മന്‍മോഹനിലേക്ക് നോക്കൂ

യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം അതീവ പ്രതിസന്ധി നേരിടുന്നുവെന്ന യാഥാര്‍ഥ്യം എല്ലാവരും ഇപ്പോള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ പ്രതിസന്ധിയുടെ പരിഹാരം എന്താണെന്ന് അറിയാതെ രാജ്യത്തെ ധനകാര്യ മന്ത്രാലയം നട്ടം തിരിയുകയാണ്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ക്ക് കാരണം രാജ്യത്ത് ആസൂത്രണമില്ലാതെ ധനകാര്യ മേഖലയില്‍ നടപ്പാക്കിയ ഇടപെടലുകളാണെന്നതില്‍ ഇപ്പോള്‍ സര്‍ക്കാറിനു പോലും സംശയമുണ്ടാകില്ല. നോട്ട് നിരോധനം മുതല്‍ ജി എസ് ടി വരെയുള്ള ഒന്നാം മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയത്തിലെ പ്രശ്നങ്ങളാണ് ഈയൊരു പ്രതിസന്ധി വിളിച്ചു വരുത്തിയത്. അന്നേ രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ ഈ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കാത്തിരുന്നു കാണാമെന്നായിരുന്നു കേന്ദ്രവും ബി ജെ പിയും പറഞ്ഞിരുന്നത്. രാജ്യം അതി സമ്പന്നമാകാന്‍ പോകുന്നുവെന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാലിപ്പോള്‍ എല്ലാവരും മിണ്ടാതിരിക്കുകയാണ്. സാമ്പത്തിക രംഗത്തെക്കുറിച്ചോ അഞ്ച് ട്രില്യൺ എക്കണോമിയെക്കുറിച്ചോ നരേന്ദ്ര മോദി ഒരു വേദിയിലും പ്രസംഗിക്കുന്നില്ല. എന്തുകൊണ്ട് അഞ്ച് ട്രില്യൺ എക്കണോമി ഉപേക്ഷിച്ചുവെന്ന് ചോദിക്കാന്‍ ത്രാണിയുള്ള ഒരു പ്രതിപക്ഷവുമില്ല.
Posted on: October 18, 2019 11:18 am | Last updated: October 19, 2019 at 11:21 am

‘ഇന്ത്യന്‍ സാമ്പത്തിക രംഗം വളരെ മോശമായിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള ഇപ്പോഴത്തെ കണക്കുകള്‍ വെച്ചുനോക്കുമ്പോള്‍ സമീപ ഭാവിയില്‍ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിക്കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. കഴിഞ്ഞ അഞ്ചാറ്‌വര്‍ഷം ചെറിയ വളര്‍ച്ചക്കു നാം സാക്ഷ്യം വഹിച്ചു. എന്നാല്‍, ഇപ്പോള്‍ ആ ഉറപ്പ് നഷ്ടമായിരിക്കുന്നു…’ ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാന പ്രഖ്യാപനത്തിന് ശേഷം ജേതാക്കളിലൊരാളായ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രസ്താവനകളിലൊന്ന് ഇതായിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താണെന്ന ചോദ്യത്തിനായിരുന്നു ജെ എന്‍ യു വഴി ലോകത്തിന് സമ്മാനിച്ച ഈ സാമ്പത്തിക ശാസ്ത്ര പ്രതിഭ ഇങ്ങനെ പ്രതികരിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ദുരവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകളും ഞെട്ടിപ്പിക്കുന്ന കണക്കുകളും പുറത്തുവരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.

