Connect with us

Kasargod

മഞ്ചേശ്വരത്ത് ഇത്തവണ അത്ഭുതം സംഭവിക്കുമോ?

Published

|

Last Updated

മഞ്ചേശ്വരം: കടുത്ത രാഷ്ട്രീയം ജനം സിരകളില്‍ കൊണ്ട് നടക്കുമ്പോഴും മത- സാമുദായിക സംഘടനകളും ഭാഷാ ന്യൂനപക്ഷങ്ങളും വിധി നിര്‍ണയിക്കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. ഉത്തര കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഭൂമിക. മഹത്തായ തുളുനാടന്‍ സംസ്്കാരത്തിന്റെ പാരമ്പര്യമുള്ള ഈ മണ്ണിന്റെ രാഷ്ട്രീയ ചരിത്രവും ഏറെ പ്രത്യേകത നിറഞ്ഞതാണ്. കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമായ കാലത്ത് പോലും ബി ജെ പിക്കാര്‍ ഓരോ തിരഞ്ഞെടുപ്പിലും പറയുന്ന ഒരു കാര്യമുണ്ട്. തെക്ക് നേമവും വടക്ക് മഞ്ചേശ്വരവും ഞങ്ങള്‍ പിടിക്കും. നേമത്ത് ഒടുവില്‍ താമര വിരിഞ്ഞു. എന്നാല്‍ മൂന്ന് പതിറ്റാണ്ടായി മഞ്ചേശ്വരത്ത് ബി ജെ പി റണ്ണറപ്പാണ്.

ചരിത്രത്തില്‍ ആദ്യമായി ഒരു ഉപതിരഞ്ഞെടുപ്പിന് മണ്ഡലം സാക്ഷ്യം വഹിക്കുമ്പോള്‍ പോരിന് തീവ്രതയേറുന്നു. കാസര്‍കോട് താലൂക്കില്‍പ്പെടുന്ന മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, പൈവളികെ, മംഗല്‍പാടി, കുമ്പള, പുത്തിഗെ പഞ്ചായത്തുകള്‍ അടങ്ങിയതാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലം.
ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍, കഴിഞ്ഞ തവണ 89 വോട്ടിനാണ് ലീഗ് സ്ഥാനാര്‍ഥി അബ്ദുറസാഖ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയത്.

വിയര്‍ത്ത് നേടിയ മണ്ഡലം നിലനിര്‍ത്തേണ്ടത് യു ഡി എഫിനെ സംബന്ധിച്ചെടുത്തോളം വലിയ വെല്ലുവളി നിറഞ്ഞതാണ്. കുത്തക മണ്ഡലം നിലനിര്‍ത്താന്‍ ജില്ലാ പ്രസിഡന്റായ എം സി ഖമറുദ്ദീനെ തന്നെയാണ് മുസ്ലിംലീഗ് ഇതിനായി കളത്തിലിറക്കിയിരിക്കുന്നത്. എന്നാല്‍ മണ്ഡലത്തിന് പുറത്തുള്ളയാള്‍ എന്നതാണ് ഖമറുദ്ദീനുള്ള പ്രധാന വെല്ലുവിളി. മണ്ഡലത്തിലെ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന യൂത്ത്‌ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുകയും ഇതിനായി ശക്തമായ സമ്മര്‍ദം നടത്തകയും ചെയ്തിരുന്നു. പാണക്കാട് തങ്ങളുടെ വീടിന് മുമ്പില്‍ വരെ യൂത്ത്‌ലീഗ് ഇതിനായി പ്രതിഷേധം നടത്തിനോക്കിയെങ്കിലും പതിവില്‍ നിന്നും വിത്യസ്തമായി ഒന്നും സംഭവിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വം തീരുമാനിച്ച ഖമറുദ്ദീന്‍ തന്നെ കളത്തിലിറങ്ങി. ഖമറുദ്ദീന്റെ പ്രചാരണം ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ശക്തമായി മുന്നോട്ട്‌പോകുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ പുകച്ചില്‍ കെട്ടടങ്ങിയിട്ടില്ല.

ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ ബഹുഭാഷ പണ്ഡിതനായ, സി പി എം ജില്ലാ കമ്മിറ്റി അംഗമായ എം ശങ്കര്‍റൈയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി. മണ്ഡലത്തിലെ വോട്ടര്‍ എന്നതിന് പുറമെ തുളു, കന്നഡ ഉള്‍പ്പെടെയുള്ള ഭാഷകളിലും പ്രാവീണ്യമുള്ള വ്യക്തിയും യക്ഷഗാനകലാകാരന്മാരും ക്ഷേത്രങ്ങളുടെ ഭാരവാഹിയുമാണ് അദ്ദേഹം. പ്രാദേശിക അടിസ്ഥാനത്തില്‍ വലിയ ബന്ധങ്ങളുള്ള സ്ഥാനാര്‍ഥിയാണ് അദ്ദേഹം.

കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മത്സരിച്ച ബി ജെ പി സംസ്ഥാന സമിതി അംഗം രവീശതന്ത്രിയാണ് എന്‍ ഡി എ സ്ഥാനാര്‍ഥി. മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും ഒരു പ്രചാരണത്തിന് വോട്ടര്‍മാര്‍ക്ക് മുമ്പില്‍ എത്താന്‍ കഴിയുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പ്രചാരണം പ്രധാനമായും കേന്ദ്രീകരിച്ചത് മഞ്ചേശ്വരത്തായിരുന്നു. കൃത്യമായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് പി ബി അബ്ദുല്‍ റസാഖിന് വിജയിച്ചതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്ക് പ്രപകാരം 11000ത്തിലേറെ വോട്ടിന് യു ഡി എഫ് മുമ്പിലാണ്. ഇതാണ് മുന്നിയുടെ പ്രധാന ആത്മവിശ്വാസം. പരമ്പരാഗതമായി വലിയ ലീഗ് കോട്ടകള്‍ മണ്ഡലത്തിലുള്ളതും യു ഡി എഫിന് കരുത്താകും. യു ഡി എഫിനുള്ളില്‍ പ്രത്യേകിച്ച് ലീഗിനുള്ളില്‍ എന്തെങ്കിലും ആഭ്യന്തര പ്രശ്‌നമുള്ളപ്പോള്‍ മാത്രമാണ് മണ്ഡലം മറിഞ്ഞിട്ടുള്ളത്. 2006ലെ തോല്‍വി ഇത്തരത്തിലുള്ളതായിരുന്നു.
ഇടതുപക്ഷത്തെ (പ്രത്യേകിച്ച് സി പി എമ്മിനെ) സംബന്ധിച്ചിടത്തോളം വലിയ സ്വാധീന മേഖലയല്ല മഞ്ചേശ്വരം. എങ്കിലും ശക്തമായ രാഷ്ട്രീയ അടിത്തറ മണ്ഡലത്തിലുണ്ട്. 2006ലെ ഇടത് തരംഗത്തില്‍ സി എച്ച് കുഞ്ഞമ്പു നേടിയ അട്ടിമറി വിജയത്തിന്റെ മധുര ഓര്‍മകളും മുന്നണിക്കുണ്ട്. ഒപ്പം സംസ്ഥാന ഭരണം മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളും എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനവും പോരാട്ടത്തിന് കരുത്തേകും.

കഴിഞ്ഞ തവണ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ത്രസിപ്പിക്കുന്ന പോരാട്ടത്തിന് ഒടുവില്‍ 89 വോട്ടിനാണ് വീണത്. എന്നാല്‍ സുരേന്ദ്രന്റെ അപരന് യു ഡി എഫ് ഭൂരിഭക്ഷത്തേക്കള്‍ വോട്ടുണ്ടായിരുന്നു. സുരേന്ദ്രന്‍ നടത്തിയത് പോലുള്ള ഒരു പോരാട്ടം നടത്താന്‍ രവീശതന്ത്രിക്ക് കഴിഞ്ഞാല്‍ മഞ്ചേശ്വരത്ത് നിന്ന് ഇത്തവണ അത്ഭുതം പ്രതീക്ഷിക്കാം. എന്നാല്‍ രവീശതന്ത്രിയുടെ സ്ഥാനാര്‍ഥിത്വത്തിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. ഇത് ബി ജെ പിക്ക് വലിയ ഭീഷണിയാകും.

