Connect with us

Articles

ഇന്ത്യന്‍ ദേശീയതയും ഇടതുപക്ഷവും

Published

|

Last Updated

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദി വര്‍ഷമാണിത്. 1920 ഒക്ടോബര്‍ 17നാണ് സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന ഉസ്ബക്കിസ്ഥാന്‍ സംസ്ഥാനത്തെ താഷ്‌കന്റ് നഗരത്തില്‍ ഒത്തുകൂടിയവര്‍ പ്രഥമ കമ്മ്യൂണിസ്റ്റ് ഘടകത്തിന് രൂപം നല്‍കുന്നത്. എം എന്‍ റോയ് മുന്‍ കൈയെടുത്താണ് യോഗം വിളിച്ചുചേര്‍ത്തത്. എവ്‌ലിന്‍ റോയ്, അബനി മുഖര്‍ജി, റോസാഫിറ്റിന്‍, മുഹമ്മദലി, മുഹമ്മദ് ശഫീഖ് സിദ്ദിഖി, എം പി ബി ടി ആചാര്യ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മുഹമ്മദ് ശഫീഖ് സിദ്ദിഖി സെക്രട്ടറിയായി കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രഥമഘടകം രൂപവത്കരിക്കുകയായിരുന്നു.

1925 ഡിസംബര്‍ 26 മുതല്‍ 28 വരെ കാണ്‍പൂരില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനവും ഇന്ത്യയിലെ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഭൂരിപക്ഷവും കര്‍ഷകരും സാധാരണ തൊഴിലാളികളുമായിരുന്നു. ആ സമ്മേളനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേര് സ്വീകരിച്ചത്. പാര്‍ട്ടി കേന്ദ്ര ഓഫീസ് മുംബൈയില്‍ പ്രവര്‍ത്തിക്കാനും കല്‍ക്കത്ത, കാണ്‍പൂര്‍, മദ്രാസ്, ലാഹോര്‍ എന്നിവിടങ്ങളില്‍ റീജ്യനല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാനും തീരുമാനമുണ്ടായി.
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം രൂപപ്പെടുത്തുന്നതില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ പ്രധാന പങ്കുവഹിച്ചു. ആധുനിക ദേശരാഷ്ട്ര സങ്കല്‍പ്പവും ഇന്ത്യന്‍ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയുന്ന കാര്യപരിപാടിയും രൂപപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്ത് പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റുകാര്‍ നിര്‍ണായകമായ ഇടപെടലുകളാണ് നടത്തിയത്.
ഇന്ത്യയിലെ ബഹു ദേശീയ പ്രശ്‌നങ്ങളെയും ജാതി അടിച്ചമര്‍ത്തലിന്റെ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ടേ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ കഴിയൂ എന്ന നിലപാട് സ്വാതന്ത്ര്യ സമര സേനാനികളിലേക്ക് പാര്‍ട്ടി എത്തിച്ചു.

മാര്‍ക്‌സിസം
ഇന്ത്യന്‍ സാഹചര്യത്തില്‍

19ാം നൂറ്റാണ്ടിന്റെ പകുതിയില്‍ തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളും തൊഴിലാളിവര്‍ഗ വിമോചന ചിന്തകളും ഇന്ത്യന്‍ സമൂഹത്തിലേക്ക് കടന്നുവരുന്നുണ്ട്. മാര്‍ക്‌സിസത്തിന്റെ രീതിശാസ്ത്രമെന്നത് തൊഴിലാളിവര്‍ഗ കാഴ്ചപ്പാടില്‍ നിന്ന് ഭൗതിക പ്രപഞ്ചത്തെയും സമൂഹത്തെയും പൊതുവായി പരിശോധിക്കുകയും അപഗ്രഥിക്കുകയും ചെയ്യുകയെന്നതാണ്. തൊഴിലാളി വര്‍ഗത്തിന്റെ ദാര്‍ശനിക പദ്ധതി എന്ന നിലയിലാണ് മാര്‍ക്‌സും എംഗല്‍സും തങ്ങളുടെ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചത്. വിവിധ ശാസ്ത്ര ശാഖകളില്‍ രൂപപ്പെട്ടുവന്ന അറിവുകളെ ക്രോഡീകരിച്ചും സ്വാംശീകരിച്ചുമാണ് മാര്‍ക്‌സും എംഗല്‍സും പിന്നീട് ലെനിനും തൊഴിലാളി വര്‍ഗത്തിന്റെ പ്രപഞ്ച വീക്ഷണമെന്ന നിലയില്‍ മാര്‍ക്‌സിസം വികസിപ്പിച്ചെടുത്തത്. വികസിത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗ വിപ്ലവങ്ങളെയും കോളനി രാജ്യങ്ങളിലെ ദേശീയ വിമോചന സമരങ്ങളെയും ലോക സോഷ്യലിസ്റ്റ് വിപ്ലവവുമായി കോര്‍ത്തിണക്കുകയാണ് ലെനിന്‍ ചെയ്തത്.