പ്രതിസന്ധി നേരിട്ട് അനുഭവിക്കുന്നുവെന്ന ബോധ്യം വന്ന ഘട്ടങ്ങളില്‍ ചില പൊടിക്കൈകളുമായി ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ എത്തിയെങ്കിലും സമ്പദ്ഘടനയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പുറത്തുവരുന്ന കണക്കുകള്‍ നോക്കി നില്‍ക്കുക മാത്രമാണ് സര്‍ക്കാറും ജനങ്ങളും ചെയ്യുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. അധിക റിപ്പോര്‍ട്ടുകളും അന്താരാഷ്ട്ര ഔദ്യോഗിക ഏജന്‍സികളുടേത്. എല്ലാം വളര്‍ച്ച താഴോട്ടാണെന്നാണ് പ്രവചിച്ചത്. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ തന്നെയായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് പ്രവചിച്ചതിലെ ഒരു പ്രധാന ഏജന്‍സി. ലോക ബേങ്ക്, ഐ എം എഫ്, മൂഡിസ് ഇന്‍വെസ്റ്റര്‍ സര്‍വീസ്, ഏഷ്യന്‍ ഡെവലപ്മെന്റ് ബേങ്ക്, ഓര്‍ഗനൈസേഷന്‍ ഓഫ് എക്കണോമിക്ക് കോ ഒപറേഷന്‍ ഡെവലപ്മെന്റ് തുടങ്ങിയ നിരവധി ഏജന്‍സികളുടെ പഠനങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക സ്ഥിതി അതിദയനീയമാണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തിലേക്ക് ഇടിയുമെന്നാണ് ലോക ബേങ്കിന്റെ പ്രവചനം. ലോക ബേങ്കിന്റെ സൗത്ത് ഏഷ്യ എക്കണോമിക് ഫോക്കസ്, ഫാള്‍ 2019: മേക്കിംഗ് (ഡീ)സെന്‍ട്രലൈസേഷന്‍ വര്‍ക്ക് എന്ന റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 88 പേജുകളുള്ള റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെക്കുറിച്ച് കടുത്ത ആശങ്കയാണ് രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. 2018-19 വളര്‍ച്ചാ നിരക്കായ 6.9 ശതമാനത്തില്‍ നിന്ന് കേവലം ഒരു വര്‍ഷം കൊണ്ട് മാത്രം കുത്തനെ തഴോട്ട് വന്ന് ആറ് ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വളര്‍ച്ചാ നിരക്ക് 2021 ല്‍ 6.9 ശതമാനമായും 2022ല്‍ 7.2 ശതമാനമായും ഘട്ടം ഘട്ടം ഉയര്‍ത്താമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് . ആഗോള സാമ്പത്തിക മാന്ദ്യത്തോടൊപ്പം ഇന്ത്യയിലെ ചില സവിശേഷമായ സാഹചര്യങ്ങളും സാമ്പത്തിക രംഗം താഴേക്ക് പോകാന്‍ കാരണമായെന്നാണ് വേള്‍ഡ് ബേങ്ക് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ പൊതു- സ്വകാര്യ മേഖലയിലെ ബേങ്കുകളിലെ കിട്ടാകടങ്ങള്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നുണ്ട്. ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ ഞെരുക്കം, നഗര പ്രദേശങ്ങളിലെ യുവജനങ്ങളുടെ ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് എന്നിവക്കൊപ്പം ജി എസ് ടി അവതരിപ്പിച്ചതും നോട്ട് നിരോധനവും ദരിദ്ര കുടുംബങ്ങളെ ബാധിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് മാന്ദ്യത്തിന്റെ തുടര്‍ച്ചയായ നാലാം പാദമാണിത്. 2019-20ന്റെ ആദ്യ പാദത്തില്‍, സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ വളര്‍ച്ചാ ഇടിവ് നേരിട്ടു. ഡിമാന്‍ഡ് ഭാഗത്ത് സ്വകാര്യ ഉപഭോഗം കുത്തനെ ഇടിഞ്ഞു.

വിതരണത്തിന്റെ കാര്യത്തില്‍ വ്യവസായ, സേവന മേഖലകളില്‍ വളര്‍ച്ച ദുര്‍ബലമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധനങ്ങള്‍ വാങ്ങുന്നതും വിവിധ സേവനങ്ങള്‍ക്ക് വേണ്ടി ചെലവിടുന്നതും കുടുംബങ്ങള്‍ വെട്ടിക്കുറച്ചതാണ് വിപണിയില്‍ മാന്ദ്യത്തിന് മുഖ്യ കാരണങ്ങളിലൊന്നെന്നും വിലയിരുത്തുന്നു. ഇതിനെല്ലാം പുറമെ വേള്‍ഡ് ബേങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം അയല്‍ രാജ്യങ്ങളും സാമ്പത്തിക വ്യവസ്ഥിതിയില്‍ ഇന്ത്യയേക്കാള്‍ താഴെയുള്ള രാജ്യങ്ങളുമായ ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും വളര്‍ച്ചാ നിരക്ക് ഇന്ത്യയേക്കാള്‍ ഉയരുമെന്നാണ് പറയുന്നത്. സമ്പദ് വ്യവസ്ഥ മോശമായി കൊണ്ടിരിക്കുന്നുവെന്ന മുന്നറിയിപ്പ് നല്‍കിയ മറ്റൊരു ഏജന്‍സി അന്താരാഷ്ട്ര നാണ്യനിധി ( ഐ എം എഫ്) ആണ്. 2019ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്ന് ഐ എം എഫ് പറഞ്ഞിട്ടുണ്ട്. സംഘടനയുടെ ഏറ്റവും പുതിയ വേള്‍ഡ് എക്കണോമിക്ക് ഔട്ട് ലുക്ക്‌ റിപ്പോര്‍ട്ടിലാണ് വളര്‍ച്ചാ നിരക്ക് കുറയുമെന്ന് പ്രവചിച്ചിരിക്കുന്നത്. മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസും സമാനമായാണ് പ്രതികരിച്ചത്. വളര്‍ച്ചാ നിരക്ക് 6.2ലേക്ക് എത്തുമെന്നാണ് മൂഡീസ് പറഞ്ഞത്.