അപൂര്‍വ്വം തിരഞ്ഞെടുപ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ വലത്തോട്ട് മാത്രം ചാഞ്ഞ് നില്‍ക്കുന്നതാണ് മഞ്ചേശ്വരത്തിന്റെ ചരിത്രം. സി പി എം ഒരിക്കല്‍ മാത്രമാണ് ഇവിടെ നിന്നും ജയിച്ചത്. 2006ല്‍ സി എച്ച് കുഞ്ഞമ്പുവിന്റെ പേരിലാണ് ഈ നേട്ടം. സി പി ഐ നേതാവ് എ സുബ്ബറാവു 1980ലും 1982ലും മണ്ഡലത്തില്‍ നിന്ന് ജയിച്ചതാണ് മണ്ഡലത്തില്‍ എല്‍ ഡി എഫിന് എടുത്ത്പറയാനുള്ള മറ്റൊരു നേട്ടം.
എന്നാല്‍ 1987 മുതല്‍ മുസ്ലിംലീഗ് യു ഡി എഫിനായി മത്സരിക്കാന്‍ തുടങ്ങിയതോടെ 2006ല്‍ മാത്രമാണ് യു ഡി എഫിന് ഒരു തിരിച്ചടിയുണ്ടായത്. 1987 മുതല്‍ 18 വര്‍ഷത്തോളം ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ലയുടെ തേരോട്ടമായിരുന്നു മണ്ഡലത്തില്‍. 2006ല്‍ ചെര്‍ക്കളം സി പി എം യുവനേതാവ് കുഞ്ഞമ്പുവിന് മുന്നില്‍ വീണതോടെയാണ് ലീഗ് സ്ഥാനാര്‍ഥിയെ മാറ്റി പരീക്ഷിച്ചത്.
1987ല്‍ ലീഗ് ജയിക്കാന്‍ തുടങ്ങിയ അതേ തിരഞ്ഞെടുപ്പ് മുതലാണ് ബി ജെ പി മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ 32 വര്‍ഷമായി ബി ജെ പിയാണ് ഇവിടെ രണ്ടാമത്. ബി ജെ പിയുടെ പ്രമുഖ നേതാക്കളായ എച്ച് ശങ്കര ആല്‍വയും കെ ജി മാരാറും വി ബാലകൃഷ്ണ ഷെട്ടിയും സി കെ പത്്മനാഭനും നരായണ ഭട്ടും കെ സുരേന്ദ്രനുമെല്ലാം തോല്‍വിയുടെ രുചി അറിഞ്ഞു.

ദേശീയ- സംസ്ഥാന വിഷങ്ങളേക്കാള്‍ ഉപരി പ്രാദേശിക വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടാണ്ട്. ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളാണ് ഇതില്‍ പ്രധാനം. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്തത് പോലെ ശബരിമലയും പെരിയ ഇരട്ടക്കൊലയും പ്രചാരണ വിഷങ്ങളുടെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് യു ഡി എഫും എന്‍ ഡി എയും ശ്രമിക്കുന്നത്. എന്നാല്‍ ഇരു മുന്നണികളിലുമുള്ള ആഭ്യന്തര പ്രശ്‌നങ്ങളില്‍ എരിവേറ്റി, പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ ഡി എഫ് പ്രതിരോധിക്കുന്നത്. ഒപ്പം സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളും എല്‍ ഡി എഫ് ചര്‍ച്ചയാക്കുന്നു.

എ പി ശമീർ