ജോളിക്കെതിരെ മൊഴിയുമായി ഷാജു-സിലി ദമ്പതികളുടെ മകന്‍

Posted on: October 20, 2019 11:07 am | Last updated: October 20, 2019 at 1:12 pm


കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്കെതിരെ ഷാജു-സിലി ദമ്പതികളുടെ മകന്റെ മൊഴി. സിലിയുടെ മരണ ശേഷം തന്നെ ജോളി ശാരീരികമായി മര്‍ദിച്ചിരുന്നുവെന്നും വീട്ടില്‍ കഴിഞ്ഞത് അനാഥയെ പോലെയാണെന്നും കുട്ടി വെളിപ്പെടുത്തി.

പഠിക്കാനുള്ള സൗകര്യവും രണ്ടാനമ്മ ഇല്ലാതാക്കിയെന്നും പത്താം ക്ലാസ് വിദ്യാര്‍ഥി ജോളിക്കെതിരെ ആരോപിച്ചു. തന്റെ അമ്മയുടെ മരണത്തിനു പിന്നില്‍ ജോളി തന്നെയെന്ന് ഉറപ്പുണ്ടെന്നും ദന്താശുപത്രിയില്‍ വെച്ച് ജോളി നല്‍കിയ വെള്ളം കുടിച്ചതിനു ശേഷം അമ്മ കുഴഞ്ഞു വീഴുകയായിരുന്നെന്നും കുട്ടി അന്വേഷണ സംഘത്തോട് മൊഴി നല്‍കി.

കൂടത്തായിയിലെ ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. സിലിയുടെ മരണത്തില്‍ ജോളിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ കോടതി മൂന്നുപേരെയും 14 ദിവസത്തേക്ക് ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.  സിലിയുടെ മരണം അന്വേഷിക്കുന്നതിനിടെ മകന്റെ മൊഴി കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകും.