Connect with us

Kerala

ജലീലിനെതിരെ ചെന്നിത്തല വീണ്ടും; എല്ലാ ആരോപണങ്ങളും ഉണ്ടയില്ലാ വെടിയല്ല

Published

|

Last Updated

തിരുവനന്തപുരം: എംജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത് വന്നു. ജലീലിനെതിരായ ആരോപണങ്ങള്‍ എല്ലാം ശരിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വൈസ്.ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍ സമ്മതിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ ജലീലിന് മന്ത്രിസ്ഥാനത്ത് തുടരനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജന്‍ ഗുരുക്കള്‍ പറയുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും കേള്‍ക്കണം. ജലീല്‍ അധ്യക്ഷനായ സമിതിയുടെ ഉപാധ്യക്ഷനാണ് അദ്ദേഹം. വിദ്യാഭ്യാസം എന്നാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത മന്ത്രിമാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നമ്മുടെ നാട്ടിലെ സര്‍വകലാശാലകളുടെ സ്ഥിതിയെന്താകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. അന്വേഷണം പൂര്‍ത്തിയാകും വരെ മന്ത്രി സ്ഥാനത്ത് നിന്ന് ജലീല്‍ മാറി നില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ എല്ലാം ഉണ്ടയില്ലാ വെടിയെന്ന് പറഞ്ഞ് തള്ളുന്ന സര്‍ക്കാരിന് ഉപതിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും. അഴിമതി കാരണം ജനം മടുത്ത ഒരു ഭരണകൂടമായി പിണറായി സര്‍ക്കാര്‍ മാറിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.