Connect with us

Articles

സിറിയയിൽ മരണം വിതക്കുന്ന തുർക്കി

Published

|

Last Updated

സിറിയ ഒരിക്കൽ കൂടി സംഘർഷഭരിതമാകുകയാണ്. വലിയ മാനുഷിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. നിരവധി പേർ മരിച്ചു വീണു. പലായനത്തിന്റെ ഒരു ദുരന്തകാലത്തിന് കൂടി ഈ ജനത വിധേയമാകുകയാണ്. ആക്രമിക്കുന്ന സംഘമേ മാറുന്നുള്ളൂ. അത് ചിലപ്പോൾ അമേരിക്കയായിരിക്കും. റഷ്യയായിരിക്കും. ബ്രിട്ടനും അമേരിക്കയും ചേർന്ന സംയുക്ത സൈന്യമായിരിക്കും. ബശറുൽ അസദിന്റെ സൈന്യം സ്വന്തം ജനതക്ക് മേലാകും ചിലപ്പോൾ മരണം വിതക്കുന്നത്. പിന്നെ ഇസിൽ തീവ്രവാദികളായിരിക്കും. മറ്റു ചിലപ്പോൾ വിമതരുടെ വകയാകും മരണം. എല്ലാവരും ഉപയോഗിക്കുന്നത് അമേരിക്കയോ റഷ്യയോ നൽകുന്ന ആയുധങ്ങളാകും.

ഈ ആയുധ പ്രയോഗങ്ങളെല്ലാം അനുഭവിക്കുന്നത് സിറിയൻ ജനതയാണ്. മഹത്തായ പാരമ്പര്യമുള്ള ഈ ജനത ജീവിതം അസാധ്യമായ മണ്ണിൽ നിന്ന് എല്ലാം ഉപേക്ഷിച്ചിറങ്ങുകയാണ്. ലോകത്തിന് മുന്നിൽ അഭയത്തിനായി യാചിക്കുകയാണ്.
ഇപ്പോൾ തുർക്കിയാണ് സിറിയൻ ജനതക്ക് മേൽ ആയുധ പ്രയോഗം നടത്തുന്നത്. വടക്ക് കിഴക്കൻ സിറിയയിലെ കുർദ് കേന്ദ്രങ്ങൾക്ക് നേരെയാണ് തുർക്കി ശക്തമായ വ്യോമാക്രമണം തുടങ്ങിയിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളും യു എന്നുമൊക്കെ മുന്നറിയിപ്പ് നൽകിയിട്ടും തുർക്കി ആക്രമണത്തിന്റെ തോത് കുറച്ചിട്ടില്ല. അമേരിക്ക പതിവു പോലെ അഴകൊഴമ്പൻ സമീപനമാണ് പുലർത്തുന്നത്. ആക്രമണം തുടങ്ങിയപ്പോൾ യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞത് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് അഹങ്കാരമാണ്, അത് നന്നല്ലെന്നാണ്. എന്നാൽ കഴിഞ്ഞ ദിവസം ട്രംപ് നിലപാട് മാറ്റി. “തുർക്കിക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അത് അവർ നിർവഹിക്കട്ടെ”.

യു എസ് പ്രസിഡന്റ് രണ്ടാമത് എടുത്തതാണ് അമേരിക്കയുടെ പൊതു സമീപനം. അതിർത്തി കടന്നുള്ള ആക്രമണങ്ങളെ പിന്തുണക്കുന്നതിൽ അമേരിക്ക ഒരു പിശുക്കും കാണിക്കാറില്ല. ഫലസ്തീനിൽ ഇസ്‌റാഈൽ നടത്തുന്ന അധിനിവേശങ്ങളെ എത്ര ക്രൂരമായാണ് യു എസ് പിന്തുണക്കുന്നത്? സിറിയയുടെ കാര്യത്തിൽ ഒരു മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രം ഒരിക്കൽ കൂടി അശാന്തമാകുന്നതിൽ ട്രംപിന് ഒരു കുണ്ഠിതവും ഉണ്ടാകാനിടയില്ലല്ലോ. മറ്റൊരു മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമാണ് ആയുധ പ്രയോഗം നടത്തുന്നത് എന്നതിനാൽ ട്രംപിന് കൂടുതൽ ആത്മ സംതൃപ്തി ലഭിക്കാനാണ് സാധ്യത. ബശറുൽ അസദിന്റെ സൈന്യമായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് കുർദ് സംഘത്തിന്റെ സംരക്ഷണത്തിന് എത്തിയതോടെ സമ്പൂർണ യുദ്ധത്തിന്റെ പിടിയിലമർന്നിരിക്കുകയാണ് തുർക്കി- സിറിയ അതിർത്തി. ഇതിൽ തുർക്കിയുടെ എതിർ ചേരിയിൽ റഷ്യ നിലയുറപ്പിക്കുന്നതോടെ അന്താരാഷ്ട്ര മാനം കൂടി ആക്രമണത്തിന് കൈവന്നിരിക്കുന്നു. എട്ട് വർഷത്തെ സംഘർഷത്തിനൊടുവിൽ സാധ്യമായ പരിമിത ശാന്തത കൂടി സിറിയയിൽ അന്യമാകുകയാണ്. അൽപ്പമൊന്ന് അടങ്ങിയ വിമത മിലീഷ്യകളും ഐ എസ് തീവ്രവാദികളുമെല്ലാം വീണ്ടും തലപൊക്കുന്നതിലേക്കായിരിക്കും കാര്യങ്ങൾ നീങ്ങുക.

