Connect with us

Ongoing News

എന്തിനാണിങ്ങനെ മുഖം കൂർപ്പിച്ചിരിക്കുന്നത്?

Published

|

Last Updated

പെൻസിൽവാനിയയിലെ റൊസെറ്റോ ഗ്രാമത്തിൽ താമസിക്കുന്ന ഒരു സമൂഹം. വറുത്തതും പൊരിച്ചതുമായ മാംസാഹാരങ്ങളാണ് ഇവരുടെ മുഖ്യ ഭോജനം എന്നിട്ടും ഇവരിൽ ഹൃദ്‌രോഗത്തിന്റെയും ഹൃദയ സതംഭനത്തിന്റെയും സാധ്യത നന്നേ കുറവായിരുന്നു. അതിനാൽ ഈ ഗ്രാമത്തിലെ ജീവിതത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ധ ഡോക്ടർമാർ തീരുമാനിച്ചു. ഇവരുടെ വ്യായാമ രീതികളെക്കുറിച്ച് ആദ്യം പഠനം നടത്തി. പക്ഷേ വ്യായാമം സാധാരണ നിലയിൽ തന്നെയായിരുന്നു. ഒടുവിൽ അവരുടെ കണ്ടെത്തൽ അതുവരേയുള്ള എല്ലാ ശാസ്ത്രീനിരീക്ഷണ- ഗവേഷണ സിദ്ധാന്തങ്ങളെയും തച്ചുടക്കുന്നതായിരുന്നു. ഗ്രാമവാസികളിൽ ആരും തന്നെ പരസ്പരം വിദ്വേഷമോ പകയോ വെച്ചുപുലർത്തിയിരുന്നില്ല. എല്ലാവരും മന്ദസ്മിതത്തോടെ മാത്രമായിരുന്നു മറ്റുള്ളവരെ സമീപിച്ചിരുന്നത്. ആഘോഷങ്ങളും ആഹ്ലാദങ്ങളും ഈ ഗ്രാമത്തിന്റെ മുഖമുദ്രയായിരുന്നു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഈ ഒത്തുകൂടലുകളായിരുന്നു അവരെ രോഗത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നത്. മനസ്സറിഞ്ഞുള്ള പുഞ്ചിരികൊണ്ട് നേടിയെടുത്തതാണ് ഈ വിപ്ലവകരമായ മാറ്റം.