ഇന്ത്യയെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ നിരീക്ഷണങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം എങ്ങനെയാണ് ഇന്ത്യയെ ചൂഷണം ചെയ്യുന്നതെന്നും അതിന്റെ സവിശേഷതകളെന്ത് എന്നും വിശദമാക്കുന്നു. ധാന്യ കൃഷിയെ ഇല്ലാതാക്കിയതും സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്കനുസരിച്ച് കൃഷി രീതികളില്‍ ഉണ്ടാക്കുന്ന മാറ്റവും അതിന്റെ പ്രത്യാഘാതമെന്നോണം തീക്ഷ്ണമാകുന്ന ക്ഷാമവും പട്ടിണിയുമെല്ലാം മാര്‍ക്‌സ് വിശകലന വിധേയമാക്കുന്നുണ്ട്. ഇന്ത്യയുടെ സാമൂഹിക പുരോഗതിക്ക് തടസ്സമായി നില്‍ക്കുന്ന ജാതി വ്യവസ്ഥയെ നിശിതമായി തന്നെ മാര്‍ക്‌സ് പരിശോധിക്കുന്നുണ്ട്. ജാതി വ്യവസ്ഥയുടെ അടിസ്ഥാനമായ ഇന്ത്യയിലെ ഫ്യൂഡല്‍ നാടുവാഴിത്ത ബന്ധങ്ങളുടെ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്നതാണ് മാര്‍ക്‌സിന്റെ നിരീക്ഷണങ്ങള്‍.

മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യനേക്കാള്‍ പ്രാധാന്യം പശുവിന് ലഭിക്കുന്ന കടുത്ത ഇന്ത്യന്‍ യാഥാര്‍ഥ്യവും മാര്‍ക്‌സ് നിരീക്ഷിക്കുന്നുണ്ട്. മാര്‍ക്‌സിന്റെ ഈ നിരീക്ഷണങ്ങള്‍ ഇന്നും പ്രസക്തമാണ്. പശുവിന്റെ പേരില്‍ അനുദിനം നരഹത്യകള്‍ വര്‍ധിക്കുന്നു.

ജാതിവ്യവസ്ഥ ദൃഢീകരിക്കപ്പെടുകയും ഒരാധുനിക സിവില്‍ സമൂഹമായി മാറാനുള്ള എല്ലാ ശ്രമങ്ങളെയും ജാതിഹിന്ദുത്വം തടസ്സപ്പെടുത്തുകയുമാണ്. ഹൈന്ദവേതര വിഭാഗങ്ങളെയും ഹൈന്ദവരില്‍ തന്നെ ദളിതരെയും പീഡിപ്പിച്ച് അടിച്ചമര്‍ത്തുന്ന അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇന്ത്യയിലെ തദ്ദേശീയ വ്യാവസായിക വളര്‍ച്ചയെ, തുണി നെയ്ത്ത് വ്യവസായത്തെ എങ്ങനെയാണ് കൊളോണിയലിസം തകര്‍ത്തതെന്ന് മാര്‍ക്‌സ് പരിശോധിക്കുന്നുണ്ട്.

