Connect with us

National

കോപ്പിയടി തടയാന്‍ വിദ്യാര്‍ഥികളുടെ തലയില്‍ കാര്‍ഡ് േബാര്‍ട്ട് പെട്ടി ധരിപ്പിച്ചത് വിവാദമായി

Published

|

Last Updated

ഹവേരി: പരീക്ഷയില്‍ കോപ്പിയടി തടയാന്‍ വിദ്യാര്‍ഥികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി ധരിപ്പിച്ചത് വിവാദമായി. കര്‍ണാടകയിലെ ഹവേരിയിലുള്ള ഭഗത് പി യു കോളജിലാണ് സംഭവം. ഒന്നാം വര്‍ഷ സയന്‍സ് കെമിസ്ട്രി പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി ധരിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇതുംസംബന്ധിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി.

സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഇടപെടുകയും കാര്‍ഡ് ബോര്‍ഡ് പെട്ടി നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദുരുപയോഗം തടയുന്നതിനാണ് തങ്ങള്‍ ഈ ആശയം നടപ്പാക്കിയതെന്നും അത് വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മനേജ്‌മെന്റ് ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനെ വിവരമറിയിക്കണമെന്ന് പി യു ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് പി പയര്‍ജഡെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് മനുഷ്യത്വരഹിതമായ നടപടി ആണെന്നും പരിഷ്‌കൃത സമൂഹം ഒരിക്കലും അത്തരമൊരു ആശയം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നതിനും ദുരുപയോഗം തടയുന്നതിനും പരമ്പരാഗത മാര്‍ഗങ്ങളുണ്ട്. കോളേജിന് അത് അവലംഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.