Connect with us

Kerala

മാര്‍ക്ക് ദാനത്തില്‍ പങ്കില്ല; സര്‍വകലാശലയുടെ അധികാരത്തില്‍ ഇടപെട്ടിട്ടില്ല: കെ ടി ജലീല്‍

Published

|

Last Updated

മലപ്പുറം: എംജി സര്‍വകലാശാല മോഡറേഷന്‍ നല്‍കിയതില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് അതത് സര്‍വകലാശാല അധികൃതരാണെന്നും ആവര്‍ത്തിച്ച് മന്ത്രി കെ ടി ജലീല്‍. പ്രതിപക്ഷം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വൈകുന്നേരം വരെ മാത്രമേ ഇത്തരം ആരോപണങ്ങള്‍ക്കു ആയുസ് ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് ദിവസവും തനിക്കെതിരെ പത്രസമ്മേളനം വിളിച്ച് സംസാരിക്കുന്നതിനു പിന്നിലെ ഗൂഢോദ്ദേശ്യം മനസ്സിലാകുന്നില്ല. സര്‍വകലാശാലകളുടെ അധികാരത്തില്‍ ഒന്നും മന്ത്രിയെന്ന നിലക്ക് ഒരു ഇടപെടലും നടത്തിയിട്ടില്ല. അതേസമയം, സര്‍വകാലാശാലകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും അത് വിജയം കാണുകയും ചെയ്യുന്നുണ്ടെന്നും ജലീല്‍ പറഞ്ഞു. യൂനിവേഴ്‌സിറ്റികളില്‍ അദാലത്ത് നടത്താന്‍ മുഖ്യമന്ത്രിക്കും മുന്‍ വിദ്യാഭ്യാസ മന്ത്രിക്കും അവകാശം ഉണ്ടെങ്കില്‍ ആ അവകാശം തനിക്കും വകവെച്ചു തരേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

രമേശ് ചെന്നിത്തലയുടെ മകന് എതിരെ ഉന്നയിച്ചത് ആരോപണമല്ല. വസ്തുതയാണ്. യു പി എസ് സിയുടെ എഴുത്ത് പരീക്ഷയില്‍ 608ാം റാങ്കുകാരനായ പ്രതിപക്ഷ നേതാവിന്റെ മകന്‍ ഇന്റര്‍വ്യൂവില്‍ എങ്ങനെയാണ് ഒന്നാം റാങ്കുകാരന്‍ ആയതെന്ന് ജലീല്‍ ചോദിച്ചു.  തന്റെ ഭാര്യയെ മുമ്പ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു. വീട്ടിലിരിക്കുന്ന മകനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്ന് പറയുന്ന ആർക്കും അതില്‍ ആര്‍ക്കും പ്രശ്‌നമില്ലേയെന്നും ജലീല്‍ ചോദിച്ചു.

ഒരു ആരോപണം ഉന്നയിക്കുമ്പോൾ മറു ആരോപണം ഉന്നയിക്കുന്നത് യുഡിഎഫ് ശെെലി ആണെന്ന കോടിയേരി ബാലകൃഷ്ണൻെറ പ്രസ്താവന സംബന്ധിച്ച് ചോദിച്ചപ്പോൾ യുഡിഎഫില്‍ നിന്ന് വന്ന ആളായതുകൊണ്ട് അതിന്റെ കറ തന്റെ ദേഹത്ത് ഉണ്ടാകുമല്ലോ എന്നായിരുന്നു ജലീലിൻെറ പരിഹാസ്യരൂപേണയുള്ള മറുപടി.