എച്ച് എസ് എസ് ടി ഇംഗ്ലീഷ്: ഒന്നാം റാങ്ക് തിളക്കത്തിൽ ഫബീല

Posted on: October 19, 2019 3:57 pm | Last updated: October 19, 2019 at 3:58 pm


മലപ്പുറം: അധ്യാപികയാകണമെന്ന് അതിയായ ആഗ്രഹം റാങ്ക് തിളക്കത്തിൽ സ്വന്തമാക്കിയിരിക്കുകയാണ് ഫബീല. ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപക നിയമനത്തിൽ ഒന്നാം റാങ്ക് നേടിയാണ് മലപ്പുറം ചെമ്മകടവ് ഒറ്റത്തറ സ്വദേശി സി കെ ഫബീല തന്റെ ആഗ്രഹം സഫലമാക്കിയത്. ഉമ്മയുടെ പ്രചോദനമാണ് പഠന മികവിൽ മുന്നേറ്റം സൃഷ്ടിച്ചത്. പ്രോത്സാഹനവും പിന്തുണയും ലഭിച്ചപ്പോൾ തനിക്ക് ഇത് സാധിക്കുമെന്ന് കരുതി. മേൽമുറി എം സി ടി കോളജിലും ഗസ്റ്റ് ലക്ചററായി ഗവ. കൊണ്ടോട്ടി കോളജിലും ജോലി ചെയ്തിട്ടുണ്ട്. എസ് എസ് എൽ സി യും പ്ലസ്ടുവും ഡിഗ്രിയും ഉയർന്ന മാർക്കോടെയാണ് പാസ്സായത്. രണ്ട് വർഷം മുമ്പേ എച്ച് എസ് എസ് ടി പഠനത്തിന് വേണ്ടി തയ്യാറെടുത്തിരുന്നു.

ഒരു സർക്കാർ ജോലി എന്നതിനപ്പുറം അധ്യാപികയാകാനുള്ള മോഹമാണ് പ്രചോദനമായത്. ദിവസവും എട്ട് മണിക്കൂറോളമാണ് പഠനത്തിന് വേണ്ടി നീക്കി വെച്ചിരുന്നത്. ലക്ഷ്യം മുന്പിൽ കണ്ട് അതിന് വേണ്ടി പ്രയത്‌നിച്ചാൽ എന്തും നേടാൻ സാധിക്കുമെന്ന് ഫബീല സിറാജിനോട് പറഞ്ഞു.

ഫബീല ഇപ്പോൾ കോഴിക്കോട് സർവകലാശാലയിൽ ഡോ. കെ എം ശരീഫിന്റെ കീഴിൽ പി എച്ച് ഡി ചെയ്യുകയാണ്. ഇംഗ്ലീഷിൽ ജെ ആർ എഫും നേടിയിട്ടുണ്ട്. ഡിഗ്രി കൊണ്ടോട്ടി ഇ എം ഇ എ കോളജിലും പി ജി അരീക്കോട് സുല്ലമുസ്സലാം കോളജിലും ബിഎഡ് മലപ്പുറം എം സി ടി കോളജിലുമാണ് പൂർത്തിയാക്കിയത്. ചങ്ങണക്കാട്ടിൽ പരേതനായ മുഹമ്മദാലി-സഫിയ ദമ്പതികളുടെ മകളാണ്. ഭർത്താവ് സമീർ ബാബു. ആറാം ക്ലാസ് വിദ്യാർഥി ഇഷ ഫാത്തിമ മകളാണ്. സഹോദരൻ മുഹമ്മദ് ആസിഫ് കഴിഞ്ഞ എച്ച് എസ് സ് ടി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.