Connect with us

Editorial

ബാബരി കേസും ഫാറൂഖിയുടെ പിന്മാറ്റവും

Published

|

Last Updated

ദുരൂഹമാണ് അയോധ്യ കേസില്‍ നിന്ന് പിന്‍മാറാനുള്ള യു പി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹ‌്മദ് ഫാറൂഖിയുടെ തീരുമാനം. സുപ്രീം കോടതിയുടെ 40 ദിവസം നീണ്ട മാരത്തോണ്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ഉപാധികളോടെ കേസില്‍ നിന്ന് പിന്മാറാന്‍ സന്നദ്ധമാണെന്ന് കോടതി നിയോഗിച്ചിരുന്ന മധ്യസ്ഥ സമിതി അംഗമായ ശ്രീറാം പഞ്ചു മുഖേന സഫര്‍ അഹ‌്മദ് ഫാറൂഖി അറിയിച്ചത്. കാശി, മധുര പള്ളികളുടെ മേല്‍ ഹിന്ദുത്വര്‍ ഉന്നയിക്കുന്ന അവകാശവാദം ഉപേക്ഷിക്കുക, അയോധ്യയിലെ മറ്റ് 22 പള്ളികളുടെ അറ്റകുറ്റ പണികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, ചരിത്ര പ്രാധാന്യമുള്ള പള്ളികള്‍ സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പിനെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപവത്കരിക്കുക എന്നിവയാണ് ഉപാധികള്‍. കേസിന്റെ അവസാനത്തില്‍ വഖ്ഫ് ബോര്‍ഡിന്റെ അഭിഭാഷകനെ മാറ്റാനും ഫാറൂഖി ശ്രമിച്ചിരുന്നു.

വഖ്ഫ് ബോര്‍ഡ് ചെയര്‍മാനെന്ന നിലയില്‍ കേസില്‍ നിന്ന് പിന്‍വാങ്ങണമെങ്കില്‍ ബോര്‍ഡ് യോഗം തീരുമാനിക്കുകയോ ചുരുങ്ങിയ പക്ഷം ബോര്‍ഡ് അംഗങ്ങളെ വിവരമറിയിക്കുകയോ വേണ്ടതാണ്. അതുണ്ടായിട്ടില്ല. തന്നിഷ്ടപ്രകാരമാണ് ഫാറൂഖിയുടെ ചുവടുമാറ്റമെന്നും കേസില്‍ നിന്ന് പിന്മാറാന്‍ സുന്നി വഖ്ഫ് ബോര്‍ഡ് തീരുമാനിച്ചിട്ടില്ലെന്നും ബോര്‍ഡിന്റെ അഭിഭാഷകരായ രാജീവ് ധവാനും സഫരിയാബ് ജീലാനിയും വ്യക്തമാക്കിയിട്ടുമുണ്ട്. മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗം കൂടിയാണ് സഫരിയാബ് ജീലാനി. മാത്രമല്ല, യു പി സുന്നി വഖ്ഫ് ബോര്‍ഡ് കേസില്‍ ഒരു കക്ഷി മാത്രമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശ കേസിലെ മുഖ്യ ഹരജിക്കാരന്‍ അയോധ്യ സ്വദേശി ഹാശിം അന്‍സാരിയാണ്. അദ്ദേഹം പിന്‍മാറിയാല്‍ മാത്രമേ അത് കേസിനെ ബാധിക്കൂ. അയോധ്യയിലെ ആരാധനാലയങ്ങളുടെ തത്‌സ്ഥിതി തുടരുന്നതിന് നേരത്തേ നരസിംഹ റാവു സര്‍ക്കാര്‍ നിയമം കൊണ്ടു വന്നിട്ടുണ്ടെന്നിരിക്കെ അവയുടെ സംരക്ഷണത്തിന് പുതിയൊരു നിയമനിര്‍മാണമോ സമിതി രൂപവത്കരണമോ വേണമെന്ന ഫാറൂഖിയുടെ ആവശ്യത്തിന് പ്രസക്തിയുമില്ല.
യു പിയിലെ യോഗി സര്‍ക്കാറിന്റെ സ്വാധീനത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും കേസ് അട്ടിമറിക്കുകയുമാണ് സഫര്‍ അഹ‌്മദ് ഫാറൂഖിയുടെ ലക്ഷ്യമെന്ന് ആരോപിക്കപ്പെടുന്നുണ്ട്. വഖ്ഫ് സ്വത്തുക്കള്‍ നിയമവിരുദ്ധമായി വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്ന കേസ് നിലവിലുണ്ട് ഫാറൂഖിയുടെ പേരില്‍. അലഹാബാദിലും ലഖ്‌നൗവിലും ഇതുസംബന്ധിച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് സി ബി ഐക്ക് വിടണമെന്ന് യു പി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടിരിക്കുകയുമാണ്. ബാബരി കേസില്‍ ഫാറൂഖിയെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുകയാണ് ഇതിലൂടെ യോഗി ലക്ഷ്യമാക്കുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ വേണം ഫാറൂഖിയുടെ കരണം മറിച്ചിലിനെ വിലയിരുത്താന്‍.
ബാബരി മസ്ജിദ് നിലനിന്നിരുന്ന വഖ്ഫ് ഭൂമിയുടെ മേലുള്ള അവകാശവാദം മുസ്‌ലിംകള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയെന്നതായിരിക്കും കേസില്‍ നിന്നുള്ള മുസ്‌ലിംകളുടെ പിന്മാറ്റത്തിന്റെ അനന്തരഫലം. ഇതൊരു നിലക്കും അംഗീകരിക്കാവുന്നതല്ല. പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട ഭൂമി വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ ഇതര ആവശ്യത്തിനു വിനിയോഗിക്കാനോ പാടില്ലെന്നാണ് ഇസ്‌ലാമിക നിയമം. വഖ്ഫ് സ്വത്തിന്റെ മേല്‍നോട്ടത്തിന് നിയോഗിക്കപ്പെട്ടവര്‍ ഈ ചട്ടത്തിനു വിധേയമായി മാത്രമേ അത് കൈകാര്യം ചെയ്യാവൂ. വഖ്ഫ് സ്വത്തുക്കളുടെ കാര്യത്തില്‍ ശരീഅത്തനുസരിച്ച് മാത്രമേ വിധി കല്‍പ്പിക്കാവൂ എന്ന് മുസ്‌ലിം വ്യക്തി നിയമത്തില്‍ വ്യക്തമായി പറയുന്നുമുണ്ട്. എന്നിരിക്കെ നിയമ വ്യവസ്ഥകളോട് നീതി പുലര്‍ത്തുന്നുണ്ടെങ്കില്‍ സഫര്‍ അഹ‌്മദ് ഫാറൂഖിയുടെ നീക്കത്തെ തള്ളിക്കളയുകയാണ് കോടതി ചെയ്യേണ്ടത്.

