Connect with us

International

ഭീകരര്‍ക്ക് സാമ്പത്തിക സഹായം: പാക്കിസ്ഥാന് മുന്നറിയിപ്പുമായി എഫ് എ ടി എഫ്

Published

|

Last Updated

പാരീസ്: കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നേരിടുന്നതില്‍ പരാജയപ്പെട്ടതിന് രാജ്യാന്തര തീവ്രവാദ ധനകാര്യ വാച്ച്‌ഡോഗ് എഫ് എ ടി എഫ് പാകിസ്ഥാനെ താക്കീത് ചെയ്തു. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ധനസഹായം ലഭിക്കുന്നത് നിയന്ത്രിക്കുന്നതിനായി പാകിസ്ഥാന് നല്‍കിയ 27 ചുമതലകളില്‍ അഞ്ചെണ്ണം മാത്രമാണ് അവര്‍ പാലിച്ചതെന്നും കര്‍മപദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ പാക്കിസ്ഥാന്‍ ഇനിയും വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും എഫ് എ ടി എഫ് മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്തുന്നതായും എഫ്ടിഎഫ് വ്യക്തമാക്കി. പാരീസില്‍ ചേര്‍ന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ് എ ടി എഫ്) അഞ്ച് ദിവസത്തെ പ്ലീനറി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് എഫ് എ ടി എഫ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 2019 ഒക്ടോബറോടെ പൂര്‍ത്തിയാക്കാനുള്ള കര്‍മ പദ്ധതി പാക്കിസ്ഥാന് നല്‍കുകയും ചെയ്തിരുന്നു. ഇത് പാക്കിസ്ഥാന്‍ പൂര്‍ത്തിയാക്കാത്തതാണ് വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കാരണം. കര്‍മ പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ വിഴ്ച വരുത്തിയാല്‍ ഇറാനും ഉത്തര കൊറിയയുമായുള്ള കരിമ്പട്ടികയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തത്തുമെന്ന് എഫ് എ ടി എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചൈന, തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങള്‍ പിന്തുണച്ചതിനെ തുടര്‍ന്ന് കര്‍മ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സമയപരിധി 2020 ഫെബ്രുവരി വരെ നീട്ടി നല്‍കിയിട്ടുണ്ട്.

2020 ഫെബ്രുവരിക്കകം കര്‍മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നും എഫ് എ ടി എഫ് വ്യക്തമാക്കി. ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്.