കൊളോണിയല്‍ തിസീസും
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരും

മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും കോളനി രാജ്യങ്ങളെയും വിപ്ലവങ്ങളെയും സംബന്ധിച്ച സമീപനത്തിന്റെ തുടര്‍ച്ചയും വിപുലനവുമെന്ന നിലയിലാണ് ലെനിന്റെ മുന്‍കൈയില്‍ മൂന്നാം ഇന്റര്‍നാഷണല്‍ വികസിപ്പിച്ച കൊളോണിയല്‍ തിസീസ് മുന്നോട്ടുവെക്കപ്പെടുന്നത്. ഏഷ്യന്‍ രാജ്യങ്ങളുടെ വിപ്ലവ അജന്‍ഡയില്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലേതെന്ന പോലെ ഏഷ്യന്‍ രാഷ്ട്രങ്ങളിലെ വിപ്ലവ പ്രശ്‌നവും കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഉത്തരവാദിത്തമായി മുന്നോട്ടു വെക്കുകയാണ് ചെയ്തത്.

1917ലെ ഒക്ടോബര്‍ വിപ്ലവാനന്തരം ലോകമെമ്പാടും സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിക്കുകയും ശക്തിപ്പെടുകയും ചെയ്തു. അതിന്റെ ഫലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വ്യാപകമായി രൂപംകൊണ്ടു.
1920ന്റെ തുടക്കത്തില്‍ അബ്ദുര്‍റബ്ബ്, എം പി ബി ടി ആചാര്യ എന്നിവരുടെ സ്വാധീനം മൂലം പഞ്ചാബ് പ്രവിശ്യയിലെ 18000ത്തോളം മുഹാജിര്‍മാര്‍ സോവിയറ്റ് – അഫ്ഗാന്‍ അതിര്‍ത്തി മുറിച്ചുകടന്ന് സോവിയറ്റ് യൂനിയനിലെത്തുകയുണ്ടായി. അവരില്‍ പലരും താഷ്‌കെന്റില്‍ ചെന്ന് അവിടെ ഇന്ത്യന്‍ അസോസിയേഷന്റെ താഷ്‌കന്റ് ഘടകത്തിന് രൂപം നല്‍കി. ഇതിന്റെ പ്രതിനിധിയെന്ന നിലയിലാണ് എം പി ബി ടി ആചാര്യ 1920ല്‍ നടന്ന കൊമിന്റേണിന്റെ രണ്ടാം കോണ്‍ഗ്രസില്‍ പങ്കെടുത്തത്.

1920 ജൂലൈ ഏഴ് മുതല്‍ ആഗസ്റ്റ് 20 വരെ നടന്ന മൂന്നാം ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസാണ് കോളനി രാജ്യങ്ങളിലെ വിപ്ലവ വിമോചന പ്രസ്ഥാനത്തെ സംബന്ധിച്ച രേഖ ചര്‍ച്ച ചെയ്തത്. എം എന്‍ റോയി സമ്മേളനത്തില്‍ പങ്കെടുത്തു. അദ്ദേഹം മെക്‌സിക്കന്‍ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്താണ് പങ്കെടുത്തത്. കോളനി രാജ്യങ്ങളിലെ തൊഴിലാളി വര്‍ഗത്തിന് ദ്വിമുഖ കടമകളുണ്ടെന്ന് റോയ് വാദിച്ചു.

ഇന്ത്യന്‍ വിപ്ലവ പരിപാടി

1920 ഒക്‌ടോബര്‍ 17ന് താഷ്‌കെന്റില്‍ എം എന്‍ റോയ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തന്നെയാണ് ഇന്ത്യന്‍ വിപ്ലവപരിപാടിയെക്കുറിച്ചുള്ള ആലോചനകളും പാര്‍ട്ടി രൂപവത്കരണവും നടന്നത്. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ തുര്‍ക്കിസ്ഥാന്‍ ബ്യൂറോയുടെ ചാര്‍ജ് വഹിച്ചിരുന്ന ആളായിരുന്നു റോയ്. യോഗത്തില്‍ പങ്കെടുത്ത അബ്ദുര്‍റബ്ബ് പെഷവാരി, എം എന്‍ റോയി, അബനിമുഖര്‍ജി, റോസ്ഫിറ്റിന്‍ ഗോവ്, മുഹമ്മദലി, മുഹമ്മദ് ശഫീഖ്, ആചാര്യ എന്നിവര്‍ നാനാവിധമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വിപ്ലവകാരികളായിരുന്നു.

മുഹമ്മദ് ശഫീഖിനു പുറമെ പ്രഥമ ഘടകത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റോയിയും ആചാര്യയും ബ്രിട്ടീഷ് ഭരണത്തിനെതിരെ സായുധ പോരാട്ടങ്ങള്‍ക്ക് വരെ നേതൃത്വം കൊടുത്ത വിപ്ലവകാരികളാണ്. ബ്രിട്ടീഷ് ഭരണകൂടം വേട്ടയാടിയതിനെതുടര്‍ന്നാണ് ഇവരെല്ലാം വിദേശ രാജ്യങ്ങളില്‍ അഭയം തേടേണ്ടിവന്നത്. അവിടെ അവര്‍ ഇന്ത്യക്കാരെ സംഘടിപ്പിച്ച് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വ്യാപൃതരുമായിരുന്നു.
ഈയൊരു ഘട്ടത്തിലാണ് കൊളോണിയല്‍ ബൂര്‍ഷ്വാസിയെയും അതിന്റെ ഭാഗമായി ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ബൂര്‍ഷ്വാ വര്‍ഗങ്ങളെയും ഇന്ത്യയിലെ സാമ്രാജ്യത്വ ചൂഷണത്തിന്റെ സാമൂഹികാടിസ്ഥാനമായി വര്‍ത്തിക്കുന്ന ഫ്യൂഡല്‍ നാടുവാഴിത്ത ബന്ധങ്ങളെയും സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് പഠനങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന് തൊഴിലാളികളുടെയും കര്‍ഷകരുടെയും മറ്റിതര ബഹു ജനങ്ങളുടെയും ശക്തമായ പിന്തുണ നേടിയെടുക്കാനാവശ്യമായ ഇടപെടലുകള്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായി.

ഫെഡറലിസത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ നാഷണല്‍ സ്റ്റേറ്റ് എന്ന സങ്കല്‍പ്പം മുന്നോട്ടുവെക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. ഒരു ജനാധിപത്യ റിപ്പബ്ലിക്കിനാവശ്യമായ ഭരണഘടന രൂപവത്കരിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നതും അതിനായി പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷ വിഭാഗങ്ങളാണ്.

സാമ്രാജ്യത്വവിരുദ്ധ സമരത്തിലൂടെ ജനാധിപത്യ ദേശീയതക്കു വേണ്ടിയുള്ള ഇടപെടലാണ് സ്വാതന്ത്ര്യ സമരത്തിലുടനീളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഗാന്ധിജി ഉയര്‍ന്നുവന്ന ഘട്ടത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. അഖിലേന്ത്യാ കിസാന്‍ സഭയും അഖിലേന്ത്യാ ട്രേഡ് യൂനിയന്‍ സെന്ററും അഖിലേന്ത്യാ സ്റ്റുഡന്റ്‌സ് ഫെഡറേഷനും രൂപവത്കരിക്കുന്നതിനും വര്‍ഗങ്ങളെയും ബഹുജനങ്ങളെയും ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ അണിനിരത്തുന്നതിലും മുന്‍കൈ എടുത്തത് കമ്മ്യൂണിസ്റ്റുകാരാണ്. പലവിധത്തിലും ആധുനിക ഇന്ത്യന്‍ ദേശീയതയുടെ നിര്‍മിതിയുടെ ചാലക ശക്തിയായി കമ്മ്യൂണിസ്റ്റുകാര്‍ മാറുകയായിരുന്നു.

Latest