Connect with us

National

ഞങ്ങളെ സ്വീകരിക്കാൻ സന്നദ്ധമല്ലെങ്കിൽ വെടിവെച്ച് കൊല്ലൂ

Published

|

Last Updated

മാലതി ബാല ദാസ്ഗുവാഹത്തി: ജീവിക്കാൻ പോരാടുന്ന 60കാരിയാണ് അസമിലെ കതിറെയ്ൽ ഗ്രാമത്തിലെ മാലതി ബാല ദാസ്. ഇരു വൃക്കകളും പ്രവർത്തനരഹിതമായ അവർക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇതിനായി ആശുപത്രിയിലേക്ക് ഇടക്കിടെ പോകേണ്ടി വരുന്നു. അതോടൊപ്പം ഇന്ത്യയിലെ തുടർജീവിതത്തിനായി വിദേശീ ട്രൈബ്യൂണലിലേക്കും ഈ വൃദ്ധക്ക് മാറിമാറി പോകണം. ഡി വോട്ടർ അഥവാ ഡൗട്ട്ഫുൾ വോട്ടറാണെന്ന് കാണിച്ച് സംസ്ഥാന സർക്കാർ മൂന്ന് നോട്ടീസുകളാണ് ഇവർക്ക് നൽകിയത്. പൗരത്വം അനിശ്ചിതാവസ്ഥയിലും സംശയത്തിലും ആയവരാണ് അസമിലെ ഡി വോട്ടർമാർ. മാലതി ദാസിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. നിരവധി പേർക്കാണ് ഡി വോട്ടർ വിഭാഗത്തിൽ കുടുങ്ങി ജീവിതം ചോദ്യചിഹ്നമായിരിക്കുന്നത്.

മാലതിക്ക് 2017ലാണ് ആദ്യ നോട്ടീസ് ലഭിച്ചത്. ഈ വർഷം രണ്ട് നോട്ടീസുകൾ കൂടി ലഭിച്ചു. ഇന്ത്യൻ പൗരത്വം തെളിയിക്കാൻ പിതാവിന്റെ 1964ലെ അഭയാർഥി സർട്ടിഫിക്കറ്റ്, 1997 മുതൽ സ്ഥിരമായി വോട്ട് ചെയ്യുന്നു തുടങ്ങി അവർക്ക് രേഖകളെല്ലാമുണ്ട്. എന്നാൽ, ട്രൈബ്യൂണലിൽ സർക്കാർ പ്ലീഡർമാർ ഇല്ലാത്തതിനാൽ അവരുടെ കാര്യത്തിൽ നിയമ പ്രക്രിയ പോലും അനിശ്ചിതമായി നീളുന്നു. മറ്റ് കേസുകളും കൂട്ടി ഒന്നിച്ചുള്ള വിധി തന്നാലും മതിയെന്ന് മാലതിയുടെ അഭിഭാഷകൻ കാജൽ ചന്ദ കോടതിയിൽ അഭ്യർഥിച്ചിരിക്കുകയാണ്. വൃക്ക തകരാറിലായത് കാരണം നേരാവണ്ണം നടക്കാൻ പോലും സാധിക്കാത്ത മാലതി, വീട്ടിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ട്രൈബ്യൂണൽ കോടതിയിൽ മുടങ്ങാതെ ഹാജരാകും.

പൗരത്വ വിഷയത്തിൽ തീർപ്പുകൽപ്പിക്കുന്ന 100 ട്രൈബ്യൂണലുകളാണ് സംസ്ഥാനത്തുള്ളത്. 200 എണ്ണം കൂടി വർധിപ്പിക്കുന്നുണ്ട്. എന്നാൽ, പശ്ചാത്തല സൗകര്യത്തിലെ അപര്യാപ്തത കാരണം നിശ്ചിത സമയത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കുമോയെന്നതിൽ സംശയമുണ്ട്. നിലവിലെ ടൈബ്യൂണലിൽ സർക്കാർ പ്ലീഡർമാരും ബഞ്ച് അസിസ്റ്റന്റുമാരും ടൈപ്പിസ്റ്റുകളും ആവശ്യമായ ജീവനക്കാരും ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

