പോരാട്ടമേ, നിന്റെ പേരല്ലോ പ്രജ്ഞാല്‍ പാട്ടീല്‍

പ്രതിസന്ധിയെന്നാൽ ഒരു അവസരം കൂടിയാണെന്ന് വിശ്വസിക്കാനാണ് പ്രജ്ഞാലിനിഷ്ടം. 2017ൽ തന്റെ രണ്ടാമത്തെ പരിശ്രമത്തിൽ പ്രജ്ഞാൽ രാജ്യത്തെ 124ാം റാങ്ക് നേടി അസൂയാവഹമായ നേട്ടത്തോടെ ഐ എ എസ് കേഡറിലെത്തി. രാജ്യത്ത് ഐ എ എസ് കേഡർ നേടുന്ന ആദ്യ കാഴ്ചാ പരിമിതയെന്ന ചരിത്രനേട്ടം അങ്ങനെ പ്രജ്ഞാലിന് സ്വന്തം. ഒരു കോച്ചിംഗ് സെന്ററിലും പോകാതെ ആദ്യ പരിശ്രമത്തിൽ 773-ാം റാങ്കിലൂടെ സിവിൽ സർവീസ് എന്ന കടമ്പ കടന്ന് പ്രജ്ഞാൽ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു.
Posted on: October 20, 2019 7:44 pm | Last updated: October 20, 2019 at 7:46 pm

പെട്ടെന്നുണ്ടായ ഒരു അസുഖത്തെത്തുടർന്ന് ആറാം വയസ്സിൽ നഷ്ടപ്പെട്ടതാണ് പ്രജ്ഞാൽ പാട്ടീലിന്റെ കണ്ണിന്റെ കാഴ്ച. താമസിയാതെ മറുകണ്ണിലെ കാഴ്ചയും നഷ്ടമായി. അന്നു വരെ കണ്ട പൂവും പൂമ്പാറ്റയും ഇനി കാണാനാകില്ലല്ലോ എന്ന ചിന്തയിൽ തളരാൻ ആ ആറു വയസ്സുകാരിക്ക് മനസ്സില്ലായിരുന്നു. ജീവിതത്തോട് തോറ്റു പിന്മാറില്ല എന്ന് അന്നെടുത്ത തീരുമാനത്തിന്റെ ഉറപ്പിലാണ് പ്രജ്ഞാൽ പാട്ടീൽ ഇന്ന് തിരുവനന്തപുരം സബ് കലക്ടറുടെ കസേരയിൽ ഇരിക്കുന്നത്. കാഴ്ചാ പരിമിതയായ രാജ്യത്തെ ആദ്യ ഐ എ എസ് ഓഫീസറാണ് പ്രജ്ഞാൽ പാട്ടീൽ.

പരിശീലനത്തിനുപോലും പോകാതെ സ്വപ്രയത്‌നത്തിലൂടെയാണ് 2017ൽ 124-ാം റാങ്കോടെ പ്രജ്ഞാൽ ഐ എ എസ് സ്വന്തമാക്കിയതെന്നറിയുമ്പോഴാണ് നേട്ടത്തിന്റെ വലിപ്പം തിരിച്ചറിയുക. ഇരുളാർന്ന ലോകത്തിൽ നിൽക്കുമ്പോഴും അകക്കണ്ണിന്റെ വെളിച്ചത്തിൽ ചുറ്റും പ്രകാശം പരത്തുകയാണ് പ്രജ്ഞാൽ പാട്ടീൽ എന്ന 31കാരി. അസാധ്യമെന്ന് ലോകം കരുതിയ കാര്യങ്ങൾ ദൃഢനിശ്ചയം കൊണ്ട് കരസ്ഥമാക്കിയാണ് ഈ ചെറുപ്പക്കാരി ലോകത്തിന് മാതൃകയാകുന്നത്.
എൽ ബി പാട്ടീൽ-ജ്യോതി ദമ്പതികളുടെ മകളായി മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് പ്രജ്ഞാൽ പാട്ടീൽ ജനിക്കുന്നത്. ആറ്് വയസ്സ്് വരെ സാധാരണ കുട്ടിയായി വളർന്ന പ്രജ്ഞാലിന് റെറ്റിനയിൽ ഉണ്ടായ അസുഖത്തെത്തുടർന്നാണ് കാഴ്ച നഷ്ടമാകുന്നത്.