2011ലാണ് സിറിയയിൽ പ്രക്ഷോഭം തുടങ്ങുന്നത്. ബശർ അൽ അസദ് ഭരണകൂടത്തെ താഴെയിറക്കുകയായിരുന്നു ലക്ഷ്യം. തൊട്ടുമുമ്പത്തെ രണ്ട് വർഷം രാജ്യം കടന്ന് പോയ കടുത്ത വരൾച്ച സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കിയിരുന്നു. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള വ്യാപക കുടിയേറ്റം നഗരപ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങൾ നിത്യസംഭവമാക്കി മാറ്റി. ഈ പ്രശ്‌നങ്ങളോട് അസദ് ഭരണകൂടം ക്രൂരമായാണ് പ്രതികരിച്ചത്. നിരവധി പേരെ അറസ്റ്റ് ചെയ്തു. പീഡിപ്പിച്ചു. സ്വാവികമായും ഇത് യുവാക്കളിൽ വലിയ അമർഷമുണ്ടാക്കി. അവർ തെരുവിലിറങ്ങി. ആ ഘട്ടത്തിൽ അത് നിരായുധമായ പ്രക്ഷോഭം തന്നെയായിരുന്നു. ഈ ഇത്തിരി ദിനങ്ങളെ മുൻ നിർത്തിയാണ് മുല്ലപ്പൂ വിപ്ലവത്തിന്റെ ലേബലൊട്ടിക്കുന്നത്. ബശർ അൽ അസദിന്റെ പിതാവ് ഹാഫിസ് അൽ അസദ് തന്റെ ഭരണകാലത്ത് ഹമയിൽ ഉയർന്നുവന്ന ഇത്തരം പ്രക്ഷോഭത്തെ കൂട്ടക്കൊല നടത്തിയാണ് അടിച്ചമർത്തിയത്. സിറിയൻ ബ്രദർഹുഡായിരുന്നു ആ പ്രക്ഷോഭത്തിന്റെ നേതൃനിരയിൽ. ജൂനിയർ അസദും ഇതേ ക്രൗര്യം പുറത്തെടുക്കുമെന്ന് വ്യാപക പ്രചാരണമുണ്ടായി. അതോടെ അസദിന്റെ സൈന്യത്തിൽ നിന്ന് പുറത്ത് കടന്ന ചിലർ ചേർന്ന് ഫ്രീ സിറിയൻ ആർമിയുണ്ടാക്കി. ഇതിനോട് ചേർന്ന് ഏതാനും സലഫീ ഗ്രൂപ്പുകളും രംഗത്ത് വന്നു. ഈ ഘട്ടമെത്തിയപ്പോഴേക്കും പ്രക്ഷോഭം അട്ടിമറിക്കപ്പെട്ടു. അത് സായുധ ഏറ്റുമുട്ടലായി കലാശിച്ചു. അസദിന്റെ സൈന്യത്തിന് മുന്നിൽ പലതട്ടിൽ നിൽക്കുന്ന ഈ ചെറു സംഘങ്ങൾ ഒന്നുമായിരുന്നില്ല. ഒറ്റ ദിവസം കൊണ്ട് തീർക്കാവുന്ന സൈനിക ദൗത്യം. ഇവിടെയാണ് നിർണായകമായ വെട്ടിത്തിരിച്ചിൽ സംഭവിച്ചത്. അസദ് വിരുദ്ധ ഗ്രൂപ്പുകൾക്കെല്ലാം എവിടെ നിന്നൊക്കെയോ ആയുധം കിട്ടാൻ തുടങ്ങി. സൈന്യത്തെ വെല്ലുവിളിക്കാവുന്ന നിലയിലേക്ക് അവ വളർന്നു. സി ഐ എയുടെ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിമത ഗ്രൂപ്പുകളെ പരിശീലിപ്പിച്ചു. അമേരിക്ക കൃത്യമായി അസദ്‌വിരുദ്ധ ചേരിയിൽ നിലയുറപ്പിച്ചു. ചില അറബ് രാജ്യങ്ങളും ഒപ്പം കൂടി. തുർക്കിയും ആ ചേരിയിലായിരുന്നു.

