Connect with us

Eranakulam

മകന്റെ സിവില്‍ സര്‍വീസ് പ്രവേശനം: ജലീലിന്റെ ആരോപണം അസംബന്ധമെന്ന് ചെന്നിത്തല

Published

|

Last Updated

കൊച്ചി: തന്റെ മകന്റെ സിവില്‍ സര്‍വീസ് പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീല്‍ ഉന്നയിച്ച ആരോപണം അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ അടിസ്ഥാനപരമായ വിവരം പോലുമില്ലാതെ മന്ത്രി വിഡ്ഢിത്തം വിളമ്പുകയാണ്. അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന സ്ഥിതിയാണ് മന്ത്രിയുടെത്. സിവില്‍ സര്‍വീസ് പരീക്ഷയുടെ നടപടി ക്രമങ്ങള്‍ സംബന്ധിച്ച് മന്ത്രിക്ക് വിവരമില്ലെങ്കില്‍ ചീഫ് സെക്രട്ടറി ടോം ജോസിനോടോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസിനോടോ ചോദിച്ചു മനസ്സിലാക്കണം. ചെന്നിത്തല പറഞ്ഞു.

 

2017ലെ യു പി എസ് സി സിവില്‍ സര്‍വീസ് അഭിമുഖ പരീക്ഷയില്‍ കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് ഒന്നാം റാങ്കുകാരനെക്കാള്‍ 30 മാര്‍ക്ക് അധികം ലഭിച്ചതിനെ കുറിച്ച് അന്വേഷണം വേണമെന്ന് മന്ത്രി കെ ടി ജലീല്‍ ആവശ്യപ്പെട്ടിരുന്നു. നേതാവിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

വീട്ടിലിരിക്കുന്ന മക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചത് ശരിയായില്ല. ഇത്തരം അബദ്ധജടിലമായ കാര്യങ്ങള്‍ പറഞ്ഞാല്‍ പൊതു സമൂഹം ചിരിക്കുകയേ ഉള്ളൂവെന്നും ഇതുകൊണ്ടൊന്നും ജലീല്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും
പ്രതിപക്ഷ നേതാവ് പറഞ്ഞു. ജലീലിന്റെ വാദങ്ങള്‍ പൂര്‍ണമായി തെറ്റാണെന്ന് സമൂഹത്തിനു മുമ്പില്‍ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയ അനുദീപ് ഷെട്ടിയെക്കാള്‍ കൂടുതല്‍ മാര്‍ക്ക് കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് അഭിമുഖ പരീക്ഷയില്‍ നല്‍കിയതായാണ് ജലീല്‍ ആരോപിച്ചിരുന്നത്. ഇതിനായി ഡല്‍ഹിയില്‍ ലോബിയിംഗ് നടത്തിയവരാണ് ഇപ്പോള്‍ തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. തങ്ങളെപ്പോലെയാണ് മറ്റുള്ളവരുമെന്ന് കരുതിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ നടത്തിയ ലോബിയിംഗിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവു തന്നെ നടപടി സ്വീകരിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടിരുന്നു.