Connect with us

Eduline

ബിരുദ പാഠ്യപദ്ധതിയില്‍ ജീവിത നൈപുണ്യ വിഷയങ്ങള്‍

Published

|

Last Updated

രാജ്യത്ത് ബിരുദ കോഴ്‌സുകളുടെ പാഠ്യപദ്ധതിയില്‍ ജീവിത നൈപുണ്യ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനൊരുങ്ങി യൂനിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍. യോഗ മുതല്‍ ഗൂഗിള്‍ ഉപയോഗം വരെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് യു ജി സി. എട്ട് ക്രെഡിറ്റ് പോയിന്റുകളുള്ള പ്രോഗ്രാം ഏത് സെമസ്റ്ററിലും ഉള്‍പ്പെടുത്താന്‍ പാകത്തിലാണ് തയ്യാറാക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗത്തിലെ നൈതികത, ഗൂഗിള്‍ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കാം, യോഗ, പ്രാണായാമ, ബയോഡാറ്റ തയ്യാറാക്കല്‍ എന്നിവയുള്‍പ്പെടെ ജീവന്‍ കൗശല്‍ എന്ന് പേരിട്ടിരിക്കുന്ന പാഠ്യപദ്ധതിയുടെ ഭാഗമാണ്.
വിദ്യാര്‍ഥികളില്‍ വൈകാരികവും ബൗദ്ധികവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുക, ആശയവിനിമയ കഴിവുകള്‍ വികസിപ്പിക്കുക തുടങ്ങിയവയാണ് പുതിയ പാഠ്യപദ്ധതിയിലൂടെ യു ജി സി ലക്ഷ്യമിടുന്നത്. എഴുത്തിനും ആശയ വിനിമയത്തിനും സാമൂഹിക മാധ്യമങ്ങളെ അവഗണിക്കാനാകില്ലെന്നും എന്നാല്‍ വിദ്യാര്‍ഥികള്‍ അതിന്റെ ഗുണദോഷങ്ങള്‍ അറിഞ്ഞിരിക്കണമെന്നും യു ജി സി അധികൃതര്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ ഒരു നല്ല മാധ്യമമാണെന്നതിനാല്‍ പുതിയ പാഠ്യപദ്ധതി അവരെ അതിനേക്കുറിച്ച് പഠിപ്പിക്കും. ഗൂഗിള്‍ തിരയല്‍ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ഒരു മൊഡ്യൂളും പാഠ്യപദ്ധതിയിലുണ്ട്.

നല്ല രീതിയില്‍ ബയോഡാറ്റ തയ്യാറാക്കാന്‍ പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് അറിയില്ല. ഒരു നല്ല റെസ്യൂമെ എഴുതുന്നത് എങ്ങനെയെന്ന് പ്രൊഫഷനല്‍ ജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഓരോ വിദ്യാര്‍ഥിയും അറിഞ്ഞിരിക്കേണ്ട നൈപുണ്യമാണ്. സ്‌നേഹവും സഹാനുഭൂതിയും പരിശീലിപ്പിച്ചാല്‍ പഠിതാക്കള്‍ക്ക് എന്ത് നേട്ടമുണ്ടാകും, ഇല്ലെങ്കില്‍ അവര്‍ക്ക് എന്ത് നഷ്ടപ്പെടും, ഒരു ടീം അംഗമെന്ന നിലയില്‍ ഒരാള്‍ പരിശീലിക്കേണ്ട വൈദഗ്ധ്യം എന്താണ്, ടീം ലീഡര്‍ എന്ന നിലയില്‍ അവര്‍ എത്ര വ്യത്യസ്തരായിരിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ പരിശീലനം നേടണം. ഇന്റഗ്രല്‍ ഹ്യൂമന്‍ ബീയിംഗ്, യോഗയും പ്രാണായാമവും, ഇന്റഗ്രിറ്റി എന്നിങ്ങനെ മൂന്ന് ഇലക്ടീവുകളാണ് പാഠ്യപദ്ധതിയിലുള്ളത്.

അവനവനോടും മാതാപിതാക്കളോടും സമൂഹത്തോടുള്ള ബാധ്യതയെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ആദ്യത്തെ ഇലക്ടീവ്. യോഗയും പ്രാണായാമവും തമ്മിലുള്ള വ്യത്യാസവും അവയുടെ പരസ്പര ബന്ധവും സംബന്ധിച്ചതാണ് രണ്ടാമത്തെ മൊഡ്യൂള്‍. കടമകളെയും അവകാശങ്ങളെയും സംബന്ധിച്ച കാര്യങ്ങളാണ് മൂന്നാമത്തെതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.