തൊഴിലവസരങ്ങളുടെ കുറവ്, ഗ്രാമീണ മേഖലയിലെ കുടുംബങ്ങളിലെ ദാരിദ്ര്യം, ബേങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സമ്മര്‍ദം നിമിത്തം അനുഭവപ്പെടുന്ന കടുത്ത സാമ്പത്തിക സ്ഥിതി തുടങ്ങിയ ഘടകങ്ങളുടെ സ്വാധീനമാണ് വളര്‍ച്ച കുറയാനുള്ള കാരണമായി മൂഡീസ് ചൂണ്ടിക്കാട്ടുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം അതീവ പ്രതിസന്ധി നേരിടുന്നുവെന്ന യാഥാര്‍ഥ്യം എല്ലാവരും ഇപ്പോള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ പ്രതിസന്ധിയുടെ പരിഹാരം എന്താണെന്ന് പോലുമറിയാതെ രാജ്യത്തെ ധനകാര്യ മന്ത്രാലയം നട്ടം തിരിയുകയാണ്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ക്ക് കാരണം രാജ്യത്ത് ആസൂത്രണമില്ലാതെ ധനകാര്യ മേഖലയില്‍ നടപ്പാക്കിയ ഇടപെടലുകളാണെന്നതില്‍ ഇപ്പോള്‍ സര്‍ക്കാറിനു പോലും സംശയമുണ്ടാകില്ല. നോട്ട് നിരോധനം മുതല്‍ ജി എസ് ടി വരെയുള്ള ഒന്നാം മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയത്തിലെ പ്രശ്നങ്ങളാണ് ഈയൊരു പ്രതിസന്ധി വിളിച്ചു വരുത്തിയത്. അന്നേ രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ ഈ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കാത്തിരുന്നു കാണാമെന്നായിരുന്നു കേന്ദ്രവും ബി ജെ പിയും പറഞ്ഞിരുന്നത്. രാജ്യം അതി സമ്പന്നമാകാന്‍ പോകുന്നുവെന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാലിപ്പോള്‍ എല്ലാവരും മിണ്ടാതിരിക്കുകയാണ്. സാമ്പത്തിക രംഗത്തെക്കുറിച്ചോ അഞ്ച് ട്രില്ല്യന്‍ എക്കണോമിയെക്കുറിച്ചോ നരേന്ദ്ര മോദി ഒരു വേദിയിലും പ്രസംഗിക്കുന്നില്ല. എന്തുകൊണ്ട് അഞ്ച് ട്രില്ല്യന്‍ എക്കണോമി ഉപേക്ഷിച്ചുവെന്ന് ചോദിക്കാന്‍ ത്രാണിയുള്ള ഒരു പ്രതിപക്ഷവുമില്ല.

