Connect with us

Kerala

മാര്‍ക്ക് ദാന വിവാദം: പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമെന്ന് മന്ത്രി ജലീല്‍

Published

|

Last Updated

കാസര്‍കോട്: എം ജി സര്‍വകലാശാല മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുകയാണെന്ന ആരോപണവുമായി മന്ത്രി കെ ടി ജലീല്‍. മോഡറേഷനെയാണ് പ്രതിപക്ഷ നേതാവ് മാര്‍ക്ക് ദാനമെന്ന് വിശദീകരിക്കുന്നത്. മോഡറേഷന്‍ നല്‍കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മോഡറേഷന്‍ നിര്‍ത്തണമെന്നാണോ ചെന്നിത്തല പറയുന്നതെന്ന് മന്ത്രി ചോദിച്ചു.

സര്‍വകലാശാല അദാലത്തിലെ ഉദ്ഘാടന സമ്മേളനത്തില്‍ മാത്രമാണ് തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ അന്നുതന്നെ എം ജി സര്‍വകലാശാല ഫേസ് ബുക്ക് പേജിലൂടെ സംപ്രേഷണം ചെയ്തിട്ടുള്ളതുമാണ്. അദാലത്തില്‍ വച്ചല്ല, സിന്‍ഡിക്കേറ്റിലാണ് മോഡറേഷന്‍ സംബന്ധിച്ച് തീരുമാനിച്ചത്. 2012ല്‍ യു ഡി എഫ് ഭരണകാലത്ത് കാലിക്കറ്റ് സര്‍വകലാശാല ബി ടെക് വിദ്യാര്‍ഥികള്‍ക്ക് 20 മാര്‍ക്ക് മോഡറേഷന്‍ നല്‍കിയിരുന്നു. ഇതേ രൂപത്തില്‍ തന്നെയാണ് എം ജി സര്‍വകലാശാലയിലും നടന്നത്. ഒരു വിദ്യാര്‍ഥിക്കല്ല, 150ഓളം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ജലീല്‍ പറഞ്ഞു.

2017ലെ യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയയാളെക്കാള്‍ അഭിമുഖത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് 30 മാര്‍ക്ക് ലഭിച്ചത് എങ്ങനെയെന്നും പരിശോധിക്കേണ്ടി വരുമെന്ന് ജലീല്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ മന്ത്രി ജലീല്‍ സ്ഥാനത്തു നിന്ന് മാറി ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയാറാകണമെന്ന് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിരപരാധിയെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ജലീലിനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിട്ടില്ല എന്ന വാദം കള്ളമാണെന്ന് ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തെളിഞ്ഞിരിക്കുകയാണ്. ദൃശ്യങ്ങള്‍ മന്ത്രി ആവശ്യപ്പെട്ടാല്‍ നല്‍കാം.

അദാലത്തില്‍ വച്ചല്ല മാര്‍ക്ക് നല്‍കിയതെന്ന മന്ത്രിയുടെ അവകാശവാദവും പൊളിഞ്ഞിരിക്കുകയാണ്. സിന്‍ഡിക്കേറ്റ് നിയമാനുസൃതമാണ് തീരുമാനമെടുത്തത് എന്നതാണ് മന്ത്രിയുടെ മറ്റൊരു വാദം. ആര്‍ക്കെങ്കിലും മാര്‍ക്ക് കൂട്ടിനല്‍കാന്‍ സിന്‍ഡിക്കേറ്റിന് ആരാണ് അധികാരം നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മന്ത്രി പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തോ മറച്ചുവെക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest