ചെന്നിത്തല ആരാന്റെ മക്കളുടെ കാര്യം നോക്കിയാല്‍ പോരാ, ഇടക്ക് സ്വന്തം മകന്റെ കാര്യവും അന്വേഷിക്കണമെന്ന് കെ ടി ജലീല്‍

Posted on: October 18, 2019 3:36 pm | Last updated: October 18, 2019 at 3:36 pm

തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും മന്ത്രി കെ ടി ജലീല്‍. രമേശ് ചെന്നിത്തല ആരാന്റെ മക്കളുടെ കാര്യം നോക്കിയാല്‍ പോരെന്നും ഇടക്ക് സ്വന്തം മകന്റെ കാര്യം അന്വേഷിക്കണമെന്നും ജലീല്‍ മഞ്ച്വേശരത്ത് പറഞ്ഞു. ചെന്നിത്തലയുടെ മകന്റെ വിജയത്തില്‍ അസ്വാഭാവികതയുണ്ടെന്നും ജലീല്‍ ആരോപിച്ചു. മോഡറേഷന്‍ നല്‍കുന്നത് വേണ്ടെന്ന് തീരുമാനിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും ജലീല്‍ ചോദിച്ചു.

2017 ലെ സിവില്‍ സര്‍വീസ് എഴുത്ത് പരീക്ഷയില്‍ 608 മത്തെ റാങ്കായിരുന്നു ചെന്നിത്തലയുടെ മകന് കിട്ടിയത്. എന്നാല്‍ ഇന്റര്‍വ്യൂവിന് ഫസ്റ്റ് റാങ്കാണ് ലഭിച്ചത്. എഴുത്ത് പരീക്ഷയുടെ മാനദണ്ഡത്തിനനുസരിച്ചാണ് ഇന്റര്‍വ്യൂവിന് മാര്‍ക്ക് ലഭിക്കുന്നതെങ്കില്‍ അതിനനുസരിച്ചുള്ള മാര്‍ക്കായിരുന്നില്ല ചെന്നിത്തലയുടെ മകന് ലഭിച്ചതെന്ന് ജലീല്‍ പറഞ്ഞു. 607 പേരെ പിന്തള്ളി ഏറ്റവുമധികം മാര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ മകന് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കണമെന്ന് ജലീല്‍ പറഞ്ഞു.

മകന്റെ സിവില്‍ സര്‍വീസ് പരീക്ഷാ ഇന്റര്‍വ്യൂ നടക്കുന്ന സമയത്ത് താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ മകന്റെ ഇന്റര്‍വ്യൂ സമയത്ത് വിളിച്ച ഫോണ്‍കോളുകളുടെ കോള്‍ലിസ്റ്റ് പരിശോധിക്കണമെന്നും കെ ടി ജലീല്‍ പറഞ്ഞു. യു പി എസ് സി മാലാഖമാരല്ലെന്നും അവരെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും ജലീല്‍ പറഞ്ഞു.

അതേ സമയം, മാര്‍ക്ക് ദാന വിവാദത്തില്‍ ജലീലിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നും രംഗത്തെത്തി. തോറ്റ കുട്ടികളെ കൂട്ടത്തോടെ ജയിപ്പിക്കുന്ന അസാധാരണ നടപടിയാണ് നടന്നതെന്നും പ്രൈവറ്റ് സെക്രട്ടറിക്ക് സര്‍വ്വകലാശാലകളിലെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ആരോപണങ്ങള്‍ക്ക് മറുപടിയില്ലാത്തതുകൊണ്ടാണ് മന്ത്രി ജലീല്‍ ബാലിശമായ കാര്യങ്ങള്‍ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.