Connect with us

Ongoing News

ഹിറ്റ്മാന് സെഞ്ച്വറി, രഹാനക്ക് അര്‍ധസെഞ്ച്വറി; പിടിമുറുക്കി ഇന്ത്യ

Published

|

Last Updated

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറി. രോഹിത് ശര്‍മ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയും അജിങ്ക്യ രഹാനെയുടെ അര്‍ധ സെഞ്ച്വറിയുമാണ് റാഞ്ചി ടെസ്റ്റില്‍ ഇന്ത്യയെ കൈപ്പിടിച്ചുയര്‍ത്തിയത്. വെളിച്ചക്കുറവ് മൂലം 58 ഓവറില്‍ ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 എന്ന നിലയിലാണ് ഇന്ത്യ.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് കഴിഞ്ഞ മത്സരങ്ങളില്‍ ബാറ്റിംഗ് മായാജാലം തീര്‍ത്ത മായങ്ക് അഗര്‍വാള്‍(10), നായകന്‍ വിരാട് കോലി(12), പൂജാര (പൂജ്യം) എന്നിവര്‍ പുറത്തായത് നിരാശ സമ്മാനിച്ചു. പേസ് ബൗളര്‍ റബാദയാണ് മായങ്കിനെയും പൂജാരയെയും പുറത്താക്കിയത്. എല്‍ ബി ഡബ്ല്യൂവിലൂടെ നോര്‍ട്ജെയുടെ പന്തില്‍ ഇന്ത്യന്‍ നായകന്‍ കോലിയും പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷ രോഹിത് ശര്‍മയിലും രഹാനെയിലും മാത്രമായി. അവസരത്തിനൊത്തുയര്‍ന്ന ഇരുവരും പുറത്താകാതെ 185 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് കണ്ടെത്തിയത്. 14 ഫോറും നാല് സിക്‌സും അടക്കം 164 പന്തില്‍ നിന്നാണ് ഹിറ്റ്മാന്‍ 117 റണ്‍സ് നേടിയത്. 135 പന്തില്‍ 83 റണ്‍സ് നേടിയ അജിങ്ക്യ രഹാനെ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സിനൊപ്പം ഇന്ത്യക്ക് കരുത്തായി. 11 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്.

മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് കളിയിലും വിജയം നേടിയ ഇന്ത്യക്ക് പരമ്പര തൂത്തു വാരുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ പരമ്പരയിലെ ആശ്വാസ വിജയം തേടുന്ന ദക്ഷിണാഫ്രിക്കക്ക് രണ്ടാം ദിനം മികച്ച കളി പുറത്തെടുക്കേണ്ടി വരും.

Latest