Connect with us

Editorial

ബാലറ്റ് പേപ്പറിലേക്കുള്ള ഛത്തീസ്ഗഢിന്റെ മടക്കം

Published

|

Last Updated

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ നിന്നു ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോകാനുള്ള തീരുമാനത്തിലാണ് ഛത്തീസ്ഗഢിലെ ഭൂപേഷ് സിംഗ് ബാഗൽ സർക്കാർ. അടുത്ത ഡിസംബറിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ ഉപയോഗിച്ചു നടത്താനുളള നീക്കം നടന്നുവരികയാണ്. തിരഞ്ഞെടുപ്പ് നിരീക്ഷിക്കാനായി സംസ്ഥാന സർക്കാർ നേരത്തേ ഒരു സബ് കമ്മിറ്റിയെ നിയമിച്ചിരുന്നു. ഈ കമ്മിറ്റിയാണ് അടുത്ത തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന നിർദേശം മുന്നോട്ടു വെച്ചത്. മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്നതു പോലെ മേയർ സ്ഥാനത്തേക്ക് പരോക്ഷ തിരഞ്ഞെടുപ്പ് നടത്താനും കമ്മിറ്റി ശിപാർശ ചെയ്യുന്നു. സംസ്ഥാന മന്ത്രിസഭ രണ്ടിനും അംഗീകാരം നൽകിയിട്ടുണ്ട്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടക്കുന്നതായി രാജ വ്യാപകമായി പരാതി ഉയരുകയും അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാർ അധികാരത്തിലേറിയത് ജനവിധിയുടെ അടിസ്ഥാനത്തിലല്ലെന്നും വോട്ടിംഗ് യന്ത്രങ്ങളിൽ നടത്തിയ കള്ളക്കളിയുടെ സഹായത്താലാണെന്നും വിശ്വസിക്കുന്നവരാണ് രാജ്യത്തെ വോട്ടർമാരിൽ നല്ലൊരു വിഭാഗവും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ബാലറ്റ് ഉപയോഗിച്ചു ലോക്‌സഭാ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടു ക്യാമ്പയിനുമായി നിരവധി വോട്ടർമാർ രംഗത്ത് വന്നിരുന്നു. 2018 മാർച്ചിൽ നടന്ന കോൺഗ്രസ് 84-ാം പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 2018 ആഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിൽ കേന്ദ്ര ഭരണത്തിലെ പങ്കാളികളായിരുന്ന ശിവസേന അടക്കമുള്ള പതിനാറ് പാർട്ടികൾ ബാലറ്റ് പേപ്പറിനു വേണ്ടി ശക്തമായി ആവശ്യപ്പെട്ടിരുന്നതുമാണ്. ബാലറ്റ് പേപ്പർ സമ്പ്രദായം ബൂത്ത് പിടിച്ചെടുക്കൽ വീണ്ടും മടങ്ങി വരാനിടയാക്കുമെന്നു പറഞ്ഞ്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഓം പ്രകാശ് റാവത്ത് ഈ ആവശ്യം നിരസിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഛത്തീസ്ഗഢിന്റെ പുതിയനീക്കം.

വീണ്ടും ബാലറ്റ് പേപ്പർ സമ്പ്രദായം നടപ്പാക്കാൻ ചില കടമ്പകൾ കടക്കേണ്ടതുണ്ട് സംസ്ഥാന സർക്കാറിന്. ആദ്യമായി മുനിസിപ്പൽ ഇലക്ഷൻ ആക്ടിൽ ഭേദഗതി വരുത്തണം. ഇതിന് ഓർഡിനൻസ് കൊണ്ടു വരണം. ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം ലഭിക്കുകയും വേണം. അതേസമയം വോട്ടിംഗ് യന്ത്രത്തിന് വിശ്വാസ്യതക്കുറവില്ലെന്നും അതുപേക്ഷിച്ചു ബാലറ്റിലേക്ക് മടങ്ങാനാകില്ലെന്നുമുള്ള നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റേത്. സംസ്ഥാനത്തെ ബി ജെ പി നേതൃത്വവും പുതിയ നീക്കത്തോട് യോജിക്കുന്നില്ല. അവർ ഗവർണറെ കണ്ടു വോട്ടിംഗ് മെഷീനുകൾ ഉപേക്ഷിക്കാനുളള സംസ്ഥാന സർക്കാറിന്റെ നീക്കം അംഗീകരിക്കരുതെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടക്കുന്നുവെന്ന പ്രതിപക്ഷവാദത്തിന് ബലമേകുന്നതാണ് ബി ജെ പിയുടെ ഈ നിലപാട്. രാജ്യത്തെ ഭൂരിപക്ഷം പാർട്ടികളും ബാലറ്റ് പേപ്പറിനു വേണ്ടി വാദിക്കുമ്പോൾ ബി ജെ പിക്കു മാത്രം ഇക്കാര്യത്തിൽ എന്താണ് എതിർപ്പ്? വോട്ടിംഗ് യന്ത്രത്തിൽ അവർക്കു പ്രത്യേക താത്പര്യങ്ങളും അജൻഡയുമുണ്ടെന്നല്ലേ ഇത് നൽകുന്ന സൂചന?

ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രക്രിയയാണ് വോട്ടെടുപ്പ്. അത് സുതാര്യമായിരിക്കണം. വിശ്വാസ്യതയും അനിവാര്യമാണ്. താൻ ചെയ്ത വോട്ട് ഉദ്ദേശിച്ച സ്ഥാനാർഥിക്ക് തന്നെയാണ് ലഭിച്ചതെന്നു ഓരോ വോട്ടർക്കും ബോധ്യപ്പെടേണ്ടതുണ്ട്. ബാലറ്റ് പേപ്പർ സംവിധാനമാകുമ്പോൾ ചിഹ്നത്തിൽ മഷി കുത്തി, പേപ്പർ മടക്കി പെട്ടിയിൽ നിക്ഷേപിക്കുന്നത് വോട്ടർ തന്നെയായതിനാൽ മറ്റൊരാൾക്കാണോ വീണതെന്ന സംശയത്തിനു സാധ്യതയില്ല. വോട്ടിംഗ് യന്ത്രത്തിലാകുമ്പോൾ, അതിൽ തെളിയുന്ന എൽ ഇ ഡി വെളിച്ചവും ബീപ്പ് ശബ്ദവുമാണ് ഏക തെളിവ്. കൺട്രോൾ യൂനിറ്റിൽ വോട്ട് ഏത് സ്ഥാനാർഥിയുടെ നേർക്കാണ് പോകുന്നതെന്നു സംശയം ഉണർന്നാൽ വെളിച്ചം കണ്ടു വിശ്വസിക്കുക മാത്രമേ നിർവാഹമുള്ളൂ. വി വിപാറ്റൊന്നും ഈ സംശയത്തിന് പൂർണ നിവൃത്തിയാകുന്നില്ല.

ഏതെങ്കിലുമൊരു ഘട്ടത്തിൽ വോട്ടെടുപ്പിനെക്കുറിച്ചോ വോട്ടെണ്ണലിനെക്കുറിച്ചോ പരാതി ഉയർന്നാൽ ബാലറ്റ് പേപ്പർ സംവിധാനത്തിൽ അത് പരിശോധിക്കാനും സംശയം ദുരീകരിക്കാനുമാകും. വോട്ടിംഗ് യന്ത്രത്തിൽ ഔട്ട്പുട്ട്(ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം) ഇൻപുട്ടുമായി (മെഷീനിൽ പതിഞ്ഞ വോട്ട്) ഒത്തുനോക്കാനോ തിരിമറികൾ കണ്ടെത്താനോ സാധിക്കില്ല. വോട്ടെടുപ്പിൽ കള്ളക്കളി നടക്കുകയാണെങ്കിൽ പുറത്തുനിന്നുള്ള തിരിമറിയേക്കാൾ സാധ്യത ആഭ്യന്തര അട്ടിമറിക്കാണ്. സാധാരണക്കാരനു കണ്ടു ബോധ്യപ്പെടും വിധം അത് തിരിച്ചറിയാനാകില്ല. ഫോറൻസിക് പരിശോധനാ സാധ്യതകളുണ്ടെങ്കിലും വോട്ടിംഗ് അട്ടിമറിയിലൂടെ അധികാരത്തിലേറിയ ഒരു സർക്കാറും സർക്കാറിനു വിധേയപ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മീഷനും അത് കണ്ടെത്താൻ ശ്രമിക്കുകയോ, വെളിച്ചത്തു കൊണ്ടു വരികയോ ഇല്ല താനും. ഇതുകൊണ്ടാണ് വോട്ടിംഗ് യന്ത്രം പരീക്ഷിച്ച പല രാജ്യങ്ങളും പിന്നീട് അത് നിർത്തലാക്കി ബാലറ്റ് പേപ്പറിലേക്കു തന്നെ തിരിച്ചു പോയത്. വോട്ടിംഗ് യന്ത്രങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകൾക്ക് വിരുദ്ധമാണെന്നാണ് 2005ൽ ജർമനിയുടെ ഭരണഘടനാ ബഞ്ച് വിധിച്ചത്. ഒരു വിദഗ്ധന്റെയും സഹായമില്ലാതെ സാധാരണക്കാർക്ക് പരിശോധിച്ചു വിശ്വാസ്യത ഉറപ്പ് വരുത്താൻ സാധിക്കുന്നതായിരിക്കണം വോട്ടിംഗ് സംവിധാനമെന്നും കോടതി നിരീക്ഷിച്ചു. ബാലറ്റ് പേപ്പറിലേക്ക് മടങ്ങാനുള്ള ഛത്തീസ്ഗഢ് സർക്കാറിന്റെ നീക്കം ഒരു തുടക്കം മാത്രമാണെന്നും മറ്റു സംസ്ഥാനങ്ങളും ക്രമേണ ഈ വഴി നീങ്ങുമെന്നുമാണ് ജനാധിപത്യ ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Latest