അഴിമതിക്കാർക്ക് വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടാകും: മുഖ്യമന്ത്രി

Posted on: October 20, 2019 3:49 pm | Last updated: October 20, 2019 at 11:51 pm


മട്ടന്നൂർ: അഴിമതിയെന്ന ശീലത്തിൽ നിന്ന് മാറാൻ പറ്റാത്തവർക്ക് വീട്ടിൽ കിടന്ന് ഉറങ്ങാൻ പറ്റാതെ വരുമെന്ന് മുഖ്യമന്ത്രി. അത്തരക്കാർക്ക് സർക്കാർ ഭദ്രമായി കെട്ടിയ കെട്ടിടത്തിൽ പോയി കിടക്കേണ്ട അവസ്ഥയാണ് ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂരിൽ റവന്യു ടവറിന്റെയും സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി ഇപ്പോൾ കേരളത്തിനുണ്ട്. അതിനർഥം എല്ലായിടത്തും അഴിമതി ഇല്ലാതായി എന്നല്ല; ചിലയിടങ്ങളിലുണ്ട്. ഉയർന്ന തലങ്ങളിൽ അഴിമതി തീർത്തും ഇല്ലാതായിട്ടുണ്ട്. ഭരണ നേതൃതലത്തിൽ അഴിമതിയുടെ ലാഞ്ചനയേയില്ല എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. നമ്മൾ നാടിന്റെയും നാട്ടുകാരുടെയും ചെലവിൽ കഴിയുന്നവരാണ്. അവരുടെ സേവകരാണ്. ആ ഓർമ എപ്പോഴും വേണം. യഥാർഥ യജമാനനെ ഭൃത്യരായി കാണരുത്. എന്നാൽ കുറേക്കാലമായി കട്ട പിടിച്ചു കിടക്കുന്ന ചില ദുശ്ശീലങ്ങളുണ്ടായിരുന്നു. അവയെല്ലാം നല്ലതുപോലെ മാറിയിട്ടുണ്ട്. എന്നാൽ, മാറാതെ നിൽക്കുന്ന ചിലർ ഇപ്പോഴുമുണ്ട് എന്നത് വസ്തുതയാണ്. അവരെയും പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. അതിന് നല്ല തോതിൽ ഗുണം ലഭിക്കുന്നുണ്ട്. സംസ്ഥാനത്തെ മിക്കവാറും ജീവനക്കാർ നല്ല നിലയിൽ പെരുമാറുന്നവരും ഓഫീസിൽ വരുന്നവരെ സഹായിക്കാൻ സന്നദ്ധതയുള്ളവരുമാണ്. കുറച്ചു പേരാണ് ഇതിൽനിന്ന് മാറി നിൽക്കുന്നത്.

ഓഫീസുകൾ നല്ല നിലയിൽ ആകുമ്പോൾ അവിടെനിന്ന് ലഭിക്കുന്ന സേവനങ്ങളും മെച്ചപ്പെട്ടത് ആകണം. ഓഫീസുകളിലെ പ്രവർത്തനങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഓഫീസുകളിൽ നേരിട്ട് ആളുകൾ വരികയും പ്രയാസങ്ങൾ പറയുകയും ചെയ്യുന്നതാണ് നിലവിലെ രീതി. ചില ദുശ്ശീലങ്ങൾ ഇതിന്റെ ഭാഗമായാണ് ഉണ്ടാകുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടാനുള്ള ആളുകളുടെ ധൃതി കാണുമ്പോൾ അത് ചൂഷണം ചെയ്യാൻ ചിലർ ശ്രമിക്കുന്നു. ഇതാണ് അഴിമതി വ്യാപിപ്പിച്ചത്- മുഖ്യമന്ത്രി പറഞ്ഞു.