Connect with us

എസ് എസ് എഫ് കേരള ക്യാമ്പസ്‌ അസംബ്ലി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു.

വെട്ടിച്ചിറ: ഇന്ത്യയുടെ മഹത്തായ പൈതൃകങ്ങളും പാരമ്പര്യവും പൗരാണികതയും വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് പകരം രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് ചരിത്രത്തെ വളച്ചൊടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ആശങ്കാജനകമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. നടപ്പുരീതികളല്ല; നേരിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ വെട്ടിച്ചിറയില്‍ നടക്കുന്ന എസ് എസ് എഫ് കേരള ക്യാമ്പസ്‌
അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാന്തപുരം.

രാജ്യത്തിന്റെ ഐക്യവും ബഹുസ്വരതയും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിന് ചരിത്രാവബോധം അനിവാര്യമാണ്. സാമൂഹ്യ തിന്മകളെ പ്രതിരോധിക്കുന്നതിന് മൂല്യബോധമുള്ള വിദ്യാര്‍ഥി സമൂഹം രൂപപ്പെടണം. സാങ്കേതിക പരിജ്ഞാനങ്ങളോടൊപ്പം മാനവികതയും സഹജീവിസ്‌നേഹവും പ്രധാന പ്രമേയങ്ങളായി പാഠപുസ്തകങ്ങളില്‍ ഇടം നേടേണ്ടതുണ്ട്.

മിത്തുകളെ ചരിത്ര യാഥാര്‍ത്ഥ്യങ്ങളായി വ്യാഖ്യാനിച്ചുകൊണ്ട് വര്‍ഗീയതയ്ക്ക് കോപ്പുകൂട്ടുന്നത് നീതീകരിക്കാനാവില്ല. വിദ്യാര്‍ഥികള്‍ കാമ്പസുകളിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരാകണം എന്നും കാന്തപുരം സൂചിപ്പിച്ചു.

എന്‍ട്രി ആപ്പിന്റെ സഹായത്തോടെ വിസ്ഡം എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ഇന്ത്യ നടപ്പിലാക്കുന്ന മത്സരപരീക്ഷാ പരിശീലന പദ്ധതി കാന്തപുരം ലോഞ്ച് ചെയ്തു. അസംബ്ലിയിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ആപ്പ് സൗജന്യമായി സസ്‌ക്രൈബ്‌ ചെയ്യാനുള്ള സംവിധാനം സിന്‍കി ഡെയ്‌ലില്‍ സംവിധാനിച്ചിട്ടുണ്ട്.

ഉദ്ഘാടന സംഗമത്തില്‍ ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് ത്വാഹാതങ്ങള്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സുലൈമാൻ സഖാഫി മാളിയേക്കൽ, സി കെ റാഷിദ് ബുഖാരി, എന്‍ വി അബ്ദുറസാഖ് സഖാഫി, ബഷീര്‍ മാസ്റ്റര്‍ പറവന്നൂര്‍ എന്നിവര്‍ പങ്കെടുത്തു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കേരള ക്യാമ്പസ്‌ അസംബ്ലി നാളെ സമാപിക്കും. വിവിധ സെഷനുകളിലായി വ്യത്യസ്ത പ്രമേയത്തില്‍ എം ഷാജര്‍ഖാന്‍, പുരുഷന്‍ ഏലൂര്‍, കെ ഇ എന്‍,  അശോക് ഡിക്രൂസ് തുടങ്ങിയ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും.