Connect with us

Ongoing News

യു ഡി എഫ് മതപരമായ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; അഞ്ചിടത്തും പാലാ ആവര്‍ത്തിക്കും: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാരിന്റെ വികസന പ്രര്‍വത്തനങ്ങള്‍ക്കെതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ മതപരമായ ധ്രുവീകരണത്തിനാണ് ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് ശ്രമിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് യുഡിഎഫ് സര്‍ക്കാരുകളേയും കേന്ദ്രസര്‍ക്കാരിനേയും വിലയിരുത്തണം. പറയുന്നത് നടപ്പാക്കുന്ന സര്‍ക്കാണ് എല്‍ ഡി എഫിന്റെത്. ബാക്കിയുള്ളവ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലുമാണ്. പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ഭൂരിഭാഗവും നടപ്പിലാക്കിയ സര്‍ക്കാരാണ് അധികാരത്തിലുള്ളത്. ഈ സാഹചര്യത്തില്‍ മതപരമായ ധ്രുവീകരണത്തിലൂടെ വോട്ട് നേടാനാണ് യു ഡി എഫിന്റെ ശ്രമമെന്ന് കോടിയേരി പറഞ്ഞു. തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നതെന്നും അഞ്ചിടത്തും പാല തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ എസ് എസ് വട്ടിയൂര്‍കാവില്‍ ജാതി വികാരം ഇളക്കിവിടുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. നിലവില്‍ എല്ലാ പാര്‍ടിക്കാരും അടങ്ങുന്ന സംഘടനയാണ് എന്‍ എസ് എസ്. അവിടെ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുകുമാരന്‍ നായര്‍ പ്രത്യേക രാഷ്ട്രീയ താല്‍പര്യം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. സമുദായാംഗങ്ങളുടെ ആഗ്രഹമനുസരിച്ചല്ല സംഘടന പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞാണ് യു ഡി എഫ് സ്ഥാനാര്‍ഥിക്കായി വോട്ട് പിടിക്കുന്നത് രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോകകയാണെങ്കില്‍ അക്കാര്യം തുറന്നു പറയണമെന്നും അങ്ങിനെയെങ്കില്‍ മുന്‍ കാലത്തെപോലെ രാഷ്ട്രീയ പാര്‍ടി രൂപീകരിക്കാന്‍ തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു. എന്‍ എസ് എസ് രൂപീകരിച്ച മന്നത്ത് പത്മനാഭന്‍ രാഷ്ട്രീയ പാര്‍ടി ഉണ്ടാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് എന്‍ ഡി പി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചതും തിരഞ്ഞെടുപ്പിലടക്കം മത്സരിച്ചതും മന്ത്രിമാരായിട്ടുള്ളതും. ഇനിയും രാഷ്ട്രീയ പാര്‍ടി രൂപീകരിച്ച് എന്‍ എന്‍ എസ് എസിന് ഇടപെടാമെന്നും കേടിയേരി കൂട്ടിച്ചേര്‍ത്തു.