മദീനയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് 35 മരണം

മദീന: മദീന-മക്ക ഹൈവേയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ജെ സി ബി ട്രക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായും കത്തിയമര്‍ന്നതാണ് കൂടുതല്‍ പേരുടെ മരണത്തിനിടിയാക്കിയത്. റിയാദിലെ ബംഗ്ലാദേശി സ്വദേശികള്‍ നടത്തുന്ന ഉംറ ഗ്രൂപ്പാണ് ഉംറ യാത്ര സംഘടിപ്പിച്ചത്.

റിയാദില്‍ നിന്നും 39 യാത്രക്കാരുമായി പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള അല്‍-അഖാലില്‍ വെച്ചാണ് അപകടം നടന്നത്. മരണപ്പെട്ടവരെല്ലാം ഏഷ്യക്കാരാണ്. ഇവരില്‍ ഒരു ഹൈദരാബാദ് സ്വദേശിയുമുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ പരുക്കേറ്റ് ചികിത്സയിലാണ്. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉംറ നിര്‍വഹിക്കാന്‍ യാത്ര തിരിച്ചവരാണ് അപകടത്തിനിരയായത്. അപകടത്തില്‍ പെട്ടവരിലേറെയും പാകിസ്ഥാന്‍-ബംഗ്ലാദേശ് സ്വദേശികളാണ്. സിറിയന്‍ വംശജനായ ബസ് ഡ്രൈവറും മരിച്ചിട്ടുണ്ട്. പരുക്കേറ്റ ജെ സി ബി ട്രക്ക് ഡ്രൈവറും ആശുപത്രിയിലാണ്.

34 പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചതെന്ന് അല്‍-ഹംന മെഡിക്കല്‍ കോംപ്ലക്‌സ് ഡയറക്ടര്‍ ദൈഫല്ല അല്‍ ശലാഹി പറഞ്ഞു. അപകടത്തില്‍ പെട്ടവരെ ഉടന്‍ തന്നെ മദീനയിലെ അല്‍ ഹംന, വാദി അല്‍ ഫര്‍അ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടം നടന്ന ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിയ സഊദി സിവില്‍ ഡിഫന്‍സ്, സഊദി റെഡ് ക്രസന്റ്, പോലീസ് സുരക്ഷാ വകുപ്പുകള്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി മദീനയിലെ സഊദി റെഡ് ക്രസന്റ് വക്താവ് ഖാലിദ് ബിന്‍ മുസയ്ദ് അല്‍ സഹ്‌ലി പറഞ്ഞു. മദീനയില്‍ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ ബസ് അപകടമാണ് ഉണ്ടായത്. സംഭവത്തെ കുറിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായി മദീന പോലീസ് വക്താവ് പറഞ്ഞു.

സാന്ത്വനവുമായി മദീന ഗവര്‍ണര്‍
അപകടത്തില്‍ പെട്ട് മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനും ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും സന്ദര്‍ശിച്ചു. ആശുപത്രിയിലെത്തിയ ഗവര്‍ണര്‍ പരുക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സകളും നല്‍കാന്‍ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.