Connect with us

Editorial

ഇന്ത്യക്ക് വിശക്കുന്നു

Published

|

Last Updated

ഭരണകൂടം ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്ന കണക്കുകളാണ് അടിക്കടി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ആഗോള പട്ടിണി സൂചികയില്‍ (ജി എച്ച് ഐ )117 രാജ്യങ്ങളുടെ പട്ടികയില്‍ 102ാം സ്ഥാനത്താണ് ഇന്ത്യയെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നു തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണിക്കുന്നത്. പോഷകാഹാരക്കുറവ്, അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ തൂക്കക്കുറവ്, വളര്‍ച്ചാ മുരടിപ്പ്, ശിശുമരണ നിരക്ക് എന്നിവ ആധാരമാക്കി തയ്യാറാക്കിയതാണ് ഈ പട്ടിണി സൂചിക.

ഇന്ത്യന്‍ ശിശുക്കളുടെ തൂക്കക്കുറവ് 2008-2012 കാലത്ത് 16.5 ശതമാനമായിരുന്നത് 2014-18 ലെത്തിയപ്പോള്‍ 20.8 ശതമാനമായി ഉയര്‍ന്നു. ആറ് മുതല്‍ 23 വരെ മാസം പ്രായമുള്ള കുഞ്ഞുങ്ങളില്‍ 9.6 ശതമാനത്തിനേ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും കുറഞ്ഞ അളവിലെങ്കിലും ആഹാരം കിട്ടുന്നുള്ളൂ. ശ്രീലങ്കക്കും (66) മ്യാന്‍മറിനും (69) നേപ്പാളിനും (74) പാക്കിസ്ഥാനും (94) ബംഗ്ലാദേശിനും (88) പിന്നിലാണ് ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനമെന്നത് നാണക്കേടുണ്ടാക്കുന്നു. അടിസ്ഥാന വികസന വെല്ലുവിളിയായ പട്ടിണി കുറക്കുന്നതില്‍ അയല്‍ രാഷ്ട്രങ്ങളുടെ നേട്ടം കൈവരിക്കാന്‍ പോലും നമുക്കായില്ലെന്നാണ് ഇത് കാണിക്കുന്നത്. പട്ടിണി നിര്‍മാര്‍ജനം നെഹ്‌റുവിന്റെ കാലം തൊട്ടേ രാജ്യത്ത് അധികാരത്തിലേറിയ ഓരോ സര്‍ക്കാറിന്റെയും വാഗ്ദാനമായിരുന്നു. ഗരീബി ഹഠാവോ (ദാരിദ്ര്യം തുടച്ചു നീക്കൂ) മുദ്രാവാക്യം മുഴക്കിയാണ് 1971ല്‍ ഇന്ദിരാ ഗാന്ധി തിരഞ്ഞെടുപ്പിനെ നേരിട്ടത്. തുടര്‍ന്ന് രാജീവ് ഗാന്ധിയും നരസിംഹറാവുവും വാജ്‌പയിയും മോദിയുമെല്ലാം പട്ടിണി തുടച്ചു നീക്കുമെന്നു പ്രഖ്യാപിച്ചു. എങ്കിലും രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറയുന്നില്ല. വിശപ്പില്ലാത്ത ലോകം സൃഷ്ടിക്കുകയെന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ രണ്ടാമത്തെത്. 2017ലെ ഒമ്പതാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഈ ലക്ഷ്യം നിറവേറ്റാന്‍ “ശോഭനമായ ഭാവിക്ക് ശക്തമായ പങ്കാളിത്തം” എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു.

അതിനു ശേഷം രണ്ട് വര്‍ഷം പിന്നിടുമ്പോഴും രാജ്യത്തെ ദാരിദ്ര്യം അതേപടി നിലനില്‍ക്കുന്നു. പട്ടിണി, പോഷകാഹാരക്കുറവ്, സാമ്പത്തിക അസമത്വം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ ദുരിതമനുഭവിക്കുകയാണ് ഒട്ടുമിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും നല്ലൊരു വിഭാഗമാളുകളും.

ലോകത്താകമാനമുള്ള വിശപ്പ് മാറ്റാന്‍ വകയില്ലാത്ത 82 കോടി വരുന്ന ഹതഭാഗ്യരില്‍ 24 ശതമാനവും ഇന്ത്യയിലാണ്.
രാജ്യത്തെ സമ്പത്തിന്റെ അപര്യാപ്തതയോ ഭക്ഷ്യോത്പാദനത്തിന്റെ കുറവോ അല്ല ഈ സ്ഥിതിവിശേഷത്തിനു കാരണം. 2017-18ല്‍ 283.4 മില്യന്‍ ടണ്‍ ഭക്ഷ്യോത്പാദനത്തില്‍ എത്തി നില്‍ക്കുന്ന ഇന്ത്യ ഭക്ഷ്യവിഷയത്തില്‍ സ്വയംപര്യാപ്തതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ഭരണാധികാരികള്‍ അവകാശപ്പെടുന്നത്. 20.4 മില്യന്‍ ടണ്‍ കാര്‍ഷികോത്പന്നങ്ങള്‍ രാജ്യം കയറ്റുമതി ചെയ്യുന്നുണ്ട്.

