Connect with us

National

പിയൂഷ് ഗോയല്‍ തന്റെ പ്രൊഫഷണലിസത്തെയാണ് ചോദ്യം ചെയ്തത്: അഭിജിത് ബാനര്‍ജി

Published

|

Last Updated

ന്യൂഡല്‍ഹി: തന്റെ പ്രൊഫഷണലിസത്തെയാണ് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ചോദ്യം ചെയ്തതെന്നും ഏതു രാഷ്ട്രീയ സംഘടന തന്നോട് നിര്‍ദേശം തേടിയാലും അവരോട് സത്യസന്ധമായി കാര്യങ്ങള്‍ പറയുമായിരുന്നുവെന്നും നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. അതെന്റെ പ്രൊഫഷനാണ്. പ്രൊഫഷണലായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല. ഇടതുപക്ഷ ആശയക്കാരനായ അഭിജിത്തിന്റെ ന്യായ് പദ്ധതി രാജ്യം തള്ളിക്കളഞ്ഞിട്ടുള്ളതാണെന്ന പിയൂഷ് ഗോയലിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച പ്രകടന പത്രികയിലെ പ്രധാന ആശയമായിരുന്ന ന്യായ് പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അഭിജിത്.
സാമ്പത്തിക ആശയങ്ങളിലും ചിന്താഗതികളിലും തനിക്ക് പക്ഷപാതിത്വമില്ല. കോണ്‍ഗ്രസോ ബി ജെ പിയോ ആരു ചോദിച്ചാലും പദ്ധതികള്‍ നിര്‍ദേശിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടുത്തെ മലിനീകരണ ബോര്‍ഡുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും തന്റെ നിര്‍ദേശങ്ങളില്‍ പലതും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. അതൊരു നല്ല അനുഭവമാണ്.

ഇന്ത്യന്‍ സാമ്പത്തിക രംഗം പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല. ഉപഭോഗം കുറയുന്നുവെന്ന് ദേശീയ സാമ്പിള്‍ സര്‍വേ രേഖപ്പെടുത്തിയ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. അത് ഗൗരവമായി തന്നെ കാണണം.ഫ്രഞ്ചുകാരിയായ ഭാര്യ എസ്തര്‍ ഡഫ്‌ലോ, ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മിഷേല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത് നൊബേല്‍ പങ്കിട്ടത്.

ഭാര്യ വിദേശിയായതു കൊണ്ടാണ് അഭിജിതിന് നൊബേല്‍ ലഭിച്ചതെന്ന ആരോപണവുമായി ബി ജെ പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയും രംഗത്തു വന്നിരുന്നു. രണ്ടാം ഭാര്യമാര്‍ വിദേശികളായ അധിക പേര്‍ക്കും നൊബേല്‍ കിട്ടുന്നുവെന്നും സിന്‍ഹ പരിഹസിച്ചിരുന്നു.