ആദ്യം ഒരു കണ്ണിന്റെ കാഴ്ചയും പിന്നീട് മുഴുവൻ കാഴ്ചയും നഷ്ടമാകുകയായിരുന്നു. പഠനത്തിൽ സവിശേഷ താത്പര്യമുണ്ടായിരുന്ന കൊച്ചു പ്രജ്ഞാലിനെ അച്ഛൻ മുംബെയിലെ കാഴ്ചാപരിമിതർക്കായുള്ള കമലാ മേത്താ സ്‌കൂളിൽ ചേർത്തു. ബ്രെയിലി ലിപിയിലൂടെ പാഠങ്ങൾ പഠിച്ച് പത്താംതരം വിജയിച്ച പ്രജ്ഞാൽ ചന്ദാഭായി ഹിമ്മത്‌ലാൽ മൻഷുഖാനി കോളജിൽ നിന്ന് പ്രീഡിഗ്രിയും പാസായി. മുംബൈ സെന്റ് സേവിയേഴ്‌സ് കോളജിൽ ഡിഗ്രിക്കായി അപേക്ഷിച്ചപ്പോൾ കാഴ്ചാപരിമിതിയുള്ളതിനാൽ ഡിഗ്രിക്ക് പ്രവേശനം നൽകാനാകില്ലെന്നായിരുന്നു മറുപടി. പ്രജ്ഞാലിന്റെ പോരാട്ടം അവിടെ തുടങ്ങുകയായിരുന്നു. മുംബൈ സെന്റ് സേവിയേഴ്‌സ് കോളജ് അധികൃതരോട് പൊരുതിയാണ് പ്രജ്ഞാൽ കോളജിൽ പ്രവേശനം നേടുന്നത്.

കാഴ്ചാപരിമിതിയിൽപെട്ട പ്രജ്ഞാലിന് പ്രവേശനം നൽകാനാകില്ലെന്നു ശഠിച്ചവർക്കെതിരെ പോരാട്ടത്തിനിറങ്ങിയാണ് പ്രജ്ഞാൽ മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജിൽ രാഷ്ട്രമീമാംസയിൽ ബിരുദം കരസ്ഥമാക്കിയാണ്. പിന്നീട് ജെ എൻ യുവിൽ നിന്ന് ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം. പഠനം അവസാനിച്ചില്ല, ജെ എൻ യുവിൽ നിന്ന് ഇന്റർ നാഷനൽ റിലേഷൻസിൽ എം ഫിലും പി എച്ച് ഡിയും. ചെറുപ്പം മുതൽ ഐ എ എസ് സ്വപ്‌നവുമായി നടന്ന പ്രജ്ഞാൽ 2015ൽ എം ഫിൽ പഠനവേളയിലാണ് അതിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമിടുന്നത്. ഇതിനായി സോഫ്റ്റ് വെയറുകളേയും ആശ്രയിച്ചു. കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിയുന്ന വരികൾ വായിച്ചു കേൾപ്പിക്കുന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെയായിരുന്ന പഠനം. നിരവധി മോക്ക് ഇന്റർവ്യൂകളിൽ പങ്കെടുത്തത് ആത്മവിശ്വാസം ഉയർത്തി. ഒരു കോച്ചിംഗ് സെന്ററിലും പോകാതെ ആദ്യ പരിശ്രമത്തിൽ 773-ാം റാങ്കിലൂടെ സിവിൽ സർവീസ് എന്ന കടമ്പ കടന്ന് പ്രജ്ഞാൽ ചരിത്രത്തിന്റെ ഭാഗമായി.

പോരാട്ടത്തിന്റെ നാളുകൾ

യു പി എസ് സി റാങ്ക് കണക്കിലെടുത്ത് പ്രജ്ഞാലിന് റെയിൽവേയിലെ അക്കൗണ്ട്‌സ് സർവീസിലാണ് ജോലി നൽകിയത്. ജോലിക്കുള്ള അറിയിപ്പു നൽകി 2016 ഡിസംബറിൽ ട്രെയിനിംഗ് ആരംഭിക്കുമെന്ന അറിയിപ്പുമെത്തി. ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുത്തിരിക്കെ ജോലി നൽകാനാവില്ലെന്ന് അറിയിച്ചുകൊണ്ടുള്ള റെയിൽവേയുടെ അറിയിപ്പാണ് നവംബർ മാസം പ്രജ്ഞാലിനെ തേടിയെത്തിയത്. തോറ്റു പിൻമാറാൻ തയ്യാറാകാത്ത പ്രജ്ഞാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് പ്രഭുവിനും കത്തെഴുതി. അംഗപരിമിതർക്കായുള്ള ക്വാട്ട നിലനിൽക്കെ തന്നെ പരിഗണിക്കാത്തത് ഏത് മാനദണ്ഡത്തിലാണെന്ന് അറിയണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. 100 ശതമാനം അന്ധതയുള്ളവരെ ഇതുവരെ ജോലിക്ക് എടുത്തിട്ടില്ലെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് റെയിൽവേ പ്രജ്ഞാലിനുള്ള മറുപടി നൽകിയത്. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ പോസ്റ്റൽ ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിൽ മറ്റൊരു ജോലി നൽകിക്കൊണ്ട് പ്രശ്‌നം പരിഹരിക്കാനായിരുന്നു യു പി എസ് സിയുടെ നീക്കം. തുടർന്ന് പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിലാണ് പ്രജ്ഞാലിന് ജോലി നൽകിയത്. എന്നാൽ യു പി എസ് സി പരീക്ഷയിൽ നേടിയ മെറിറ്റിന്റെ അടിസ്ഥാനത്തിൽ തനിക്ക് ജോലി വേണമെന്ന ആവശ്യവുമായി പ്രജ്ഞാൽ മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഒടുവിൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പ്രജ്ഞാലിന് ജോലി നൽകുമെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി. മികവിന്റെ അടിസ്ഥാനത്തിൽ ജോലി ലഭ്യമായിട്ടും പിന്നോട്ട് പോകാൻ പോരാളിയായ പ്രജ്ഞാലിന്റെ മനസ്സ് അനുവദിച്ചില്ല. 2017ൽ തന്റെ രണ്ടാമത്തെ പരിശ്രമത്തിൽ പ്രജ്ഞാൽ രാജ്യത്തെ 124ാം റാങ്ക് നേടി അസൂയാവഹമായ നേട്ടത്തോടെ ഐ എ എസ് കേഡറിലെത്തി. രാജ്യത്ത് ഐ എ എസ് കേഡർ നേടുന്ന ആദ്യ കാഴ്ചാ പരിമിതയെന്ന ചരിത്രനേട്ടം അങ്ങനെ പ്രജ്ഞാലിന് സ്വന്തം. പ്രജ്ഞാലിന്റെ ആ നേട്ടം രാജ്യം ഏറ്റെടുത്തു. 2018ൽ മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമിയിൽ നിന്ന് പരിശീലനം കഴിഞ്ഞ പ്രജ്ഞാൽ എത്തിയത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്കാണ്. കഴിഞ്ഞ വർഷം മെയ് 28ന് എറണാകുളത്ത് അസി. കലക്ടറായിട്ടായിരുന്നു പരിശീലനത്തിന് തുടക്കം. ഈ മാസം 14ന് തിരുവനന്തപുരം കുടപ്പനക്കുന്നുള്ള കലക്ടറേറ്റിൽ സബ് കലക്ടറായി ചാർജെടുത്തു.

