Connect with us

Kerala

ജാതി-മത സംഘടനകള്‍ പരസ്യമായി വോട്ടഭ്യര്‍ഥിക്കുന്നത് ചട്ടലംഘനം: ടിക്കാറാം മീണ

Published

|

Last Updated

തിരുവനന്തപുരം: ജാതി-മത സംഘടനകള്‍ പരസ്യമായി വോട്ടഭ്യര്‍ഥിക്കുന്നത് ചട്ടലംഘനമാണെന്ന വാദം ആവര്‍ത്തിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേരളത്തിന് മതനിരപേക്ഷ പാരമ്പര്യമാണ് ഉള്ളത്. ഇത് ജാതി തിരഞ്ഞെടുപ്പല്ല; രാഷ്ട്രീയ തിരഞ്ഞെടുപ്പാണ്. ജാതിയും മതവും പറഞ്ഞ് ഇതൊരു കലാപ ഭൂമിയാക്കാന്‍ പാടില്ലെന്നും രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യണമെന്നും മീണ പറഞ്ഞു.

സമദൂരം ശരിദൂരമാക്കിയ എന്‍ എസ് എസ് നിലപാടിനെയും മീണ വിമര്‍ശിച്ചു. സമുദായ സംഘടനകളുടെ സമദൂരമെന്ന നിലപാട് അംഗീകരിക്കാവുന്നതാണ്. എന്നാല്‍ സമദൂരം ശരിദൂരമാക്കിയത്് അപകടകരമാണ്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ജാതി-മത സംഘടനകള്‍ അവരുടെ പരിധി തിരിച്ചറിയണമെന്നും മീണ പറഞ്ഞു. എന്‍ എസ് എസ്. യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചത് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യ തിരഞ്ഞടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവിലെ ജാതി വോട്ട് സംബന്ധിച്ച് സി പി എമ്മിന്റെ പരാതി കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂര്‍ക്കാവിലെ ഇരട്ടവോട്ടുകളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്നും കള്ളവോട്ടുകള്‍ക്കും ഇരട്ടവോട്ടുകള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരാതികളെ പോസിറ്റീവായി കാണുന്നുവെന്നും ടിക്കാറാം മീണ പറഞ്ഞു. കള്ളവോട്ട് തടയുന്നതിനായി പോളിംഗ് ഏജന്റുമാര്‍ ജാഗ്രത കാണിക്കണം. 140 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനമുണ്ടാകും. കൊട്ടിക്കലാശം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Latest