Connect with us

Ongoing News

ടെസ്റ്റിലും ഡബിളടിച്ച് രോഹിത് ശര്‍മ; ഇന്ത്യ ശക്തമായ നിലയില്‍

Published

|

Last Updated

റാഞ്ചി: ഏകദിനത്തില്‍ മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റിലും ഡബിള്‍ നേടാനറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തന്റെ ആദ്യ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ 212 റണ്‍സെടുത്ത് പുറത്തായി. സ്‌കോര്‍ 199 ല്‍ നില്‍ക്കെ സിക്‌സര്‍ പറത്തിയാണ് രോഹിത് ഡബിള്‍ സെഞ്ച്വറി നേടിയത്. തൊട്ടടുത്ത പന്തും സിക്‌സര്‍ പറത്തിയ ഹിറ്റ്മാന്‍, റണ്‍സിന് വേഗം കൂട്ടാനുള്ള ശ്രമത്തിനിടെ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ബൗണ്ടറിക്കരികില്‍ റബാദക്ക് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. 255 പന്തില്‍ ആറു സിക്‌സും 28 ഫോറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്.

അജിങ്ക്യ രഹാനെ ശതകവും (115) രവീന്ദ്ര ജഡേജ അര്‍ധ ശതകവും (51) കുറിച്ചു. വൃദ്ധിമാന്‍ സാഹ 24ഉം അശ്വിന്‍ 14ഉം റണ്‍സ് നേടി. വാലറ്റക്കാരനായെത്തിയ ഉമേഷ് യാദവ് ടി ട്വന്റിക്ക് സമാനമായ വെടിക്കെട്ട് പ്രകടനം നടത്തി. പത്ത് പന്ത് നേരിട്ട ഉമേഷ് അഞ്ച് സിക്‌സറുകള്‍ പറത്തി 31 റണ്‍സാണ് അടിച്ചുകൂട്ടിയത്. മുഹമ്മദ് ഷമി 10ഉം നദീം പുറത്താകാതെ ഒരു റണ്‍സുമെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ഡീന്‍ എല്‍ഗാര്‍ അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോള്‍ ഡി കോക്ക് നാല് റണ്‍സിന് പുറത്തായി. ഷമി, ഉമേഷ് എന്നിവരാണ് വിക്കറ്റ് സ്വന്തമാക്കിയത്. പിന്നീട് വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി നിര്‍ത്തിവച്ചു.

സ്‌കോര്‍: ഇന്ത്യ ഒമ്പതു വിക്കറ്റിന് 497 ഡിക്ലയേഡ്.

രണ്ട് ഫോര്‍മാറ്റിലും ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം

ഏകദിന ക്രിക്കറ്റില്‍ ഒന്നിലധികം ഡബിള്‍ സെഞ്ച്വറി നേട്ടം കൈവരിച്ച ഏക ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ. മൂന്ന് ഡബിള്‍ സെഞ്ച്വറി തന്റെ പേരിലാക്കിയ രോഹിതിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ 177 ആയിരുന്നു. റാഞ്ചിയിലെ ഇരട്ട സെഞ്ച്വറിയോടെ ടെസ്റ്റിലും ഏകദിനത്തിലും ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി രോഹിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സെവാഗും മാത്രമാണ് രണ്ട് ഫോര്‍മാറ്റിലും ഇന്ത്യക്കായി രോഹിതിനെ കൂടാതെ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ളത്.

പരമ്പരയിലെ മൂന്നാം ജയം തേടിയാണ് ഇന്ത്യ റാഞ്ചിയില്‍ കളത്തിലിറങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 39 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. മായങ്ക് അഗര്‍വാള്‍ (10), റണ്ണൊന്നുമെടുക്കാതെ ചേതേശ്വര്‍ പൂജാര, നായകന്‍ വിരാട് കോലി (12) എന്നിവര്‍ തുടരെ പവലിയനിലേക്ക് മാര്‍ച്ച് ചെയ്തത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നീടെത്തിയ രോഹിത് ശര്‍മയും അജിങ്ക്യ രഹാനെയുമായിരുന്നു ഇന്ത്യന്‍ ബാറ്റിംഗിന് ജീവന്‍ നല്‍കിയത്.

---- facebook comment plugin here -----

Latest