Connect with us

അബുദാബി: കേസും ജയില്‍ വാസവും യാത്രാവിലക്കുകളും താണ്ടി ദുരിതത്തിലായ മൂസകുട്ടി എം എ യൂസുഫലിയുടെ ഇടപെടലിലൂടെ നാട്ടിലെത്തി. 15 വര്‍ഷം നീണ്ടുനിന്ന ദുരിത ജീവിതത്തിന് അന്ത്യം കുറിച്ചാണ് പട്ടാമ്പി മാട്ടായ സ്വദേശി മൂസക്കുട്ടിയും ഭാര്യ ബുഷ് റയും ശനിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിയത്.

റാസല്‍ ഖൈമ സ്വദേശി നല്‍കിയ പരാതിയാണ് ഒരു കാലത്ത് അറിയപ്പെടുന്ന വ്യവസായിയായിരുന്ന മൂസക്കുട്ടിയുടെ ജീവിതം താളം തെറ്റിയത്. അഞ്ച് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞെങ്കിലും യാത്രാവിലക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ മൂസക്കുട്ടിയും കുടുംബവും ഷാര്‍ജയിലെ ഒരു ഒറ്റമുറിയിലായിരുന്നു താമസം. മൂന്ന് കോടി രൂപ നല്‍കാതെ കേസ് പിന്‍ വലിക്കില്ലെന്ന് സ്വദേശി ഉറച്ച് നിന്നതോടെ മൂസക്കുട്ടിയുടെ മടക്കം അനിശ്ചിതത്വത്തിലായി. കോടതി വിധിയും യാത്രവിലക്കും വന്നതോടെ ദുരിതത്തിലായ മൂസക്കുട്ടി ജീവനോടെ നാട്ടിലെത്തുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നു. ഇതിനിടയില്‍ അസുഖബാധിതനായ മൂസക്കുട്ടിയുടെ സംസാരശേഷിയും നഷ്ടമായിരുന്നു.

ദുരിത വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി ഇദ്ദേഹത്തെ ഷാര്‍ജയിലെത്തി കാണുകയും ബാധ്യതകള്‍ക്ക് നിയമപരമായ മാര്‍ഗ്ഗത്തിലൂടെ പരിഹാരം കണ്ട് നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ആ ഉറപ്പാണ് വെള്ളിയാഴ്ച പാലിക്കപ്പെട്ടത്.

യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയെ യൂസഫലി കണ്ട് സംസാരിച്ചതാണ് മൂസക്കുട്ടിയുടെ നാട്ടിലേക്കുള്ള മോചനത്തിന് തുടക്കമായത്. 28 കേസുകളിലായി 80 ലക്ഷം (4 ലക്ഷം ദിര്‍ഹം) രൂപ യൂസഫലി റാസല്‍ ഖൈമ കോടതിയില്‍ കെട്ടി വെച്ചു. അങ്ങനെ എല്ലാ പ്രതീക്ഷകളും അവസാനിച്ച മൂസക്കുട്ടിയെന്ന പട്ടാമ്പിക്കാരന് പുതുജീവതം നല്‍കുകയായിരന്നു യൂസുഫലി.

Latest