അതേസമയം, ഫാറൂഖിയുടെ ചുവടുമാറ്റം ഒരവസരമായിക്കണ്ട് മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കാനുള്ള നീക്കത്തിലാണ് സുപ്രീം കോടതിയെന്ന് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വാദം കേള്‍ക്കുന്ന ന്യായാധിപന്മാരെ സംബന്ധിച്ചിടത്തോളം മുള്‍ക്കിരീടമാണ് ബാബരി മസ്ജിദ് ഭൂമി അവകാശത്തര്‍ക്ക കേസ്. ഏഴ് പതിറ്റാണ്ടായി രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക പരിസരത്തെ പ്രക്ഷുബ്ധമാക്കിക്കൊണ്ടിരിക്കുന്നതും മതവിശ്വാസവുമായി ബന്ധപ്പെട്ടതുമായ വിഷയമാണിത്. 1528ല്‍ മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ നിര്‍മിച്ച പള്ളിയില്‍ നാല് പതിറ്റാണ്ടു കാലം മുസ്‌ലിംകള്‍ ആരാധിച്ചിരുന്നുവെന്നും 27 വര്‍ഷം മുമ്പ് സര്‍ക്കാറിനെയും കോടതിയെയും വെല്ലുവിളിച്ച് ഹിന്ദുത്വര്‍ അതിനെ തകര്‍ക്കുന്നതു വരെ മുസ്‌ലിംകളുടെ അധീനതയിലായിരുന്നുവെന്നും നീതിപീഠത്തിലിരിക്കുന്ന ന്യായാധിപന്മാര്‍ക്കെല്ലാം നന്നായി അറിയാം. നേരത്തേ അവിടെയുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്നത് ഇതുവരെ തെളിയിക്കപ്പെടാത്ത കേവലം അവകാശ വാദമാണ്. രാമന്റെ ജന്മ സ്ഥലമാണ് അയോധ്യയെന്നതും ഐതിഹ്യം മാത്രം. ഈ പശ്ചാത്തലത്തില്‍ സ്ഥലത്തിന്റെ അവകാശം ആര്‍ക്കാണെന്ന് മനസ്സിലാക്കാന്‍ നിയമത്തില്‍ വലിയ പരിജ്ഞാനമൊന്നും ആവശ്യമില്ല. എങ്കിലും അതനുസരിച്ചുള്ള വിധിപ്രസ്താവത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ജുഡീഷ്യറിയെ വേട്ടയാടുന്നുണ്ട്. ഇതായിരിക്കണം കോടതി ഒത്തുതീർപ്പിന് ശ്രമിക്കുന്നതും ആ നിലക്കുള്ള നീക്കങ്ങളെ സ്വാഗതം ചെയ്യാന്‍ തുനിയുന്നതും. അയോധ്യാ കേസിനെ അതിന്റെ വഴിക്കു വിടുന്നതിനു പകരം കോടതി എന്തിനു മധ്യസ്ഥതക്ക് മുതിരുന്നുവെന്ന ചോദ്യമുയര്‍ന്നപ്പോള്‍ “കേവലം ഭൂമി തര്‍ക്കത്തിനപ്പുറം ജനങ്ങളുടെ വിശ്വാസവും വൈകാരികതയും കെട്ടുപിണഞ്ഞു കിടക്കുന്ന വിഷയമായതിനാലും രാഷ്ട്രീയ മണ്ഡലത്തില്‍ അതിന്റെ സ്വാധീനത്തെ കുറിച്ചറിയാകുന്നത് കൊണ്ടുമാണെ”ന്നായിരുന്നു ജസ്റ്റിസ് ബോബ്‌ഡെയുടെ മറുപടി. കേസില്‍ ജുഡീഷ്യറി നേരിടുന്ന പ്രതിസന്ധിയുടെ ആഴം വളരെ വ്യക്തമാണ് ഈ വാക്കുകളില്‍.

---- facebook comment plugin here -----

Latest