Connect with us

National

ബാബരി കേസ്: ഒത്തുതീര്‍പ്പ് വ്യവസ്ഥ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി കേസ് ഒത്തുതീര്‍പ്പ് വ്യവസ്ഥ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് തള്ളി. പുറത്ത് വന്ന ഒത്തുതീര്‍പ്പ് നിര്‍ദ്ദേശത്തോട് യോജിപ്പില്ലെന്നും മധ്യസ്ഥ സമിതി അംഗങ്ങള്‍ ഒത്തുകളിക്കുകയാണെന്നും ബോര്‍ഡ് വ്യക്തമാക്കി. സമിതിയുടെ നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടന്നും കേസില്‍ കക്ഷികളായ മുസ്‌ലിം സംഘടനകളുടെ അഭിഭാഷകര്‍ ആരോപിച്ചു.

മാധ്യമങ്ങളിലൂടെ പുറത്തുവന്ന മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് നിഷ്പക്ഷമല്ലെന്നും സമിതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമാണെന്ന് അഡ്വ. ഇജാസ് മഖ്ബൂല്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

വാദം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ മധ്യസ്ഥ നീക്കം സാധ്യമല്ലെന്നായിരുന്നു മുസ്ലിം കക്ഷികളുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ സുപ്രീംകോടതിയുടെ അന്തിമ വിധി അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട് മറ്റ് മുസ്ലീം കക്ഷികളെ അറിയിച്ചിട്ടില്ല. മധ്യസ്ഥ സമിതിയുടെ ശിപാര്‍ശകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് അന്വേഷിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കത്ത് നല്‍കി.

Latest