ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കിവിടുന്നുവെന്ന്; ആത്മഹത്യാ ഭീഷണിയുമായി യുവതി

Posted on: October 19, 2019 11:23 am | Last updated: October 19, 2019 at 2:18 pm

തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കിവിടുന്നുവെന്ന് ആരോപിച്ച് യുവതിയുടെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം അയിരൂരൂപ്പാറയിലെ ഷംനയാണ് ആറ് വയസായ മകനൊപ്പം ആത്മഹത്യ ഭീഷണി മുഴക്കുന്നത്. തന്റെ വീട്ടില്‍ അനധികൃതമായി താമസിക്കുന്നുവെന്ന ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് ഹൈക്കൊടതി ഉത്തരവ് പ്രകാരം പോലീസ് വീട് ഒഴിപ്പിക്കാന്‍ എത്തിയപ്പോഴാണ് യുവതി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഷംനയുടെ രോഗികളായ മാതാപിതാക്കളും വീട്ടിലുണ്ട്.

ഷംനയുടെ ഭര്‍ത്താവ് ഷാഫി ഒന്നര വര്‍ഷം മുമ്പ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇതിന് ശേഷം ഷാഫി രണ്ടാം ഭാര്യയോടൊപ്പമാണ് താമസിക്കുന്നത്. താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെയാണ് ഷാഫി മറ്റൊരു വിവാഹം ചെയ്തതെന്നും കുടുംബകോടതി ഉത്തരവ് അനുസരിച്ചുള്ള നഷ്ടപരിഹാരം തനിക്ക് ലഭിച്ചിട്ടില്ലെന്നും ഷംന പറയുന്നു. തന്റെ ആഭരണങ്ങള്‍ വിറ്റാണ് ഷാഫി വീട് നിര്‍മിച്ചതെന്നും അതിനാല്‍ നഷ്ടപരിഹാരം ലഭിക്കാതെ ഒരു കാരണത്താലും വീട് വിട്ട് ഇറങ്ങില്ലെന്നുമാണ് യുവതിയുടെ നിലപാട്. നേരത്തെയും ഷംനയെ ഒഴിപ്പിക്കാന്‍ പോലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

തന്റെ വീട്ടില്‍ അനധികൃതമായി താമസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഷാഫി ഒഴിപ്പിക്കാനുള്ള അനുകൂല വിധി നേടിയത്. അതേസമയം, താനുമായള്ള വിവാഹ ബന്ധം ഒഴിവാക്കുന്നതിന് കുടുംബകോടതി 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് ഷംന പറയുന്നത്. പോത്തന്‍കോടി പോലീസ് ഇടപെട്ട് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ 10 ലക്ഷം രൂപ നല്‍കാന്‍ ഷാഫി സമ്മതിച്ചിരുന്നുവെന്നും അതില്‍ ഒരു രൂപ പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നും യുവതി പറയുന്നു.