മനസ്സ് നിറഞ്ഞുള്ള പുഞ്ചിരി ഇസ്‌ലാമിന്റെ ഭാഗമാണ്, പുണ്യമാണ്. നിറപുഞ്ചിരി ധർമമെന്നാണ് തിരുനബിയുടെ പാഠം. നബി (സ) പറയുന്നു: “നന്മയിൽ നിന്നും ഒന്നും നീ നിസ്സാരമാക്കരുത,് അത് മന്ദസ്മിതത്തോടെ നിന്റെ സഹോദരനെ അഭിമുഖീകരിക്കലാണെങ്കിലും ശരി. ഈ ഉത്തമ പാഠം തന്റെ ജീവിതത്തിലൂടെ മാനവരാശിക്ക് പകർന്നു നൽകിയിട്ടുണ്ട് മുത്ത് നബി. ദശവർഷക്കാലം തിരുനബിക്ക് സേവനം ചെയ്ത അനസ് ബ്‌നു മാലിക് ഓർക്കുന്നു: “ഞാനും തിരുനബിയും ഒരിടവഴിയിലൂടെ യാത്ര പോകുകയാണ്. അവിടുത്തെ ചുമലിൽ നജ്‌റാൻ നിർമിത കട്ടിയുള്ള ഒരു പുതപ്പുണ്ട്, പെട്ടെന്നൊരാൾ പുറകിലൂടെ വന്ന് ആ പുതപ്പ് ശക്തിയായി വലിച്ചു. വലിയുടെ ആഘാതത്തിൽ അവിടുത്തെ ശരീരത്തിൽ പാടു വീണിരുന്നു. അയാൾ പരുക്കൻ സ്വരത്തിൽ ചോദിച്ചു: അല്ലാഹു നിങ്ങളെ ഏൽപ്പിച്ച സമ്പത്തിൽ നിന്നും അൽപ്പം എനിക്ക് വേണം. തിരു നബി ഒന്നും പ്രതികരിച്ചില്ല. മുഖത്ത് നോക്കി പുഞ്ചിരി തൂകി. കൈയിലുള്ളതിൽ നിന്നും ആവശ്യമുള്ളത് അയാൾക്ക് നൽകി. ശരീരം നന്നായി വേദനിച്ചിട്ടുപോലും അവിടുന്ന് ദേഷ്യപ്പെട്ടില്ല. എത്ര നല്ല പെരുമാറ്റമാണ് നബി തങ്ങൾ സ്വീകരിച്ചത്. ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങൾ അവിടുത്തെ ജീവിതത്തിലുടനീളമുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ കഥകൾ അനുചരർക്ക് അയവിറക്കാനുണ്ട്.” ജരീർ ബ്‌നു അബ്ദുല്ല(റ) പറയുന്നു: “ഇസ്‌ലാം സ്വീകരിച്ചതുമുതൽ പ്രവാചകനെ കാണാനാഗ്രഹിച്ചപ്പോഴെല്ലാം എനിക്കതിന് അവസരം ലഭിച്ചിട്ടുണ്ട്. അപ്പോഴെല്ലാം പുഞ്ചിരി തൂകുന്ന മുഖത്തോടെയല്ലാതെ ഞാൻ തിരു നബിയെ ദർശിച്ചിട്ടില്ല. ഇത്തരം സ്വഭാവ സംഹിതകൾ മേളിച്ചവരായിരുന്നു അവിടുന്ന്. ഖുർആൻ വിശേഷിപ്പിച്ചതു കാണാം “താങ്കൾ പരുഷ സ്വഭാവിയും കഠിനഹൃദയമുള്ളവരുമായിരുന്നെങ്കിൽ അവർ താങ്കളുടെ സവിധത്തിൽ നിന്നും ഓടിയകലുമായിരുന്നു” (ആലിംറാൻ 159). ഇതിന്റെ അർഥം അവശ്യ സമയങ്ങളിൽ തിരുനബി ദേഷ്യം പ്രകടിപ്പിച്ചിരുന്നില്ല എന്നല്ല. നബി(സ)യുടെ മുഖം വിവർണമായ ഒട്ടേറെ സംഭവങ്ങൾ വായിക്കാനാകും. ആവശ്യമില്ലാതെ മുഖം വീർപ്പിച്ചിരിക്കുന്നതും ദേഷ്യം പിടിക്കുന്നതും നബിക്കന്യമായിരുന്നു എന്ന് വിവക്ഷ.
ശാസ്ത്രീയമായി പുഞ്ചിരിയെ സമീപിച്ചാലും ഒട്ടേറെ ഗുണങ്ങൾ നമുക്ക് കാണാനാകും. മനുഷ്യനിൽ സുഖം, സന്തോഷം, ഉല്ലാസം തുടങ്ങിയവ ഉളവാക്കുന്നു. നിരന്തരം ഉപയോഗിക്കാവുന്ന ഒരു മരുന്നായാണ് മന്ദഹാസത്തെ വൈദ്യശാസ്ത്രം കണക്കാക്കുന്നത്. ശരീരത്തിന് ക്ലേശ രഹിത അവസ്ഥ പ്രദാനം ചെയ്യുന്ന രാസവസ്തുക്കളായ എൻഡോസർഫിനുകൾ പുഞ്ചിരിയിലൂടെ വർധിക്കുന്നു. മാത്രമല്ല, മാനസിക പിരിമുറക്കത്തിന് ഹേതുവാകുന്ന ഡോപ്പമിൻ പോലുള്ള ഹോർമോണുകളുടെ അളവ് കുറക്കുകയും ചെയ്യുന്നു. ആന്തരാവയവങ്ങളെ ബാധിക്കുന്ന രോഷം, അമർഷം, വൈരാഗ്യം എന്നിവയിൽ നിന്നും മുക്തി പുഞ്ചിരിയിലൂടെ സാധിക്കുന്നു. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കൂട്ടി ശ്വാസകോശ സംവിധാനത്തെ മെച്ചപ്പെടുത്താനും രക്തക്കുഴലുകളിലൂടെ രക്തമെത്തുന്ന സംവിധാനം വേഗത്തിലാക്കാനും പുഞ്ചിരി സഹായിക്കുന്നു. “പൂക്കൾക്ക് സൂര്യപ്രകാശമേൽക്കും പോലെയാണ് മനുഷ്യരാശിക്ക് ചിരി” എന്ന് പ്രസിദ്ധ ചിന്തകൻ ജോസഫ് ആഡിസൺ പറഞ്ഞത് ശ്രദ്ധേയമാണ്. മനം നിറഞ്ഞ പുഞ്ചിരിയോടെ രോഗിയെ അഭിമുഖീകരിക്കുന്ന ഡോക്ടർക്ക് തന്റെ രോഗികളുടെ രോഗം എളുപ്പത്തിൽ മാറ്റാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇങ്ങനെ നിറ പുഞ്ചിരികൊണ്ട് സാധ്യമാകുന്ന നേട്ടങ്ങൾ ക്രമപ്പെടുത്തിയാൽ ഇങ്ങനെ വായിക്കാം.

