Connect with us

International

ഓണ്‍ലൈന്‍ വഴി കുട്ടികളുടെ അശ്ലീല ദൃശ്യ പ്രദര്‍ശനം: 38 രാഷ്ട്രങ്ങളില്‍ നിന്നായി 337 പേര്‍ അറസ്റ്റില്‍

Published

|

Last Updated

ലണ്ടന്‍: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സൈറ്റിലൂടെ പ്രദര്‍ശിപ്പിക്കുകയും കാണുകയും ചെയ്ത സംഭവത്തില്‍ 38 രാഷ്ട്രങ്ങളില്‍ നിന്നായി 337 പേരെ അറസ്റ്റ് ചെയ്തു. ദക്ഷിണ കൊറിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സൈറ്റിനെ കുറിച്ച് അന്വേഷിച്ച ബ്രിട്ടീഷ്, യു എസ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെല്‍ക്കം ടു വീഡിയോ എന്ന അശ്ലീല സൈറ്റില്‍ 2,50,000 വീഡിയോകള്‍ ഉണ്ടായിരുന്നുവെന്നും ലോകവ്യാപകമായി പത്തു ലക്ഷത്തോളം തവണ ഇവ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായും ബ്രിട്ടീഷ് ദേശീയ ക്രൈം ഏജന്‍സി (എന്‍ സി എ) വ്യക്തമാക്കി.

അറസ്റ്റിലായവരില്‍ ബ്രിട്ടന്‍, അയര്‍ലന്‍ഡ്, അമേരിക്ക, ദക്ഷിണ കൊറിയ, ജര്‍മനി, സ്‌പെയിന്‍, ചെക്ക് റിപ്പബ്ലിക്ക്, കാനഡ തുടങ്ങിയ രാഷ്ട്രങ്ങളിലുള്ളവര്‍ ഉള്‍പ്പെടും. ദക്ഷിണ കൊറിയന്‍ ദേശീയ പോലീസും ജര്‍മനിയുടെ ഫെഡറല്‍ ക്രിമിനല്‍ പോലീസും അന്വേഷണത്തില്‍ പങ്കാളികളായി. പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രവേശിക്കാനാകുന്ന വെബാണ് വെല്‍ക്കം ടു വീഡിയോ. അശ്ലീല ദൃശ്യങ്ങള്‍ക്കു പുറമെ സൈറ്റ് ഉപയോഗിച്ച് അനധികൃത ഉത്പന്നങ്ങളുടെ പ്രചാരണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ പൗരനും 23കാരനുമായ ജോങ് വൂ സോണാണ്
സൈറ്റ് ഓപ്പറേറ്റ് ചെയ്തിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കുട്ടികളുടെ നഗ്നത പ്രദര്‍ശിപ്പിച്ച് ലാഭമുണ്ടാക്കുന്ന ഇത്തരം സൈറ്റുകളുടെ ഉടമകള്‍ ഏറ്റവും നിന്ദ്യവും ഹീനവുമായ ക്രിമിനല്‍ കുറ്റമാണ് ചെയ്യുന്നതെന്ന് യു എസ് അറ്റോര്‍ണി ജനറല്‍ ബ്രിയാന്‍ ബെന്‍കോവ്‌സ്‌കി പറഞ്ഞു.

Latest