ട്രൈബ്യൂണലുകളുടെ വിധിയിലും പ്രവർത്തന രീതിയിലും നേരത്തേ തന്നെ ജനങ്ങൾക്ക് പരാതിയുണ്ട്. എൻ ആർ സി പ്രക്രിയ ജനങ്ങളെ വലിയ ദാരിദ്ര്യത്തിലേക്ക് നയിച്ചിട്ടുണ്ട്. നിരവധി ആത്മഹത്യകളുണ്ടായി. എൻ ആർ സിക്ക് ശേഷമുണ്ടാകുന്ന സ്ഥിതി അതിലും ഭീകരമായരിക്കുമെന്ന് സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ പട്ടികയിൽ നിന്ന് 19 ലക്ഷത്തിലേറെ പേരാണ് പുറത്തുള്ളത്. ഇവരുടെ അപ്പീലുകൾ ട്രൈബ്യൂണലുകളിൽ എത്താനുണ്ട്.

ട്രൈബ്യൂണൽ ഇന്ത്യൻ പൗരനാണെന്ന് വിധിച്ചിട്ടും വർഷങ്ങൾക്ക് ശേഷം ഡി വോട്ടർ നോട്ടീസ് ലഭിച്ചവരുമുണ്ട്. മറ്റുള്ളവർക്കെതിരെ ഡി വോട്ടർ ആയുധമാക്കുന്നവരുമുണ്ട്. റിക്ഷക്കാരനായ ഭക്ത ദാസ് (60) അവരിലൊരാളാണ്. ദാസിന് 2009ൽ നോട്ടീസ് ലഭിച്ചെങ്കിലും 2011ൽ ട്രൈബ്യൂണൽ ഇന്ത്യൻ പൗരനാണെന്ന് വിധിച്ചു. എന്നാൽ ആറ് വർഷം കഴിഞ്ഞപ്പോൾ വീണ്ടും ഡി വോട്ടർ നോട്ടീസ് ലഭിച്ചു. ഇപ്പോൾ ട്രൈബ്യൂണൽ കയറിയിറങ്ങുകയാണ് ദാസ്. 2017ൽ ദാസിന്റെ ഭാര്യ സുമിത ദാസിനും നോട്ടീസ് ലഭിച്ചു.

സിൽച്ചാറിലെ വിദേശീ ട്രൈബ്യൂണൽ കോടതി നാലിലാണ് സുമിതയുടെ കേസ്. ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഭക്തദാസ്; പതിറ്റാണ്ടുകളായി താൻ റിക്ഷ വലിച്ച് സ്വരൂപിച്ചതൊക്കെയും നഷ്ടപ്പെടുമെന്ന് അദ്ദേഹത്തിന് അറിയാമെങ്കിലും. ഏഴ് വർഷത്തിന് ശേഷം ഡി വോട്ടർ നോട്ടീസ് ലഭിച്ച കച്ചാർ ജില്ലയിലെ അർജുൻ നാമസുദ്ര ആത്മഹത്യ ചെയ്യുകയായിരുന്നു.

“സർക്കാറിന് ബോധ്യപ്പെട്ടില്ലെങ്കിൽ, ഞങ്ങളെ സ്വീകരിക്കാൻ രാജ്യം സന്നദ്ധമല്ലെങ്കിൽ, ഞങ്ങളെ വെടിവെച്ചുകൊല്ലൂ. അങ്ങനെ ഞങ്ങളെ തുടർച്ചയായ ഈ അപമാനത്തിൽ നിന്ന് രക്ഷിക്കൂ. ഞങ്ങളുടെ പൗരത്വം തെളിയിക്കുന്നത് അവർ ഇഷ്ടപ്പെടുന്നില്ല”- 2017ൽ ഡി വോട്ടർ നോട്ടീസ് ലഭിച്ച സാബിത്രി തേങ്ങലോടെ പറയുന്നു.

Latest