ഉത്തര്‍പ്രദേശില്‍ കോളജിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു

Posted on: October 18, 2019 8:16 pm | Last updated: October 19, 2019 at 12:11 pm

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സര്‍വകലാശാലകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ഉള്ളില്‍ മൊബൈല്‍ ഫോണുകള്‍ എടുക്കാനോ ഉപയോഗിക്കാനോ വിദ്യാര്‍ത്ഥികളെ അനുവദിക്കില്ല. അധ്യാപകര്‍ക്കും നിരോധനം ബാധകമാണെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

കോളേജ് സമയങ്ങളില്‍ ധാരാളം വിദ്യാര്‍ത്ഥികളും അധ്യാപകരും തങ്ങളുടെ വിലയേറിയ സമയം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന് ചെലവഴിക്കുന്നതായി നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്തെ എല്ലാ കോളേജുകളിലും സര്‍വകലാശാലകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അധ്യാപന അന്തരീക്ഷം ഉറപ്പാക്കുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടന്നതെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

കാബിനറ്റ് മീറ്റുകളിലും മറ്റു ഔദ്യോഗിക മീറ്റിംഗുകളിലും സെല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു ഈ നിരോധനം. മന്ത്രിസഭാ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ എല്ലാ മന്ത്രിമാരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ലക്ഷ്യത്തോടെയാണ് നിരോധനമെന്നാണ് അന്ന് യോഗി പറഞ്ഞത്. ഹാക്കിംഗ്, ഇലക്ട്രോണിക് ചാരവൃത്തി ഭീഷണി എന്നിവ കൂടി കണക്കിലെടുത്തായിരുന്നു തീരുമാനം.