അലവൈറ്റ് ശിയാ ആണ് അസദ്. രാജ്യത്തെ പത്ത് ശതമാനം മാത്രം വരുന്ന ജനസംഖ്യയുടെ പ്രതിനിധി. ഈ വസ്തുത മാത്രം മതിയായിരുന്നു ആഭ്യന്തര സംഘർഷത്തിന് വംശീയതയുടെ നിറം കൈവരാൻ. ഇറാനും ലബനാനും അസദിനെ സഹായിക്കാൻ ഇറങ്ങിയതോടെ സ്ഥിതി സങ്കീർണമായി. തങ്ങളുമായി അതിർത്തി പങ്കിടുകയും അതിർത്തിതർക്കം നിലനിൽക്കുകയും ചെയ്യുന്ന സിറിയയിൽ ഇറാൻ സ്വാധീനം ചെലുത്തുന്നത് ഇസ്‌റാഈൽ നോക്കി നിൽക്കില്ലല്ലോ. അവരും ഇറങ്ങി കളത്തിൽ. ജൂതരാഷ്ട്രത്തിന്റെ സൈനിക ശക്തിയും അസദ്‌വിരുദ്ധരെയാണ് ശക്തിപ്പെടുത്തിയത്. 2014 ആകുമ്പോഴേക്കും ഇസിൽ തീവ്രവാദികൾ കൂടി സിറിയയിൽ പിടിമുറുക്കി. അമേരിക്കൻ ഇടപെടലിന് ഇത് ന്യായീകരണമായി. സംയുക്ത ഇസിൽവിരുദ്ധ നീക്കം തുടങ്ങി. ഈ പഴുതിലൂടെ റഷ്യയും രംഗപ്രവേശം ചെയ്തു. നേരത്തേ തന്നെ യു എന്നിൽ അസദിനെ സംരക്ഷിച്ച് നിർത്തുന്ന റഷ്യ പ്രത്യക്ഷത്തിൽ ഇറങ്ങുന്നത് ഈ ഘട്ടത്തിലാണ്. അമേരിക്ക- റഷ്യ നിഴൽ യുദ്ധമായി സിറിയൻ ആഭ്യന്തര സംഘർഷം മാറുകയായിരുന്നു. ഇസിലിനെ നേരിടാനെന്ന പേരിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ പറന്നത് വിമത ഗ്രൂപ്പുകൾക്ക് വേണ്ടിയായിരുന്നു. ഇസിലിന് നേരെ ഉന്നം വെച്ച റഷ്യൻ ബോംബുകൾ ചെന്ന് പതിച്ചത് വിമത ക്യാമ്പുകളിലുമായിരുന്നു. സിറിയ നിരവധി താത്പര്യങ്ങളുടെ സംഘട്ടന ഭൂമിയായി മാറിയെന്ന് ചുരുക്കം.
ഓപറേഷൻ പീസ് സ്പ്രിംഗ് എന്ന് പേരിട്ട സൈനിക നടപടി തുർക്കി തുടങ്ങുന്നത് 2018 ഒടുവിൽ സിറിയയിൽ നിന്ന് അമേരിക്ക പിൻവാങ്ങിയതോടെയാണ്. ട്രംപ് ഭരണകൂടം അപ്രതീക്ഷിതമായാണ് പിൻമാറ്റ തീരുമാനം കൈക്കൊണ്ടത്. വിദേശരാജ്യങ്ങളിൽ സൈനിക ദൗത്യം കുറയ്ക്കണമെന്ന പുതിയ നയത്തിന്റെ ഭാഗമായിരുന്നു അത്. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന അമേരിക്ക ഇത്തരം ചെലവുകൾ നിയന്ത്രിക്കണമെന്ന കാഴ്ചപ്പാടിന്റ പുറത്താണ് മുമ്പ് കുത്തിത്തിരിപ്പു നടത്തിയ അഫ്ഗാനടക്കമുള്ള മുന്നണികൾ ഉപേക്ഷിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. സിറിയയിൽ യു എസ് തങ്ങളുടെ സൈനിക താത്പര്യങ്ങൾ ഏൽപ്പിച്ചത് കുർദ് സൈനിക ഗ്രൂപ്പുകളെയായിരുന്നു. ഇസിൽ കേന്ദ്രങ്ങൾ തകർക്കാൻ റഷ്യ ഇറങ്ങിയപ്പോൾ നോക്കി നിൽക്കാൻ യു എസിന് സാധിക്കില്ലല്ലോ. എന്നാൽ നേരിട്ടിറങ്ങാനും വയ്യ. അങ്ങനെയാണ് കുർദ് വിഭാഗത്തെ കൂടെക്കൂട്ടാൻ തീരുമാനിച്ചത്. വൈ പി ജി പെഷ്മർഗ പോലുള്ള കുർദ് സായുധ സംഘങ്ങൾക്ക് പണവും ആയുധങ്ങളും പരിശീലനവും വ്യാപകമായി നൽകി. അമേരിക്കയുടെ സ്വന്തം ആൾക്കാരെന്ന സംരക്ഷണ കവചവും അവർക്ക് ലഭിച്ചു. അതോടെ വടക്ക് കിഴക്കൻ സിറിയയിലെ പുതിയ അധികാര കേന്ദ്രമായി കുർദുകൾ മാറി.

