അബുദാബി അന്താരാഷ്ട്ര പുസ്തകമേള 2021 ജർമ്മനി വിശിഷ്ടാതിഥി

Posted on: October 20, 2019 5:34 pm | Last updated: October 20, 2019 at 5:34 pm
അബുദാബി അന്തരാഷ്ട്ര പുസ്തക മേള 2021 വിശിഷ്ടാതിഥിയായി ജർമ്മനിയെ തിരഞ്ഞെടുത്ത ധാരണ പത്രത്തിൽ ഡിസിടി അബുദാബി അണ്ടർസെക്രട്ടറിസെയ്ഫ് സഈദ് ഘോബാഷും ഫ്രാങ്ക്ഫർട്ട് പുസ്തക മേള സിഇഒ ജുർജെൻ ബൂസും ഒപ്പിടുന്നു.

അബുദാബി : അബുദാബി അന്താരാഷ്ട്ര പുസ്തകമേള 2021 വിശിഷ്ടാതിഥിയായി ജർമ്മനിയെ തിരഞ്ഞെടുത്തു. 2021 ൽ നടക്കുന്ന അബുദാബി അന്താരാഷ്ട്ര ബുക്ക് ഫെയർ 31 പതിപ്പിൽ ജർമ്മനി വിശിഷ്ടാതിഥിയായിരിക്കുമെന്ന് സാംസ്കാരിക, ടൂറിസം വകുപ്പ് ഡി സി ടി അബുദാബി വെളിപ്പെടുത്തി. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നടക്കുന്ന അന്താരഷ്ട്ര പുസ്തകമേളയിലാണ് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയുടെ വിശിഷ്ടാതിഥി ജർമ്മനിയെ തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള, നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ഫ്രാങ്ക്ഫർട്ട് പുസ്തക മേളയും ഡിസിടി അബുദാബിയും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പുവച്ചു. ധാരണാപത്രത്തിൽ ഡിസിടി അബുദാബി അണ്ടർസെക്രട്ടറിസെയ്ഫ് സഈദ്  ഘോബാഷും ഫ്രാങ്ക്ഫർട്ട് പുസ്തക മേള സിഇഒ ജുർജെൻ ബൂസും ഒപ്പിട്ടു. ജർമനി യു എ ഇ നയതന്ത്ര കാര്യാലയം രാഷ്ട്രീയ, പൊതു നയതന്ത്ര വിഭാഗം മേധാവി അബ്ദുല്ല അൽ ഹമേലി, അബുദാബി ദാർ അൽ കുതുബ് സെക്ടറിന്റെ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല മാജിദ് അൽ അലി,
ഡിസിടി അബുദാബി ദാർ അൽ കുതുബ് സെക്ടറിന്റെ എക്സിബിഷൻസ് ആന്റ് പ്രോഗ്രാംസ് ഡയറക്ടർ ഫൈസൽ അൽ ഷെയ്ക്ക്, ഫ്രാങ്ക്ഫർട്ട് പുസ്തക മേള ബിസിനസ് ഡെവലപ്മെൻറ് വൈസ് പ്രസിഡന്റ് ക്ലോഡിയ കൈസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജർമ്മനിയുടെ പങ്കാളിത്തം, പുസ്തക മേളയിൽ ഗണ്യമായ എണ്ണം സന്ദർശകരെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു, സാംസ്കാരികത പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ജർമ്മനി പുസ്തക മേളയിൽ അവതരിപ്പിക്കും. ജർമ്മനിയുടെ സംസ്കാരം, വ്യാപാരം, വ്യവസായം, ചരിത്രം, സാഹിത്യം, തത്ത്വചിന്ത, കല, സംഗീതം എന്നീ മേഖലകളിലെ കാലാതീതമായ സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നത് കൂടാതെ  വിജ്ഞാന കൈമാറ്റം സുഗമമാക്കുന്നതിലൂടെ പരസ്പര സാംസ്കാരിക സംഭാഷണം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്  ഡിസിടി അബുദാബി അണ്ടർസെക്രട്ടറി സെയ്ഫ് സഈദ് ഘോബാഷ് വ്യക്തമാക്കി.
ഞങ്ങളുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുക, നമ്മുടെ സംസ്കാരങ്ങൾ തമ്മിലുള്ള സമാനതകൾ ആഘോഷിക്കുക, അറബ് സംസ്കാരത്തോടുള്ള ജർമ്മനിയുടെ താൽപ്പര്യത്തെ വിലമതിക്കുക എന്നിവയും  ലക്ഷ്യമിടുന്നു. കൂടാതെ ജർമ്മനിയെ എ‌ ഡി‌ ഐ ബി‌എഫിന്റെ വിശിഷ്ടാതിഥിയായി തിരഞ്ഞെടുക്കാനുള്ള ഞങ്ങളുടെ തീരുമാനം വിജ്ഞാന നിർമ്മാണത്തിൽ ജർമ്മനിയുടെ നിർണായക പങ്കിനെയും നേട്ടങ്ങളുടെ പ്രചോദനാത്മക ചരിത്രത്തെയും വെല്ലുവിളികളെയും അതിജീവിക്കുന്നതിനെയും അംഗീകരിക്കുന്നതാണ് ഘോബാഷ് പറഞ്ഞു. 2020 ഏപ്രിൽ 15 മുതൽ 21 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന അബുദാബി അന്തരാഷ്ട്ര  പുസ്തക മേളയിൽ റഷ്യയാണ് വിശിഷ്ടാതിഥി.