കാഴ്ചകളാണ് നോവൽ പ്രമേയമാക്കുന്നതെങ്കിലും മനുഷ്യാവസ്ഥകളെ സംബന്ധിക്കുന്ന സൂക്ഷ്മ വിചാരങ്ങളുടെ ശേഷിപ്പുകൾകൂടി അതിൽ അന്തർഭവിക്കുന്നുണ്ട്.

കാടും മണ്ണും മനുഷ്യനും തമ്മിലുള്ള സമ്പർക്കങ്ങളുടെയും വിയോജിപ്പുകളുടെയും വിയോഗങ്ങളുടെയും സമരസപ്പെടുന്നതും പെടാത്തതുമായ മുഹൂർത്തങ്ങളിലൂടെ തന്റെ ദേശ ഭൂപടത്തിന്റെ, വിസ്തൃതമെങ്കിലും പലതായി ചിതറിക്കിടക്കുന്ന ചരിത്ര സാക്ഷ്യങ്ങളെ വെളിപ്പെടുത്തുന്നുണ്ട് നോവലിസ്റ്റ്. മനുഷ്യൻ ആത്യന്തികമായി ആസക്തിയുടെ പെരുമരമാണെന്ന് കഥാപാത്രങ്ങളിലൂടെ പറഞ്ഞുവെക്കുന്നുണ്ട് നോവൽ.

ആയിച്ചൻ എന്ന കേന്ദ്ര കഥാപാത്രം തന്നെ ഉദാഹരണം. മനുഷ്യനും മൃഗവും ഇഴചേർന്നു കിടക്കുന്ന വന്യതയുടെ മനോനിലയാണ് ആയിച്ചനെ നയിക്കുന്നത്. മണ്ണും പെണ്ണും പെരുമയും ആസക്തിയുടെ മൃഗയ വിനോദമായി അയാളിൽ അലഞ്ഞു നടക്കുന്നുണ്ട്. പുരുഷാധികാരത്തിന്റെയും രതിയുടെയും മലിന സത്വമാണ് അയാളിലൂടെ പലപ്പോഴും പുറത്തുചാടുന്നത്. യഥാർഥത്തിൽ ആയിച്ചന്റെ കഥയാണ് ഈ നോവൽ എന്നു പറയാം. ഏതധികാരവും ആസന്ന ദുരന്തപൂരിതമാകുമെന്ന് ആയിച്ചനിലൂടെ തെളിയിക്കപ്പെടുന്നു. എല്ലാം നഷ്ടപ്പെട്ട് നിരാശ്രയത്വത്തിന്റെ പടുകുഴിയിലും പിന്നീട് പത്രോണിയുടെ തോക്കിൻമുഴക്കത്തിലുമാണ് അയാളുടെ ജീവിതം പര്യവസാനിക്കുന്നത്. ഇതിനിടയിലൂടെ ഭൂപരിഷ്‌കരണവും അടിയന്തരാവസ്ഥയും നക്‌സലൈറ്റ് പോരാട്ടങ്ങളുമെല്ലാം രാഷ്ട്രീയ മുഖങ്ങളായി നോവലിലൂടെ കടന്നുപോകുന്നുമുണ്ട്. കുടിയേറ്റക്കാരിൽ ചിലർ അധികാരികളും അവകാശികളുമായിത്തീരുന്നതിന്റെ കാഴ്ചകളും നോവൽ പ്രതിപാദനത്തിലുണ്ട്. ഒരധികാരത്തിന്റെ തകർച്ച മറ്റൊരധികാരത്തിന്റെ സ്ഥാപനത്തിലേക്കു വഴിതെളിക്കുന്ന രാഷ്ട്രീയ ചരിത്രത്തെക്കൂടി “ആത്മക്കുരുതിയുടെ വേനൽ” ഉൾക്കൊള്ളുന്നു.

നോവലിലെ സ്ത്രീകഥാപാത്രങ്ങളുടെ ജീവിതമാണ് മറ്റൊരു പ്രത്യേകത. ആണധികാരത്തിന്റെ ശീലങ്ങൾ അവർക്കു മേൽ പതിക്കുന്നുണ്ടെങ്കിലും അവയെ നിഷ്ഫലമാക്കുകയും ചെറുക്കുകയും ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങളാണ് നോവൽ പഥങ്ങളിൽ സഞ്ചരിക്കുന്നത്. കാമനകളുടെ രതിയറകളിലേക്ക് ആനയിക്കപ്പെടുമ്പോഴും ചങ്കൂറ്റത്തിന്റെ ഹരിത ജീവിതമായി പരിണമിക്കുന്നുണ്ട് അവർ. പ്രകൃതിയിൽ നിന്നും ഒട്ടും വേർതിരിച്ചെടുക്കാനാകാത്ത ശരീരവും മനസ്സും കാമനയുമുള്ള ജൈവ മനുഷ്യരാണ് നോവലിന്റെ കാതൽ. പ്രസാധനം: കൈരളി ബുക്‌സ്.

ഡോ. ബിനീഷ് പുതുപ്പണം
• puduppanam@gmail.com