Connect with us

Kerala

അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണം; വോട്ടെടുപ്പ് തിങ്കളാഴ്ച

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിന് ആവേശകരമായ കലാശക്കൊട്ട്. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ഇന്നലെ വൈകിട്ടോടെയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ്. ഞായറാഴ്ച നിശ്ശബ്ദ പ്രചാരണം നടക്കും. 24നാണ് വോട്ടെണ്ണല്‍.

ഒരു വര്‍ഷത്തിനു ശേഷം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അതു കഴിഞ്ഞ് ആറു മാസത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനുള്ളതിനാല്‍ ഉപ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തിനൊത്ത പ്രചാരണ പ്രവര്‍ത്തനങ്ങളാണ് എല്ലാ രാഷ്ട്രീയ കക്ഷികളും സംഘടിപ്പിച്ചത്. മൂന്ന് മുന്നണികളുടെയും പ്രധാനപ്പെട്ട നേതാക്കള്‍ പ്രചാരണത്തിനായി മണ്ഡലങ്ങളിലെത്തി. പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ ജാതിയും സമുദായവും വിഷയമായത് തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ എന്‍ എസ് എസ് യു ഡി എഫിനു വേണ്ടി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത് വലിയ വാദപ്രതിവാദങ്ങള്‍ക്കിടയാക്കി. സി പി എമ്മും ബി ജെ പിയും ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. എന്‍ എസ് എസ് നിലപാട് തങ്ങളുടെ വിജയത്തെ തടയില്ലെന്ന് സി പി എം നേതാക്കള്‍ പ്രഖ്യാപിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് എന്‍ എസ് എസ് ശരിദൂരം പ്രഖ്യാപിച്ചത്. ജാതി, സമുദായ സംഘടനകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നത് ചട്ട വിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചതും ചര്‍ച്ചയായി. ഇതിനെ സി പി എം അനുകൂലിച്ചപ്പോള്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു.

പാലാ ഉപ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ഊര്‍ജം കൈമുതലാക്കി അഞ്ച് മണ്ഡലങ്ങളിലും യുവ സാരഥികളെ നേരത്തെ പ്രഖ്യാപിച്ച് എല്‍ ഡി എഫ് പ്രചാരണത്തില്‍ മുന്‍തൂക്കം നേടിയിരുന്നു. ഇതിനെ മറികടക്കാന്‍ എം ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനമുയര്‍ത്തി മന്ത്രി കെ ടി ജലീലിനെതിരെ യു ഡി എപ് ആരോപണമുന്നയിച്ചു. പാലാരിവട്ടം പാലം അഴിമതി, പി എസ് സി നിയമന വിവാദം തുടങ്ങിയവയും പ്രചാരണത്തില്‍ സജീവ വിഷയങ്ങളായി.

അഞ്ച് മണ്ഡലങ്ങളില്‍ അരൂരൊഴികെ യു ഡി എഫിന്റെ കൈയിലാണ്. മറ്റു നാലു സീറ്റുകളില്‍ ഒന്ന് ലഭിച്ചാല്‍ പോലും എല്‍ ഡി എഫിന് നേട്ടമാണ്. കൂടുതല്‍ സീറ്റുകളില്‍ വിജയിച്ച് സംസ്ഥാനത്തെ സ്വാധീനം പരമാവധി ഉയര്‍ത്താനാണ് എല്‍ ഡി എഫ് ശ്രമം. തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാകുമെന്നതിനാല്‍ പ്രത്യേകിച്ചും. പാലായില്‍ തോല്‍വി നേരിട്ട യു ഡി എഫിന് സിറ്റിംഗ് സീറ്റുകള്‍ നാലും നിലനിര്‍ത്താനായില്ലെങ്കില്‍ വലിയ തിരിച്ചടിയാകും. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബി ജെ പി ഈ രണ്ടു സീറ്റുകള്‍ക്കു പുറമം കോന്നിയും വിജയിക്കാനാകുമെന്ന് അവകാശപ്പെടുന്നു. ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്നണി പിടിക്കുന്ന വോട്ടുകള്‍ ചില മണ്ഡലങ്ങളിലെങ്കിലും ജയപരാജയങ്ങളെ നിര്‍ണയിക്കുമെന്ന സ്ഥിതിയുമുണ്ട്.