1. ആരോഗ്യവും സൗന്ദര്യവും കൂട്ടുന്നു.
2. ഭയം, ഉത്കണ്ഠ, പിരിമുറുക്കം എന്നിവ കുറക്കുന്നു.
3. രോഗങ്ങളിൽ നിന്നും അതിവേഗം മുക്തി നേടാനാകുന്നു.
4. മുറുകിയിരിക്കുന്ന മനസ്സിന് അയവ് വരുത്തുന്നു.
5. രോഗപ്രതിരോധ ശക്തി വർധിപ്പിച്ച് ആയുസ്സ് കൂട്ടുന്നു.
6. മറ്റുള്ളവരുടെ ആകർഷണം നേടാനുകുന്നു.
7. സൗഹൃദങ്ങൾ വർധിപ്പിക്കാനാകുന്നു.
8. ദുഃഖം ഉണ്ടാക്കുന്ന കോർട്ടിസോൾ ഹോർമോണുകളുടെ അളവ് കുറക്കുന്നു.
9. ശരീരത്തിന് ആശ്വാസം പകരുന്ന എൻഡോസർഫിനുകൾ വർധിക്കുന്നു.

“A Smile costs nothing but it Creats much” ( പുഞ്ചിരിക്കാൻ ചെലവേതുമില്ല, പക്ഷേ അതിന് പലതും സൃഷ്ടിക്കാനാകും) എന്ന ചൊല്ല് പ്രസക്തമാണ്. പക്ഷേ നമ്മളിൽ പലരും ഒന്നു പുഞ്ചിരിക്കാൻ പോലും തയ്യാറല്ല. എപ്പോഴും മുഖം കൂർപ്പിച്ച് അഹങ്കരിച്ചിരിക്കും. ഹൃദ്യമായി ഒന്ന് ചിരിക്കാൻ 22 പേശികൾ മാത്രം മതി, പക്ഷേ മുഖം കൂർപ്പിച്ചിരിക്കാൻ 43 പേശികൾ വേണം. അഹങ്കാരമാണ് നമുക്ക് മനസ്സറിഞ്ഞ് ചിരിക്കാൻ കഴിയാത്തതിന് കാരണം. തന്റെ കൂട്ടുകാരൻ നേടുന്ന വിജയത്തിൽ ഒന്ന് മനസ്സറിഞ്ഞ് പുഞ്ചിരിച്ച് അവനെ അഭിനന്ദിച്ചാൽ അവനിലുളവാക്കുന്ന പരിവർത്തനങ്ങളെത്രയാണ്. പകരം മുഖംകൂർപ്പിച്ചിരുന്നാലോ എന്തായിരിക്കും കൂട്ടുകാരന്റെ മാനസികാവസ്ഥ? ഇന്നുള്ള ഒട്ടുമിക്ക പ്രശ്‌നങ്ങളുടെയും കാരണം പുഞ്ചിരിയുടെ അഭാവമാണ്. ഭാര്യ- ഭർത്താക്കന്മാർക്കിടയിലും സഹോദരന്മാർക്കിടയിലും കുടുംബക്കാർക്കിടയിലും അയൽപക്കക്കാർക്കിടയിലും നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം പുഞ്ചിരിയുടെ അകൽച്ചയാണ്. ഈ പ്രശ്‌നങ്ങളകറ്റാൻ ഒരു നിറപുഞ്ചിരി കൊണ്ട് കഴിയും. അേത്രയുള്ളൂ നമുക്കിടയിലെ പ്രശ്‌നങ്ങൾ. മല പോലേയുള്ള പ്രശ്‌നങ്ങൾ മഞ്ഞുപോലെ ഉരുകിത്തീരാൻ മാത്രം ശക്തിയുള്ള ഒരു ആയുധമാണ് പുഞ്ചിരി.

മുനീഫ് സി പാലൂർ
• muneefpaloor@gmail.com

Latest