മുസ്‌ലിം ഗോത്ര വിഭാഗമായ കുർദുകൾ വിവിധയിടങ്ങളിൽ സ്വന്തം രാജ്യത്തിനായി പോരാടുന്നവരാണ്. ഇറാൻ, ഇറാഖ്, തുർക്കി, സിറിയ എന്നിവിടങ്ങളിലെല്ലാം അതിർത്തികളിൽ ഇവരുണ്ട്. കുർദിസ്ഥാനു വേണ്ടി അന്താരാഷ്ട്ര സമൂഹത്തിന് മേൽ കുർദുകൾ പലപ്പോഴും സമ്മർദം ചെലുത്താറുണ്ട്. ബ്രിട്ടൻ ഇക്കാര്യത്തിൽ ചില ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും തുടർച്ചയുണ്ടായില്ല. തുർക്കി ഖിലാഫത്തിന്റെ പതനത്തോടെ കുർദുകൾ സ്വയംഭരണ പോരാട്ടം തുടങ്ങിയിരുന്നു. ഇറാഖിൽ മാത്രമാണ് ഈ വിഭാഗത്തിന്റെ അസ്തിത്വം അൽപ്പമെങ്കിലും വകവെച്ച് കൊടുക്കുന്നത്. അവിടെ കുർദ് സ്വയംഭരണ മേഖല അനുവദിച്ചു കൊടുത്തിട്ടുണ്ട്. പ്രസിഡന്റ് കുർദ് വിഭാഗത്തിൽ നിന്നായിരിക്കണമെന്ന് നിഷ്‌കർഷയുമുണ്ട്.
കുർദ് രാഷ്ട്രീയ പരീക്ഷണങ്ങളെ ഏറ്റവും കൂടുതൽ ഭീതിയോടെ കാണുന്നത് തുർക്കിയാണ്. മേഖലയിലെ സുശക്തമായ രാഷ്ട്രമെന്നന നിലയിൽ, പ്രത്യേകിച്ച് ഉർദുഗാൻ യുഗം പിറന്ന ശേഷം, തുർക്കി അതിർത്തി ഭദ്രമാക്കാനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുന്നു. ബലവത്തായ ദേശരാഷ്ട്രത്തിന്റെ സവിശേഷതകൾ എങ്ങനെയാണ് ഒരു രാജ്യത്തെ അതിജാഗരൂകമാക്കുന്നത് എന്നതിന്റെ ഉദാഹരണമായി തുർക്കി മാറിയിരിക്കുകയാണ്. 1984 മുതൽ തുർക്കിയിൽ പ്രക്ഷോഭം നടത്തുന്ന കുർദ് വർക്കേഴ്‌സ് പാർട്ടിയെ തുർക്കി നേരത്തേ തന്നെ നിരോധിച്ചതാണ്. ഈ സംഘടനക്ക് സിറിയയിലെ കുർദ് ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധമുണ്ടെന്ന് തുർക്കി ഭയക്കുന്നു. കുർദ് ഡെമോക്രാറ്റിക് പാർട്ടിയുടെ സൈനിക വിഭാഗമാണ് വൈ പി ജി. സ്വന്തം നിലക്ക് വൈ പി ജിയെ ഭയക്കേണ്ട കാര്യം തുർക്കിക്കുണ്ടായിരുന്നില്ല. എന്നാൽ ഐ എസ് വിരുദ്ധ ദൗത്യത്തിന്റെ പല കോണിൽ നിന്ന് സഹായം ലഭിച്ച വൈ പി ജി മുമ്പൊരിക്കലുമില്ലാത്ത ശക്തി സംഭരിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. അതുകൊണ്ടാണ് യു എസ് പിൻമാറ്റം സാധ്യമായതിന് പിറകേ തുർക്കി സിറിയൻ മേഖലയിൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
വടക്കുകിഴക്കൻ അതിർത്തിയിൽ സിറിയയിലെ 480 കിലോമീറ്റർ നീളത്തിലും 32 കിലോമീറ്റർ വീതിയിലുമുള്ള പ്രദേശത്തുനിന്ന് കുർദ് സൈനികരെ ഒഴിപ്പിച്ച് തുർക്കിയിലുള്ള ഇരുപത് ലക്ഷത്തോളം സിറിയൻ അഭയാർഥികളെ അവിടെ പുനരധിവസിപ്പിക്കാനാണ് ഉർദുഗാന്റെ ലക്ഷ്യം. തങ്ങളെ തുർക്കി സൈന്യത്തിന് വിട്ട് കൊടുത്ത് മാറിനിൽക്കുന്ന യു എസിനെ ഇപ്പോൾ കുർദുകൾ പഴിക്കുന്നുണ്ട്. കുർദുകളെ സഹായിക്കേണ്ട ബാധ്യത യു എസിനുണ്ടെന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ ഉന്നതർ ട്രംപിനെ ഉപദേശിക്കുന്നുമുണ്ട്. പക്ഷേ പരമാവധി സംഘർഷം രൂക്ഷമായിക്കൊള്ളട്ടേയെന്ന സമീപനം ട്രംപ് തുടരുകയാണ്. തുർക്കിയെ സാമ്പത്തികമായി വരിഞ്ഞു മുറുക്കാനുള്ള നീക്കം അദ്ദേഹം ശക്തമാക്കുകയും ചെയ്യുന്നു.
തുർക്കി ഇപ്പോൾ സിറിയയിൽ ഇറങ്ങിക്കളിക്കുന്നതിന്റെ ആത്യന്തിക ഫലം ഐ എസ് തലപൊക്കുമെന്നതാണ്.

