ഹിന്ദു നേതാവ് കമലേഷ് തിവാരിയുടെ വധം: മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: October 19, 2019 12:49 pm | Last updated: October 19, 2019 at 12:49 pm

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഹിന്ദു സംഘടനാ നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മൊഹ്‌സിന്‍ ഷെയ്ഖ് (24) റഷീദ് അഹമ്മദ് പത്താന്‍ (23), ഫൈസാന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് പോലീസും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഗുജറാത്തില്‍ നിന്നാണ് മൂന്ന് പേരും പിടിയിലായത്.  കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ മറ്റു രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണ്. കാെലപാതകം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പ്രതികൾ പിടിയിലായത്.

സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത പലഹാരപ്പൊതിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇതില്‍ നിന്ന് കൊലയാളികളെ സംബന്ധിച്ച സൂചന ലഭിച്ചതായി പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. തുടര്‍ന്നാണ് യുപി പോലീസിന്റെ പ്രത്യേക സംഘം ഗുജറാത്തിലേക്ക് പുറപ്പെട്ടത്. അറസ്റ്റിലായവര്‍ക്ക് ഭീകരസംഘടനയുമായി ബന്ധമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

കമലേഷ് തിവാരിയുടെ വീടിന് പുറത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ കൊലയാളികളെ കുറിച്ച് സൂചന ലഭിച്ചിരുന്നു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മധുരപലഹാരപ്പെട്ടിയുമായി വീട്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തിവാരിക്ക് ദീപാവലി സമ്മാനം നല്‍കാനെന്ന പേരില്‍ വീട്ടില്‍ പ്രവേശിക്കുകയായരിന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. പലഹാരപ്പെട്ടിയിലാണ് പ്രതികള്‍ ആയുധം ഒളിപ്പിച്ചതെന്നും പോലീസിന് സംശയമുണ്ട്. ഗുജറാത്തിലെ സൂറത്തിലെ ഒരു ബേക്കറിയില്‍ നിന്നാണ് മധുരപലഹാരങ്ങള്‍ വാങ്ങിയതെന്ന് ഈ പെട്ടിയില്‍ നിന്ന് വ്യക്തമായി. തുടര്‍ന്നാണ് ഈ വഴിക്ക് അന്വേഷണം നീങ്ങിയത്.

ഭര്‍ത്താവിന്റെ ഘാതകരെ കണ്ടെത്തിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് തിവാരിയുടെ ഭാര്യ കിരണ്‍ തിവാരി ഭീഷണി മുഴക്കിയിരുന്നു. തന്റെ ഭര്‍ത്താവിന് എല്ലാ ദിവസവും ഭീഷണിപ്പെടുത്തുന്ന കോളുകള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ കൃത്യസമയത്ത് പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അവര്‍ ആരോപിച്ചിരുന്നു.

ലക്‌നോവിലെ നാക പരിസരത്തുള്ള വസതിയില്‍ വെച്ചാണ് കമലേഷ് തിവാരി (43) വെടിയേറ്റു മരിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് വെള്ളിയാഴ്ച പോലീസ് പിസ്റ്റള്‍ കണ്ടെടുത്തിരുന്നു.