ലബനാനിലെ പ്രക്ഷോഭം : സഊദികളോട് മടങ്ങിവരാന്‍ നിര്‍ദേശം

Posted on: October 20, 2019 4:50 pm | Last updated: October 21, 2019 at 9:58 am

റിയാദ്/ ബൈറൂത്ത്: ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം ശക്തമായ സാഹചര്യത്തില്‍ അവിടെയുള്ള മുഴുവന്‍ സഊദികളോടും മടങ്ങിവരാന്‍ സഊദി എംബസി നിര്‍ദേശം നല്‍കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പുതിയ നികുതി നിരക്കുമാണ് ജനങ്ങളെ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്.

പ്രധാന തെരുവീഥികള്‍ പ്രക്ഷോഭകര്‍ കൈയേറുകയും തലസ്ഥാനമായ ബൈറൂത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും മന്ത്രിസഭായോഗം മാറ്റിവെക്കുകയും ചെയ്തു. നിരവധി സഊദികളാണ് അവധിയാഘോഷങ്ങള്‍ ചെലവഴിക്കുന്നതിനായി കര മാര്‍ഗവും വ്യോമ മാര്‍ഗവുമായി ലബനാനിലെത്തിയിരിക്കുന്നത്. ഇവരുടെ തിരിച്ചു വരവ് ത്വരിതഗതിയിലാക്കുന്നതിന് ശനിയാഴ്ച മൂന്ന് സഊദി വിമാനങ്ങള്‍ ലബനാനിലേക്ക് അയച്ചതായി സഊദി അധികൃതര്‍ അറിയിച്ചു.

എല്ലാ പൗരന്മാരും ബൈറൂത്തിലെ സഊദി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും സഊദി ആവശ്യപ്പെട്ടു. പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ കുവൈത്ത്, ഈജിപ്ത്, ബഹ്റൈന്‍, യു എ ഇ എന്നിവയും ലബനാനിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.