Connect with us

Kerala

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിച്ചു; ശനിയാഴ്ച എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: തലസ്ഥാനത്തും കോഴിക്കോട്ടും കനത്ത മഴ തുടരുന്നു. ശനിയാഴ്ച എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപം കൊണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിച്ചു.

തിരുവനന്തപുരം അമ്പൂരി തൊടുമലയിലെ ഓറഞ്ചുകാട്ടില്‍ ഉരുള്‍പൊട്ടി. വൈകിട്ട് നാലോടെയാണ് ഉരുള്‍പൊട്ടിയത്. മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വന്‍ കൃഷിനാശമുണ്ടായി. പൊന്നന്‍ചുണ്ട്, മണലി പാലങ്ങള്‍ മുങ്ങി. കല്ലാര്‍, വാമനപുരം നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കിള്ളിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. പൊന്മുടിയില്‍ രണ്ട് ദിവസത്തേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് തുഷാരഗിരി പോത്തുണ്ടിയിലെ താത്ക്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. കണ്ണാടിപ്പൊയില്‍, പാത്തിപ്പാറ പ്രദേശങ്ങളില്‍ മണ്ണൊലിപ്പിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. കോട്ടൂരില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. മുക്കൈ പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം വിലയിരുത്തുന്നു. മണിക്കൂറില്‍ 45 മുതല്‍ 65 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്കന്‍ കേരള തീരം, ലക്ഷദ്വീപ്, കര്‍ണാടക തീരം, മധ്യകിഴക്ക് അറബിക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ശക്തമായ ഇടിമിന്നലിന് സാധ്യത മുന്‍നിര്‍ത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.