പക്ഷേ, ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ ജനങ്ങളില്‍ നല്ലൊരു വിഭാഗത്തിനും ശേഷിയില്ല. ഇന്ത്യയിലെ 132 കോടി ആളുകള്‍ക്ക് മാത്രമല്ല ലോകജനതക്ക് ആകമാനം വിശപ്പറിയാതെ ജീവിക്കാന്‍ ആവശ്യമായ സമ്പത്ത് രാജ്യത്തുണ്ട്. ഇവയില്‍ ഏറിയ പങ്കും ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നു മാത്രം. ആഗോള മനുഷ്യാവകാശ സംഘടനയായ ഓക്‌സ്ഫാം രണ്ട് വര്‍ഷം മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ സമ്പത്തിന്റെ 73 ശതമാനവും കൈയാളുന്നത് സമ്പന്നരായ ഒരു ശതമാനം പേരാണ്. അതിനു തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 58 ശതമാനമായിരുന്നു. 2017ല്‍ മാത്രം രാജ്യത്തെ ഒരു ശതമാനം ധനികര്‍ തങ്ങളുടെ സമ്പത്തിലുണ്ടാക്കിയ വര്‍ധനവ് 20.9 ലക്ഷം കോടിയാണ്. 2017-18 വര്‍ഷത്തെ കേന്ദ്ര ബജറ്റിന് തുല്യം വരുമിത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്നത് മനുഷ്യ സമൂഹത്തെയല്ല, ഒരുകൂട്ടം അതിസമ്പന്നരെയാണ്. സാധാരണ ജനത പ്രാഥമികാവശ്യങ്ങള്‍ പോലും നിവര്‍ത്തിക്കാന്‍ സാധിക്കാതെ കഷ്ടപ്പെടുമ്പോള്‍ കോടീശ്വരന്മാര്‍ അധികാരത്തിന്റെ തണലില്‍ വളര്‍ന്ന് പന്തലിക്കുകയാണ്. ഇവര്‍ക്ക് അടിക്കടി നികുതിയിളവ് പ്രഖ്യാപിക്കുകയും കടങ്ങള്‍ എഴുതിത്തള്ളുകയും ചെയ്യുന്ന ഭരണാധികാരികള്‍ സാധാരണക്കാരെ കണ്ടില്ലെന്നു നടിക്കുന്നു. 1.45 ലക്ഷം കോടി രൂപയുടെ നികുതിയിളവാണല്ലോ കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചത്.

രാജ്യത്തെ നയപരിപാടികളിലും സാമ്പത്തിക പരിഷ്‌കരണ നടപടികളിലും സമൂലമായ മാറ്റം അനിവാര്യമാണ്. സാധാരണക്കാരെ കൂടി ഉള്‍ക്കൊള്ളുന്ന പദ്ധതികള്‍ക്കും നയപരിപാടികള്‍ക്കും മാത്രമേ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ എന്തെങ്കിലും സംഭാവനകള്‍ അര്‍പ്പിക്കാനാകുകയുള്ളൂ.

വിപുലമായ മനുഷ്യ വിഭവശേഷി പരിഗണിച്ചു കൊണ്ടുള്ള പ്രത്യുത്പാദനപരവും ക്രിയാത്മകവുമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും തൊഴില്‍ മേഖലകളെ വളര്‍ത്താനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്. ഇനിയും പട്ടിണിയും അസമത്വവും വര്‍ധിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും തെറ്റായ ചിന്താഗതികളും വളരുകയും കൂടുതല്‍ പ്രശ്‌നബാധിതമായി രാജ്യം മാറുകയും ചെയ്‌തേക്കും. പല രാജ്യങ്ങളെയും ആഭ്യന്തര കലാപങ്ങളിലേക്ക് തള്ളിവിട്ടത് പട്ടിണിയും വിവേചനവുമായിരുന്നു. തീവ്രവാദ ഭീഷണിയും പാക് – ഇന്ത്യ യുദ്ധ പ്രതീതിയും പരമത വിദ്വേഷ പ്രചാരണവും കൊണ്ട് ജനങ്ങളെ എക്കാലവും അടക്കി നിര്‍ത്താനാകില്ല.

Latest