കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ സ്‌ഫോടനം; 62 പേര്‍ മരിച്ചു

Posted on: October 18, 2019 9:36 pm | Last updated: October 19, 2019 at 12:23 pm

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗ്ഹര്‍ പ്രവിശ്യയില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം നിര്‍വഹിക്കാനെത്തിയവരാണ് സ്‌ഫോടനത്തിന് ഇരയായത്.

പള്ളിയില്‍ കൊണ്ടുവച്ചിരുന്ന രണ്ട് ബോംബുകള്‍ ഒരേസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അഫ്ഗാന്‍ ഗവര്‍ണര്‍ അത്താഉല്ല കോഗ്യാനി പറഞ്ഞു. എന്നാല്‍, ചാവേര്‍ അക്രമിയാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രസിഡന്‍ഷ്യല്‍ വക്താവ് സെദിഖ് സിദ്ദീഖി പറഞ്ഞത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

യു എന്‍ കണക്കുകള്‍ പ്രകാരം അഫ്ഗാനിസ്ഥാനില്‍ അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വലിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം ജനുവരിക്കു ശേഷം സിവിലിയന്‍ പ്രദേശങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 647 പേര്‍ കൊല്ലപ്പെടുകയും 2,796 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.