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിയുടെ തകര്‍ച്ചയില്‍ മോദി സര്‍ക്കാറിനെതിരെ അതിരൂക്ഷ വിമര്‍ശനം നടത്തിയയൊരാള്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവാണ്. ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ മുന്‍ കമ്മ്യൂണിക്കേഷന്‍ അഡൈ്വസര്‍, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാധിഷ്ഠിത സംരംഭമായ റെയ്റ്റോ ഫോലിയോയുടെ മാേനജിംഗ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രാജ്യത്തെ പോളിറ്റിക്കല്‍ എക്കണോമിസ്റ്റുകളിലൊരാളായ പറക്കാല പ്രഭാകരനാണ് കടുത്ത വിമര്‍ശനവുമായി മോദിക്ക് നേരെയെത്തിയത്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിനുണ്ടായ തകര്‍ച്ച വിശദീകരിച്ച് ദി ഹിന്ദു ദിനപത്രത്തില്‍ “എ ലോഡ്സ്റ്റാര്‍ ടു സ്റ്റിര്‍ ദി എക്കോണമി’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് പറക്കാല പ്രഭാകരന്‍ ഈ വിമര്‍ശനം ഉന്നയിച്ചത്. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗിന്റെയും പി വി നരസിംഹ റാവുവിന്റെയും സാമ്പത്തിക മാതൃക പിന്തുടരണമെന്ന് അദ്ദേഹം കേന്ദ്രത്തോട് നിര്‍ദേശിക്കുകയും ചെയ്തു. സാമ്പത്തിക മാന്ദ്യത്തെ സംബന്ധിച്ച് രാജ്യത്തെ എല്ലായിടത്തും ആകുലതകള്‍ ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ കേന്ദ്രം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു വിമര്‍ശനങ്ങളിലൊന്ന്.

നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ആശയത്തെ കുറ്റപ്പെടുത്തുന്നതിനു പകരം രാജ്യത്ത് ഉദാരവത്കരണത്തിന് വഴി തെളിച്ച നരസിംഹ റാവു-മന്‍മോഹന്‍ സിംഗ് സാമ്പത്തിക മാതൃക ബി ജെ പി പിന്തുടരണം. നെഹ്‌റുവിയന്‍ മോഡലിനെ വിമര്‍ശിക്കുക എന്നതിലേക്കാണ് ബി ജെ പിയുടെ സാമ്പത്തിക തത്വശാസ്ത്രവും അതിന്റെ പ്രായോഗികതയും പ്രധാനമായും പരിമിതപ്പെട്ടിരിക്കുന്നത്. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഇതല്ല ഇതല്ല (നേതി നേതി) എന്നതാണ് ബി ജെ പി സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്താണ് തങ്ങളുടെ നയം എന്ന് വ്യക്തമാക്കാതെയാണിത്. സ്വന്തമായി ഒരു സാമ്പത്തിക നയം രൂപപ്പെട്ടിട്ടില്ലാത്ത പാര്‍ട്ടിയാണ് ബി ജെ പിയെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റുവിയന്‍ സോഷ്യലിസത്തെ ഭാരതീയ ജനസംഘത്തിന്റെ കാലം മുതല്‍ക്കേ ബി ജെ പി നിഷേധിക്കുന്നതാണ്. സ്വതന്ത്ര, മുതലാളിത്ത സാമ്പത്തിക നയമാണ് തങ്ങളുടേതെന്ന് അലക്ഷ്യമായി പറയാറുണ്ട് എന്നല്ലാതെ എന്താണ് ആ നയമെന്നതിന് ഇനിയുമൊരു രൂപം അവര്‍ക്ക് വന്നിട്ടില്ല. പകരം എല്ലാറ്റിനെയും നിഷേധത്തോടെ സമീപിക്കുകയും നയമൊന്നുമില്ലാതെ തുടരുകയുമാണ് ബി ജെ പിയെന്നും പ്രഭാകര്‍ എഴുതി. ഇത്രയെങ്കിലും എഴുതാന്‍ ആളുണ്ടായല്ലോ എന്നത് ഏറെ ആശ്വാസകരമാണ്. ദേശീയത മാത്രം ജീവവായുവായി സ്വീകരിക്കുന്ന, അത് മാത്രം ഭക്ഷിക്കുന്ന ഒരു ജനതക്ക് കൂടുതല്‍ പ്രാധാന്യമുള്ള ഒരു കാലത്ത് രാജ്യത്തോടായി ഇങ്ങനെയെങ്കിലും പറയാന്‍ ആരെങ്കിലുമുണ്ടല്ലോയെന്ന ഒരേയൊരു ആശ്വാസം മാത്രമാണ് ഈ രാജ്യവും സമ്പദ് വ്യവസ്ഥയും പഴയകാല പ്രഭാവത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷക്ക് ഇനി ബാക്കിയായി നില്‍ക്കുന്നത്.