Connect with us

Kerala

കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ സുഹൃത്തായ സ്ത്രീയെ അന്വേഷണ സംഘം തിരയുന്നു

Published

|

Last Updated

കോഴിക്കോട്: എന്‍ ഐ ടിക്ക് സമീപം ജോളിയുടെ സുഹൃത്തായിരുന്ന സ്ത്രീ ചെന്നൈയിലേക്ക് കടന്നെന്ന് സൂചന. ഇവര്‍ക്ക് വേണ്ടി അന്വേഷണ സംഘം വ്യാപകമായി വലവിരിച്ചു. തഹസില്‍ദാര്‍ ജയശ്രീ, ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീ എന്നിവരായിരുന്നു ജോളിയുടെ അടുത്ത സുഹൃത്തുക്കള്‍ എന്നതായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതിയിരുന്നത്. എന്നാല്‍ ജോളിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് എന്‍ ഐ ടിക്ക് സമീപം തയ്യല്‍ കട നടത്തിയ യുവതിയുമൊത്തുള്ള കൂടുതല്‍ ഫോട്ടോകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ തേടി പോലീസ് നാട്ടില്‍ രഹസ്യാന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടക്കാണ് ഇവര്‍ ചെന്നൈയിലേക്ക് കടന്നെന്ന സൂചനകള്‍ ലഭിക്കുന്നത്.

ഇവര്‍ക്കായി കേരളത്തിന് പുറത്തും അന്വേഷണ സംഘം തിരച്ചില്‍ നടത്തിയേക്കും. യുവതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുമെന്നാണ് സൂചന. ഈ വര്‍ഷം നടന്ന എന്‍ ഐ ടി രാഗം ഫെസ്റ്റില്‍ ജോളിക്കൊപ്പമുള്ള ഇവരുടെ ഫോട്ടോയും ലഭിച്ചിട്ടുണ്ട്. 16 വര്‍ഷത്തോളം ജോളി എന്‍ ഐ ടി കേന്ദ്രീകരിച്ച് എന്തൊക്കെ ചെയ്തുവെന്ന് ഇവരെ കസ്റ്റഡിയിലെടുത്താല്‍ വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആദ്യഘട്ടത്തില്‍ എന്‍ ഐ ടി പ്രൊഫസറാണെന്ന് നാട്ടില്‍ പ്രചരിപ്പിച്ച ജോളി പിന്നീട് ബ്യൂട്ടി പാര്‍ലര്‍ ജോലിക്കാരിയാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ ബ്യൂട്ടി പാര്‍ലറിലും ഇവര്‍ക്ക് ജോലിയില്ലെന്ന് വ്യക്തമായി. ഇതേ തുടര്‍ന്നാണ് എന്‍ ഐ ടി കേന്ദ്രീകരിച്ച് ഇവരുടെ ജോലി സംബന്ധിച്ച് അന്വേഷണ സംഘം അന്വേഷിക്കാന്‍ തുടങ്ങിയത്. ഇത് ചെന്നെത്തിയത് എന്‍ ഐ ടിക്ക് സമീപം തയ്യല്‍ കട നടത്തിയിരുന്ന സ്ത്രീയിലേക്കാണ്.

ജോളിക്ക് നേരെ കൈയേറ്റ ശ്രമം
പയ്യോളി: കൂടത്തായി കൊലപാതകക്കേസില്‍ അറസ്റ്റിലായ ജോളിക്ക് നേരേ കൈയേറ്റ ശ്രമം. പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് ജോളിക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായത്. ജോളിയുടെ മുഖം മറച്ച ഷാള്‍ മാറ്റാന്‍ ശ്രമിച്ച ഷാജു എന്ന യുവാവിനെ പോലീസ് പിടികൂടി. ജോളിയെ കൊണ്ടുവരുന്നത് കണ്ട് കാഷ്വാലിറ്റിക്ക് അരികില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തിനിടിയില്‍ നിന്നാണ് ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമം നടന്നത്. ഉടന്‍ തന്നെ സുരക്ഷാ അകമ്പടി സേവിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ പിന്നീട് വിട്ടയച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞ ജോളിയേയും മറ്റു പ്രതികളേയും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയെങ്കിലും വീണ്ടും രണ്ട് ദിവസത്തേക്ക് പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.