ഊഷ്മള വരവേൽപ്പ്

കാഴ്ചാപരിമിതിയുള്ള രാജ്യത്തെ ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ പ്രജ്ഞാലിന് ഊഷ്മളമായ വരവേൽപ്പാണ് കലക്്ടറ്റിൽ ഒരുക്കിയത്. മധുരം നൽകിയാണ് കലക്ടർ കെ ഗോപാലകൃഷ്ണൻ പ്രജ്ഞാലിനെ വരവേറ്റത്. അസി. കലക്ടർ അനുകുമാരി, സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രജ്ഞാൽ ചുമതലയേറ്റപ്പോൾ അത് ചരിത്രത്തിന്റെ ഏടിലെ സുവർണ അധ്യായമായി മാറുകയായിരുന്നു. ചുമതലയേറ്റ ആദ്യദിനംതന്നെ സബ് കലക്ടർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. അടിയന്തരപ്രാധാന്യമുള്ള ഫയലുകളുടെ വിവരങ്ങൾ ഉടൻ അറിയിക്കണമെന്നാവശ്യപ്പെട്ട് പ്രജ്ഞാൽ നടപടികളിലേക്ക് കടന്നു. ഡിജിറ്റൽ ഫയലുകൾ വായിച്ചു കേൾപ്പിക്കുന്ന തരത്തിലുള്ള സോഫ്റ്റ്്വെയർ ഉള്ള ലാപ്‌ടോപ്പിലൂടെയാണ് പ്രജ്ഞാൽ ഭരണ വിവരങ്ങൾ നേരിട്ടറിയുക.

ആത്മവിശ്വാസത്തിന്റെ തോളിലേറിയാണ് ഈ നേട്ടങ്ങളിലേക്ക് നടന്നു കയറിയതെന്ന് പ്രജ്ഞാൽ പറയുന്നു. കോളജ് പഠന കാലത്ത് എന്നും വീട്ടിൽ നിന്നും കോളജിലേക്കും തിരിച്ചും തനിയെയാണ് പ്രജ്ഞാൽ പോയിരുന്നത്. ബസിലും ട്രെയിനിലും കയറി പോകേണ്ടി വന്നപ്പോഴൊന്നും തനിക്ക് പ്രയാസം നേരിടേണ്ടി വന്നിരുന്നില്ലെന്ന് പ്രജ്ഞാൽ പറയുന്നു. സഹായത്തിന് ആരെങ്കിലും എപ്പോഴുമെത്തുമായിരുന്നു. പ്രതിസന്ധിയെന്നാൽ ഒരു അവസരം കൂടിയാണെന്ന് വിശ്വസിക്കാനാണ് പ്രജ്ഞാലിന് ഇഷ്ടം. മോട്ടോർ ന്യൂറോൺ അസുഖം കീഴ്‌പ്പെടുത്തിയിട്ടും ഭൗതിക ശാസ്ത്ര രംഗത്ത് എണ്ണം പറഞ്ഞ സംഭാവനകൾ നൽകിയ വിശ്രുത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് , ജാപ്പനീസ് ബുദ്ധിസ്റ്റും ഫിലോസഫറുമായ ഡെയ്‌സാകു ഇക്കേഡ എന്നിവരുടെ പുസ്തകങ്ങളാണ് പ്രജ്ഞാലിനെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത്. വിജയം ഉണ്ടാകുമ്പോൾ മാത്രമാണ് നമ്മെ ആളുകൾ തിരിച്ചറിയുന്നതെങ്കിലും വിജയത്തിന് പിന്നിലെ പരിശ്രമമാണ് യഥാർഥ പോരാളിയെ പ്രചോദിപ്പിക്കുന്നതെന്നാണ് പ്രജ്ഞാലിന്റെ വിശ്വാസ സംഹിത. നമുക്കും എന്തെങ്കിലും ചെയ്യാനാകുമെന്ന് സമീപനമാണ് ഒരാളെ വിജയത്തിലേക്ക് നയിക്കുന്നതെന്നും പ്രജ്ഞാൽ പറയുന്നു. വ്യവസായിയായ കോമൾ സിംഗ് പാട്ടീലാണ് ഭർത്താവ്. ഭർത്താവും അച്ഛനും അമ്മയും കൂടാതെ സഹോദരൻ നിഖിലും കുടുംബവും പ്രജ്ഞാലിന് പിന്തുണയുമായുണ്ട്.