കുട്ടിക്കടത്ത്: എന്റെമേല്‍ ആരും കുതിര കയറേണ്ട- എം കെ മുനീര്‍

Posted on: October 19, 2019 9:52 pm | Last updated: October 20, 2019 at 11:35 am

കോഴിക്കോട്: കുട്ടിക്കടത്ത് വിവാദത്തിന്റെ പേരില്‍ നിജസ്ഥിതി അറിയാതെ തനിക്ക് മേല്‍ ആരും കുതിര കയറേണ്ടെന്ന് മുസ്‌ലിംലീഗ് നേതാവ് എം കെ മുനീര്‍. കുട്ടിക്കടത്ത് വിഷയത്തില്‍ അന്നത്തെ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന എം കെ മുനീര്‍ മാപ്പു പറയണമെന്ന എസ് കെ എസ് എസ് എഫ് പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയ പറയുകയായിരുന്നു അദ്ദേഹം. ”എസ് കെ എസ് എസ് എഫിന്റെ പഴയ നേതാക്കള്‍ക്കെല്ലാം ആ വിഷയത്തെക്കുറിച്ച് നന്നായി അറിയാം. ഇവരുടെ നേതാക്കളിങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. ആ സമയത്തുള്ള നേതാക്കളോട് കാര്യങ്ങള്‍ ചോദിക്കുകയാണ് വേണ്ടത്”- മുനീര്‍ പറഞ്ഞു.

കുട്ടിക്കടത്തെന്ന പേരിലല്ല അന്ന് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തെ കൈകാര്യം ചെയ്തത്. അന്ന് കേരളത്തിലെത്തിയ ഭൂരിപക്ഷം വിദ്യാര്‍ഥികളേയും ഇവിടെ പഠിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, രേഖകളില്ലാത്ത കുട്ടികളെ തിരിച്ചയക്കുകയായിരുന്നു. റെയില്‍വേ പോലീസിന്റേയും ചൈല്‍ഡ് വെല്‍ഫയര്‍കമ്മിറ്റിയുടേയും മറ്റും റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. എന്നാല്‍, സി ബി ഐയുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഇ ടി മുഹമ്മദ് ബശീര്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ അന്നത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് അത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും റെയില്‍വേ പോലീസിനുമെതിരെയായിരിക്കാമെന്നായിരുന്നു മറുപടി. എന്നാല്‍, അന്നത്തെ സാമൂഹികനീതി വകുപ്പിന്റെ നിലപാടുകള്‍ ശരിയായിരുന്നുവെന്ന് തന്നെയാണ് എന്റെ കാഴ്ചപ്പാടെന്നും മുനീര്‍ പറഞ്ഞു.

2014ല്‍ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് കേരളത്തിലെ യതീംഖാനകളിലേക്ക് കൊണ്ടുവന്ന സംഭവം കുട്ടിക്കടത്തല്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ബീഹാറിലെ എന്‍ ഡി എ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കൂടാതെ സി ബി ഐ എറണാകുളം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കുട്ടിക്കടത്തല്ലെന്ന് വ്യക്തമാക്കിയിരുന്നു.

കോഴിക്കോട്ട് നടക്കുന്ന എം എസ് എഫ് സമ്മേളന സ്വാഗതസംഘം കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്നത് മനഃപൂര്‍വമാണെന്ന് കരുതുന്നില്ലെന്നും മുനീര്‍ പറഞ്ഞു. സമ്മേളന നടപടികള്‍ എം എസ് എഫ് നേതാക്കള്‍ താനുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.