സിറിയയിൽ ഇസിലിന്റെ അവസാനശക്തികേന്ദ്രവും പിടിച്ചെടുത്തെന്ന് സർക്കാർ സൈന്യം 2018 മാർച്ചിലാണ് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് യു എസ് പിൻവാങ്ങിയതും റഷ്യയും മറ്റും അവരുടെ സിറിയൻ നയം പുനരാവിഷ്‌കരിച്ചതും. എന്നാൽ പ്രഖ്യാപനത്തിനപ്പുറം വസ്തുതാപരമായിരുന്നില്ല അത്. ഇസിലിനെപ്പോലുള്ള സംഘങ്ങൾ ഒരിക്കലും ഉൻമൂലനം ചെയ്യപ്പെടുന്നില്ല. കാരണം അവരെ പടച്ചതും വളർത്തിയതും സാമ്രാജ്യത്വ ശക്തികളാണ്. ഇത്തരം ശക്തികൾക്ക് ശിഥിലീകരണ ദൗത്യത്തിന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളാണ് ഈ സംഘങ്ങൾ. അതുകൊണ്ട് ഇവ ഏത് സമയത്തും റീഗ്രൂപ്പ് ചെയ്‌തേക്കാം. സിറിയയിൽ ഐ എസിൽനിന്നും പിടിച്ചെടുത്ത മേഖലകൾ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ നിയന്ത്രണത്തിലാണ്. ഐ എസ് ഭീകരരെ താമസിപ്പിച്ചിട്ടുള്ള തടവ് കേന്ദ്രങ്ങൾ കുർദ് സൈനികരുടെ നിയന്ത്രണത്തിലുമാണ്. അതിർത്തിയിലേക്ക് ഈ ഇരു സേനകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ ഈ ഭീകരർ പുറത്തിറങ്ങും. വിമത ഗ്രൂപ്പുകളുമായി ചേർന്ന് പുതിയ ഭീഷണിയായി ഇവർ വളരുകയും ചെയ്യും. അതുകൊണ്ട് തുർക്കിയുടെ പുതിയ നീക്കത്തിന് എന്ത് ആഭ്യന്തര ന്യായീകരണങ്ങളുണ്ടെങ്കിലും അതിന്റെ അന്താരാഷ്ട്ര പ്രത്യാഘാതം ആശങ്കാ ജനകം തന്നെയായിരിക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest