കോന്നിയില്‍ കലാശക്കൊട്ടില്‍ നിന്ന് വിട്ടുനിന്ന് അടൂര്‍ പ്രകാശ്

Posted on: October 19, 2019 9:10 pm | Last updated: October 20, 2019 at 11:34 am

പത്തനംതിട്ട: കോന്നിയിലെ യു ഡി എഫിന്റെ പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ടില്‍ നിന്ന് വിട്ടുനിന്ന് അടൂര്‍ പ്രകാശ് എം പിയും വിശ്വസ്തന്‍ റോബിന്‍ പീറ്ററും. രണ്ട് പതിറ്റാണ്ടിന് മുകളില്‍ അടൂര്‍പ്രകാശ് പ്രതിനിധീകരിച്ച മണ്ഡലമാണ് കോന്നി. അദ്ദേഹം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായ മത്സരം നേരിടുമ്പോള്‍ അദ്ദേഹം കലാശക്കൊട്ടില്‍ നിന്ന് വിട്ടുനിന്നതിനെ പ്രവര്‍ത്തകര്‍ ആശങ്കയോടെയാണ് കാണുന്നത്.

നേരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ അടൂര്‍ പ്രകാശും പാര്‍ട്ടി നേതൃത്വവും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. തന്റെ വിശ്വസ്താനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ ആവശ്യം. എന്നാല്‍ ഡി സി സിയും സംസ്ഥാന നേതൃത്വവും ഇതിനെ എതിര്‍ത്തു. അടൂര്‍പ്രകാശ് അനുകൂലികള്‍ മണ്ഡലത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കുമെന്ന് ഭീഷണി മുഴക്കി. പി മോഹന്‍രാജിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം താന്‍ അറിഞ്ഞില്ലെന്ന് അടൂര്‍ പ്രകാശ് പിന്നീട് തുറന്നു പറയുകയും ചെയ്തു. പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞതോടെ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.

പിന്നീട് പ്രചാരണ രംഗങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തെങ്കിലും ഇന്ന് മണ്ഡലത്തില്‍ ഉണ്ടായിരുന്നിട്ടും കലാശക്കൊട്ടില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ താന്‍ വിട്ടുനിന്നത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്ന് അടൂര്‍ പ്രകാശ് പിന്നീട് പ്രതികരിച്ചു. രാവിലെ മുതല്‍ മോഹന്‍രാജിനായി പ്രചാരണത്തിനുണ്ടായിരുന്നെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുന്‍കാലങ്ങളിലും താന്‍ കൊട്ടിക്കലാശത്തില്‍ ഉണ്ടാകാറില്ലെന്നും അദ്ദേഹം പറഞ്ഞു.

എങ്കിലും മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് അനുകൂലികള്‍ക്ക് ഇപ്പോഴും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നീരസമുണ്ടെന്നാണ് റിപ്പോര്‍ട്ട്.